അന്ന് വിവാഹം കഴിക്കാൻ തീരുമാനിച്ചതായിരുന്നു; വൈകിപ്പോയതിന് കാരണം; നയൻസുമായുള്ള വിവാഹത്തെക്കുറിച്ച് വിഘ്നേശ്
തെന്നിന്ത്യൻ സിനിമയിലെ പ്രിയ താര ദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. ലേഡി സൂപ്പർ സ്റ്റാറായ നയൻതാര കരിയറിൽ എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരത്തിൽ നിൽക്കവെയാണ് താരതമ്യേന അധികം സിനിമകളൊന്നും ചെയ്തിട്ടില്ലാത്ത വിഘ്നേശ് ശിവനെ വിവാഹം കഴിക്കുന്നത്. നാനും റൗഡി താൻ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. വിഘ്നേശിന് സംവിധായകനെന്ന നിലയിൽ കരിയറിൽ ബ്രേക്ക് നൽകിയ സിനിമയായിരുന്നു ഇത്. നയൻതാരയ്ക്ക് വൻ പ്രേക്ഷക പ്രശംസ ഈ സിനിമയിലൂടെ ലഭിച്ചു.
സിനിമയുടെ രണ്ടാം ഷെഡ്യൂളിലേക്ക് കടക്കുമ്പോഴേക്കും നയൻതാരയും വിഘ്നേശും പ്രണയത്തിലായി. കുറച്ച് നാളുകൾക്കുള്ളിൽ ഇവരുടെ പ്രണയം മാധ്യമങ്ങളറിയുകയും ചെയ്തു. കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും മഹാബലിപുരത്ത് വെച്ച് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിട്ടപ്പോഴേക്കും ഇരുവർക്കും ഇരട്ടക്കുട്ടികളും പിറന്നു. വാടക ഗർഭധാരണത്തിലൂടെയാണ് നയൻസും വിഘ്നേശും കുഞ്ഞിനെ സ്വീകരിച്ചത്.

വാടക ഗർഭധാരണത്തിന്റെ ചട്ടങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കാൻ തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത് ഇടയ്ക്ക് വിവാദമായി. താരങ്ങൾ സമർപ്പിച്ച രേഖകൾ പരിശോധിച്ച സർക്കാർ നിയമ ലംഘനം നടന്നിട്ടില്ലെന്ന് വ്യക്തമായി. ഇതോടെയാണ് ആഴ്ചകൾ നീണ്ട വിവാദം അവസാനിച്ചത്. ഉയിർ, ഉലകം എന്നിങ്ങനെയാണ് കുട്ടികൾക്ക് നൽകിയിരിക്കുന്ന പേര്. തങ്ങൾ പരസ്പരം സ്നേഹത്തോടെ വിളിച്ചിരുന്ന പേരാണ് ഇതെന്ന് വിഘ്നേശ് അടുത്തിടെയാണ് തുറന്ന് പറഞ്ഞത്.
തന്റെ വിവാഹ സമയത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് വിഘ്നേശിപ്പോൾ. തങ്ങളുടെ വിവാഹം നേരത്തെ നടക്കേണ്ടതായിരുന്നെന്നും എന്നാൽ ചില കാരണങ്ങളാൽ വൈകിയതാണെന്നും വിഘ്നേശ് പറയുന്നു. ഗലാട്ട തമിഴ് ചാനലിൽ സംസാരിക്കുകയായിരുന്നു വിഘ്നേശ്. 'കാത്തുവാക്ക്ല രണ്ട് കാതൽ എന്ന സിനിമ ചെയ്ത ശേഷം കല്യാണം കഴിക്കാമെന്നായിരുന്നു'
'അപ്പോഴാണ് കൊവിഡ് വന്നത്. 2019 ൽ സിനിമ സ്റ്റാർട്ട് ചെയ്തു. 2020 ൽ വിവാഹം കഴിക്കാനായിരുന്നു തീരുമാനം. ആ വർഷം കൊവിഡ് വന്നു. അതിന് ശേഷം സിനിമ പൂർത്തിയാക്കിയ ശേഷം ഒരു മാസത്തിനുള്ളിൽ വിവാഹം ചെയ്തു,' വിഘ്നേശ് ശിവൻ പറഞ്ഞു.
ചെന്നെെയിലെ മഹാബലി പുരത്ത് വെച്ചായിരുന്നു നയൻതാര വിഘ്നേശ് ശിവൻ വിവാഹം നടന്നത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുൾപ്പെടെ വിവാഹത്തിനെത്തി. വിവാഹത്തിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. 2022 ലാണ് കാത്തുവാക്ക്ല രണ്ട് കാതൽ എന്ന സിനിമ റിലീസ് ചെയ്തത്. നയൻതാര, സമാന്ത വിജയ് സേതുപതി എന്നിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ചെയ്തത്.

സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സിനിമ സ്ത്രീ വിരുദ്ധമാണെന്ന് ആരോപിച്ച് വിഘ്നേശ് ശിവന് വിമർശനവും വന്നിരുന്നു. തൃഷയായിരുന്നു സമാന്തയ്ക്ക് പകരം ആദ്യം ആലോചിച്ച നടി. തൃഷ പിൻമാറിയ ശേഷമാണ് സമാന്ത ഈ റോളിലേക്ക് എത്തുന്നത്.
സിനിമ തുടങ്ങാനിരിക്കെയാണ് തൃഷ പിൻമാറിയതെന്ന് വിഘ്നേശ് ശിവൻ നേരത്തെ വ്യക്തമാക്കിയിരുന്നു. നയൻതാര നായികയായ സിനിമയിൽ പ്രാധാന്യം ലഭിക്കുമോ എന്ന ആശങ്കയാണ് തൃഷയുടെ പിൻമാറ്റത്തിന് കാരണമായതെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.
എന്നാൽ ഇതിനെക്കുറിച്ച് തൃഷ പ്രതികരിച്ചിട്ടില്ല. നയൻതാരയും വിഘ്നേശും കുടുംബ ജീവിതത്തിനൊപ്പം തന്നെ കരിയറിന്റെയും തിരക്കുകളിലാണ്. ജവാനാണ് നയൻതാരയുടെ ഷൂട്ട് നടന്ന് കൊണ്ടിരിക്കുന്ന സിനിമ. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖ് ഖാനാണ് നായകൻ. നയൻതാരയും ഷാരൂഖും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്.


Click it and Unblock the Notifications