'മറ്റുള്ളവർ കുറ്റപ്പെടുത്തുന്നത് കേട്ട് വിഷമിക്കില്ല... നമുക്ക് വേണ്ടിയായിരിക്കണം ജീവിക്കേണ്ടത്'; വരലക്ഷ്മി
തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും തന്റേതായ ഒരിടം നേടിയെടുത്ത താരമാണ് വരലക്ഷ്മി ശരത്കുമാര്‍. തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായ വരലക്ഷ്മി അച്ഛന്‍ ശരത്കുമാറിന്റെ പാതയിലൂടെയാണ് സിനിമയിലെത്തുന്നത്. വളരെ കുറച്ച് മലയാളം സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്. 2012ൽ പോടാ പൊടി എന്ന ചിത്രത്തിലൂടെയാണ് വരലക്ഷ്മി അഭിനയത്തിലേക്ക് എത്തിയത്. വിഘ്‌നേഷ് ശിവൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു ഇത്.
ആദ്യ ചിത്രത്തിലെ വരലക്ഷ്മി ശരത്കുമാറിൻ്റെ പ്രകടനവും നൃത്തവും പ്രേക്ഷകർ ശ്രദ്ധിച്ചെങ്കിലും തമിഴിൽ അവർക്ക് പ്രതീക്ഷിച്ച അവസരങ്ങൾ പിന്നീട് ലഭിച്ചില്ല. ശേഷം വരലക്ഷ്മിക്ക് തറൈതപട്ടൈയിലൂടെ തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ചിത്രം സംവിധാനം ചെയ്തത് ബാലയായിരുന്നു.

ഈ ചിത്രത്തിൻ്റെ വിജയത്തിന് ശേഷം വിക്രം വേദ, നിബുനൻ, സത്യ, ജാഗ്രത, സണ്ടൈക്കോഴി 2 തുടങ്ങിയ നിരവധി ചിത്രങ്ങളിൽ നടി അഭിനയിച്ചു. നായികയായി മാത്രം അഭിനയിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് വരലക്ഷ്മി പലപ്പോഴായി പറഞ്ഞിട്ടുള്ളത് അതുകൊണ്ട് തന്നെ വില്ലത്തിയായും ക്യാരക്ടർ ആർട്ടിസ്റ്റായുമെല്ലാം നല്ല വേഷങ്ങൾ വരലക്ഷ്മിയെ തേടിയെത്തി. ഇപ്പോൾ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ സീജവമാണ് വരലക്ഷ്മി.
രണ്ടാഴ്ച മുമ്പായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം നടന്നത്. വളരെ അപ്രതീക്ഷിതമായിട്ടാണ് തന്റെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം വരലക്ഷ്മി വെളിപ്പെടുത്തിയത്. കഴിഞ്ഞ പതിനാല് വര്‍ഷമായി സുഹൃത്തായിരുന്ന നിക്കോളായ് സച്ച്‌ദേവാണ് വരലക്ഷ്മിയുടെ വരന്‍. അതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു.
നിക്കോളായ്ക്ക് മുമ്പും വരലക്ഷ്മിക്ക് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. ഇടക്കാലത്ത് വിശാലുമായി പ്രണയത്തിലായിരുന്നു നടി. പക്ഷെ ആ പ്രണയത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ഇരുവരും വേർപിരിഞ്ഞു. അതിനുശേഷമാണ് നിക്കോളായ് വരലക്ഷ്മിയുടെ ജീവിതത്തിലേക്ക് വന്നത്. 15 വയസ്സുള്ള ഒരു മകളുടെ പിതാവാണ് നിക്കോളായ് സച്ച്ദേവ്. 43 കാരനായ അദ്ദേഹം മുംബൈയിൽ ഒരു ആർട്ട് ഗാലറി നടത്തുകയാണ്.
രണ്ടാംകെട്ടുകാരനെയാണ് വരലക്ഷ്മി വിവാഹം കഴിക്കാൻ പോകുന്നതെന്ന് അറിഞ്ഞതോടെ ആരാധകരെല്ലാം താരത്തെ വിമർശിച്ചെത്തി. ഇപ്പോഴിതാ വിമർശനങ്ങൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് വരലക്ഷ്മി. 'മറ്റുള്ളവർ എന്നെക്കുറിച്ച് എന്താണ് പറയുന്നതെന്ന് കേട്ട് ഞാൻ എപ്പോഴും അത്ഭുതപ്പെടുന്നു... ഞാൻ വിഷമിക്കില്ല.'

'സ്ത്രീകൾ മറ്റുള്ളവർ തന്നെ കുറിച്ച് പറയുന്നതിനെ ഓർത്ത് വിഷമിക്കാതെ എപ്പോഴും ധൈര്യമുള്ളവരായിരിക്കണം. നിങ്ങൾക്കായി ജീവിക്കുക. ഇത് ചെയ്യരുത്... അത് ചെയ്യരുത് എന്ന് പറയുന്നവർ എപ്പോഴും ചുറ്റിലുമുണ്ടാകില്ല. നിങ്ങളുടെ ജീവിതത്തിൽ നിങ്ങളോടൊപ്പം നിൽക്കുക നിങ്ങൾ മാത്രമാണ്', എന്നാണ് തന്നെ കുറിച്ച് വരുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ച് വരലക്ഷ്മി പറഞ്ഞത്. നടിയുടെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ എത്തുന്നുണ്ട്.
ഈ വർഷാവസാനത്തോടെ വിവാഹമുണ്ടാകുമെന്നും വൈകാതെ ഇരുവരും വിവാഹ തീയതി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ശരത്‌കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് 38കാരിയായ വരലക്ഷ്മി. ഈ ബന്ധത്തിൽ വരലക്ഷ്മിക്ക് പുറമെ പൂജ എന്ന മകൾ കൂടി ഇവര്‍ക്കുണ്ട്.


Click it and Unblock the Notifications