'കല്യാണ കാസറ്റ് പ്രൊമോട്ട് ചെയ്യാനാണോ'; ഒന്നിന് പിറകെ ഒന്നായി പ്രശ്നം; ഒടുവിൽ സോഷ്യൽമീഡിയ വിട്ട് വിഘ്നേശ്
തുടരെ ചർച്ചകളിൽ നിറയുകയാണ് സംവിധായകൻ വിഘ്നേശ് ശിവൻ. നയൻതാര ബിയോണ്ട് ദ ഫെയറി ടെയിൽ എന്ന സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ വിഘ്നേശിന് പ്രശംസകൾ ഏറെ വന്നു. നയൻതാരയുടെ ജീവിതത്തിൽ വിഘ്നേശ് കൊണ്ട് വന്ന സന്തോഷങ്ങൾ ഏവരും ചൂണ്ടിക്കാട്ടി. അതേസമയം വിഘ്നേശിന് നേരെ പരിഹാസങ്ങളും വന്നു. ഭാര്യയുടെ ചൊൽപ്പടിക്ക് നിൽക്കുന്ന വിഘ്നേശിന് വിവാഹ ജീവിതത്തിൽ സ്വന്തമായി അഭിപ്രായങ്ങളോ തീരുമാനങ്ങളോ ഇല്ലെന്ന് ചിലർ കുറ്റപ്പെടുത്തി.
ഡോക്യുമെന്ററിക്ക് പിന്നാലെയുണ്ടായ സംഭവങ്ങൾ വിഘ്നേശിന് നേരെ വരുന്ന സൈബറാക്രമണങ്ങൾക്ക് കാരണമാണ്. ഭാര്യ നയൻതാര നടൻ ധനുഷിനെതിരെ തുറന്ന പോരിന് തുടക്കമിട്ടു. വിഘ്നേശ് ഇതിനെ പിന്തുണയ്ക്കുകയും ധനുഷിനെ വിമർശിച്ചും പരിഹസിച്ചും കൊണ്ട് പോസ്റ്റുകളുമിട്ടു. ഇതോടെയാണ് സംവിധായകന് നേരെ കടുത്ത സൈബർ ആക്രമണം വന്നത്.

ഇപ്പോഴിതാ തന്റെ ട്വിറ്റർ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തിരിക്കുകയാണ് വിഘ്നേശ്. കാരണമൊന്നും പറയാതെയാണ് വിഘ്നേശ് അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ സംഭവവും ഇതിന് കാരണമായിരിക്കാമെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായം വരുന്നുണ്ട്. ഗലാട്ട പ്ലസ് മെഗാ പാൻ ഇന്ത്യ ഡയറക്ടേർസിന്റെ അഭിമുഖം കഴിഞ്ഞ ദിവസം നടന്നു. വിഘ്നേശ് ശിവൻ, ലിജോ ജോസ് പെല്ലിശ്ശേരി, ചിദംബരം, രാജ്കുമാർ പെരിയസ്വാമി തുടങ്ങിയ സംവിധായകർ അഭിമുഖത്തിൽ പങ്കെടുത്തു.
അഭിമുഖത്തിൽ വിഘ്നേശിന്റെ സാന്നിധ്യം വ്യാപക വിമർശനത്തിനിടയാക്കി. അടുത്ത കാലത്തൊന്നും ഹിറ്റുകളില്ലാത്ത സംവിധായകനാണ് വിഘ്നേശ് ശിവൻ. നിരൂപക പ്രശംസ ലഭിച്ച സിനിമകളുമില്ല. പിന്നെ വിഘ്നേശ് എന്തിന് അതിഥിയായെത്തി എന്ന ചോദ്യങ്ങൾ വന്നു. കല്യാണ കാസറ്റ് പ്രൊമോട്ട് ചെയ്യാൻ വന്നതാണോ എന്നൊക്കെ പരിഹാസ കമന്റുകളും വന്നു.

ഇതിന് പിന്നാലെയാണ് വിഘ്നേശ് സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുന്നത്. വിഘ്നേശിന്റെ മനസ് വിഷമിക്കുന്നത് തനിക്ക് സഹിക്കാൻ പറ്റില്ലെന്ന് നയൻതാര ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. ഏത് സാഹചര്യത്തെയും തനിക്ക് നേരിടാൻ പറ്റും. എന്നാൽ വിഘ്നേശിന് വിഷമം വന്നാൽ തന്നെയത് ബാധിക്കുമെന്നും നയൻതാര പറഞ്ഞു.
രണ്ട് വർഷം കാത്തിരുന്ന ഡോക്യുമെന്ററി പുറത്തിറങ്ങിയതിന് പിന്നാലെയാണ് താര ദമ്പതികൾക്ക് നേരെ സോഷ്യൽ മീഡിയയിൽ വിമർശനം കടുക്കുന്നത്. കരിയറിലെ മോശം കാലഘട്ടത്തിലൂടെയാണ് വിഘ്നേശ് ശിവൻ ഇന്ന് കടന്ന് പോകുന്നത്. അജിത്ത് കുമാറിനെ നായകനാക്കി ചെയ്യാനിരുന്ന സിനിമയിൽ നിന്നും വിഘ്നേശിന് പിന്മാറേണ്ടി വന്നു.
വിഘ്നേശിന്റെ കഥയിൽ പ്രൊഡക്ഷൻ ഹൗസ് അതൃപ്തി പ്രകടിപ്പിച്ചതോടെയായിരുന്നു തീരുമാനം. ഇത് സംവിധായകന്റെ കരിയറിലുണ്ടാക്കിയ കോട്ടം ചെറുതല്ല. ശക്തമായ തിരിച്ച് വരവ് വിഘ്നേശിന് ഇന്ന് അനിവാര്യമാണ്. ലൗ ഇൻഷുറൻസ് കമ്പനി എന്ന സിനിമയിലൂടെ തിരിച്ച് വരവ് നടത്താനുള്ള ശ്രമത്തിലാണ് വിഘ്നേശ് ശിവൻ. മറുവശത്ത് നയൻതാരയ്ക്കും കരിയറിൽ ഇത് നല്ല സമയമല്ല. അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ മിക്ക സിനിമകളും പരാജയപ്പെട്ടു. ജവാൻ ഹിറ്റായെങ്കിലും ചിത്രത്തിൽ നടിയുടെ കഥാപാത്രത്തിന് പ്രാധാന്യം ഇല്ലായിരുന്നു.


Click it and Unblock the Notifications