'അടുത്ത വിവാഹത്തിന് തമിഴ്നാടിന് മുഴുവൻ ക്ഷണമുണ്ടാകും... പോസ്റ്ററും അടിക്കും'; ആരാധകരോട് വനിത വിജയകുമാർ!
പ്രണയം, വിവാഹം, ലിവിങ് റിലേഷൻ, വിവാഹമോചനം എന്നിവ സിനിമാ മേഖലയിൽ സർവസാധാരണമാണ്. സെലിബ്രിറ്റികളുടെ ജീവിതത്തിൽ ഇവയെല്ലാം സംഭവിക്കുമ്പോൾ അത് അതിവേഗത്തിൽ വാർത്തയാകാറുമുണ്ട്. അത്തരത്തിൽ സ്വകാര്യ ജീവിതത്തിൽ സംഭവിച്ച പലവിധ കാരണങ്ങളാൽ പലപ്പോഴായി വാർത്തയിൽ നിറഞ്ഞ് നിന്നിട്ടുള്ള നടിയാണ് വനിത വിജയകുമാർ. സിനിമാ, സീരിയൽ, ടെലിവിഷൻ പരിപാടികൾ വഴി കരിയറിൽ മുന്നോട്ടുപോകുമ്പോഴും സ്വകാര്യ ജീവിതത്തിലുണ്ടായ വിവാദങ്ങൾ വനിതയ്ക്ക് ഒരു വിവാദനായികാ പ്രതിച്ഛായയും നൽകിയിട്ടുണ്ട്.
നാൽപ്പത്തിമൂന്നുകാരിയായ വനിത തമിഴിലെ മുതിർന്ന നടൻ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളാണ്. കുട്ടിക്കാലം മുതൽ വനിത അഭിനയിക്കുന്നുണ്ട്. വിജയ്‌യ്‌ക്കൊപ്പം ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ശേഷം നിരവധി സിനിമകളിൽ വനിത അഭിനയിച്ചു. അതിലൊന്ന് മലയാള സിനിമ ഹിറ്റ്ലർ ബ്രദേഴ്സാണ്.

ഇതിനോടകം നാല് തവണ വിവാഹിതയായിട്ടുണ്ട് വനിത. നാല് പങ്കാളികളിൽ നിന്നും അവർ പിന്നീട് വിവാഹമോചനം നേടി. 2000ൽ നടൻ ആകാശിനെയാണ് താരം ആദ്യം വിവാഹം ചെയ്തത്. ശേഷം 2006ൽ വിവാഹമോചനം നേടി. ആ ബന്ധത്തിൽ ശ്രീഹരി എന്നൊരു മകനും ജോവിക എന്നൊരു മകളും വനിതയ്ക്കുണ്ട്. വിവാഹമോചനത്തിനുശേഷം മകൻ ആകാശിനൊപ്പവും മകൾ വനിതയുടെ സംരക്ഷണയിലുമാണ്.
പിന്നീട് 2007ൽ വ്യവസായിയായ ആനന്ദ് രാജുമായി വിവാഹം നടന്നെങ്കിലും 2012ൽ വേർപിരിഞ്ഞു. ആ ബന്ധത്തിലും വനിതയ്ക്ക് ഒരു മകളുണ്ട്. ആ കുഞ്ഞും വനിതയുടെ സംരക്ഷണയിലാണ് വളരുന്നത്. ശേഷം 2013ൽ നൃത്ത സംവിധായകനായ റോബർട്ടുമായി ജീവിതമാരംഭിച്ച വനിത 2017ലാണ് ബന്ധം ഉപേക്ഷിച്ചത്.
ശേഷം 2020 ജൂണിൽ പീറ്റർ പോൾ എന്ന വ്യക്തിയുമായി വനിതയുടെ വിവാഹം നടന്നെങ്കിലും മൂന്ന് മാസങ്ങൾ പിന്നിടുമ്പോഴേയ്ക്കും ആ ബന്ധവും ഇല്ലാതായി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് പീറ്റർ അന്തരിച്ചത്. കുറച്ചുനാളുകളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പീറ്റര്‍ അമിതമായ മദ്യപാനത്തിനും പുകവലിക്കും അടിമയായിരുന്നുവെന്നും അതിനെത്തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയും പീറ്ററിന്റെ ആദ്യ ഭാര്യ എലിസബത്തിനെയും മകനെയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ലെന്നും വനിത വ്യക്തമാക്കിയിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിക്കാതെ വീണ്ടും പുകവലി തുടങ്ങി രോഗിയായ പീറ്ററിന്റെ ആശുപത്രി ബില്ലും മറ്റുമായി 15 ലക്ഷത്തോളം രൂപ ചെലവായെന്നും വനിത പറഞ്ഞിരുന്നു.

പീറ്റര്‍ മദ്യപാനം നിര്‍ത്താന്‍ തയ്യാറാവാത്തതിനാല്‍ വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്നും വനിത നേരത്തെ വ്യക്തമാക്കിയിരുന്നു. പീറ്ററുമായുള്ള വിവാഹ ജീവിതവും തകർന്നതോടെ തന്നോടൊപ്പം താമസിക്കുന്ന മൂന്ന് മക്കൾക്ക് വേണ്ടിയാണ് ഇനിയുള്ള കാലം ജീവിക്കുന്നതെന്നും കുറച്ച് നാളുകൾക്ക് മുമ്പ് വനിത ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
എന്നാൽ നടി ഷക്കീലയുമായുള്ള അഭിമുഖത്തിൽ താൻ വീണ്ടും വിവാഹിതയായെന്ന രഹസ്യം വനിത പങ്കിട്ടതും ചർച്ചയായിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് തെലുങ്ക് മാധ്യമങ്ങളെ കണ്ടപ്പോൾ വിവാഹം കഴിക്കാൻ പദ്ധതിയില്ലേ എന്ന ചോദ്യത്തെ നേരിടേണ്ടി വന്നു. നിങ്ങളെ ആരെയും അറിയിക്കാതെ ഞാൻ എന്റെയൊരു പഴയ പങ്കാളിയെ വിവാഹം ചെയ്തുവെന്നവർക്ക് ഞാൻ മറുപടിയും നൽകി എന്നായിരുന്നു വനിതയുടെ വെളിപ്പെടുത്തൽ.
ഇപ്പോഴിതാ ഇനിയൊരു വിവാഹമുണ്ടാകുമോയെന്ന ആരാധകരുടെ ചോദ്യത്തിന് വനിത നൽകിയ ഏറ്റവും പുതിയ മറുപടിയാണ് വൈറലാകുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരുമായി സംവദിക്കവെയാണ് വിവാഹത്തെ കുറിച്ച് വനിത സംസാരിച്ചത്.
അടുത്ത വിവാഹം എപ്പോഴാണെന്ന് പറയൂ... മറക്കാതെ ഞങ്ങളെയെല്ലാം ക്ഷണിക്കണേ എന്നായിരുന്നു ആരാധകൻ വനിതയോട് പറഞ്ഞത്. അതിന് നടി നൽകിയ മറുപടി ഇങ്ങനെയായിരുന്നു... അടുത്ത വിവാഹത്തിന് തമിഴ്നാടിന് മുഴുവൻ ക്ഷണമുണ്ടാകും... പോസ്റ്ററും അടിക്കും എന്നായിരുന്നു. ബിഗ് ബോസ് തമിഴ്, കുക്ക് വിത്ത് കോമാളി എന്നിവയിലെയും മത്സരാർത്ഥിയായിരുന്നു വനിത.


Click it and Unblock the Notifications