വിജയ്ക്കും ഭാര്യക്കും ഇടയിലെ പ്രശ്നത്തിന് കാരണം തൃഷയോ?; ദമ്പതികൾക്കിടയിൽ സംഭവിച്ചത്; ബയിൽവൻ
വർഷങ്ങൾ നീണ്ട സിനിമാ കരിയറിൽ പല വിധ ഗോസിപ്പുകൾ വിജയ്നെക്കുറിച്ച് വന്നിട്ടുണ്ട്. എന്നാൽ അടുത്ത കാലത്തായി ഇതിന്റെ ആക്കം കൂടുതലാണ്. അച്ഛനുമായി അകൽച്ച, ഭാര്യ സംഗീതയുമായി വേർപിരിയുന്നു തുടങ്ങിയ പ്രചരണങ്ങളാണ് നടനെക്കുറിച്ച് തമിഴ് സിനിമാ മാധ്യമങ്ങളിൽ വരുന്നത്. പൊതുവെ ഗോസിപ്പുകളെക്കുറിച്ചൊന്നും വിജയ് പ്രതികരിക്കാറില്ല. രാഷ്ട്രീയ പ്രവേശന നീക്കങ്ങൾ സജീവായിരിക്കെയാണ് നടനെതിരെ ഇത്തരം പ്രചരണങ്ങൾ കടുത്തത്.
ഏറെ നാളായി പൊതുവേദികളിൽ വിജയുടെ ഭാര്യ സംഗീതയെ നടനൊപ്പം കാണാറില്ല. വാരിസ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് നടന്റെ അച്ഛനും അമ്മയും ഉൾപ്പെടെ വന്നെങ്കിലും സംഗീത എത്തിയില്ല. ഇതോടെയാണ് അഭ്യൂഹങ്ങൾ കടുത്തത്. പിന്നാലെ നടി തൃഷയുടെ പേരും ഗോസിപ്പുകളിൽ വന്നു. വർഷങ്ങൾക്ക് ശേഷം ലിയോ എന്ന ചിത്രത്തിൽ നായികാ നായകൻമാരായി അഭിനയിക്കുകയാണ് വിജയും തൃഷയും. ഇതുമായി കൂട്ടിച്ചേർത്താണ് ഗോസിപ്പുകൾ വന്നത്.

വിജയ് തൃഷയുമായി കടുത്ത പ്രണയത്തിലാണെന്നും സംഗീതയുമായി പിരിയാനുള്ള ഒരുക്കത്തിലാണ് നടനെന്നും അഭ്യൂഹങ്ങൾ വന്നു. ഇതിനിടെ തൃഷയ്ക്കൊപ്പമുള്ള ഒരു ഫോട്ടോ കൂടി പുറത്ത് വന്നതോടെ ഗോസിപ്പുകൾ വീണ്ടും കടുത്തു. യഥാർത്ഥത്തിൽ ലിയോ എന്ന സിനിമയുടെ വിദേശത്തെ ഷൂട്ടിംഗിനിടെയുള്ള ഫോട്ടോയായിരുന്നു ഇത്. വിജയ്-സംഗീത വേർപിരിയൽ ഗോസിപ്പുകളെക്കുറിച്ച് വിവാദ തമിഴ് മാധ്യമപ്രവർത്തകൻ ബയിൽവൻ രംഗനാഥൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
നടനും ഭാര്യയും തമ്മിൽ ഒരു പ്രശ്നവും ഇല്ലെന്നും ഇരുവരും സന്തോഷകരമായി ജീവിക്കുകയാണെന്നും ബയിൽവൻ രംഗനാഥൻ പറയുന്നു. ലൈം ലൈറ്റിൽ നിന്നും മാറി നിൽക്കാൻ ആഗ്രഹിക്കുന്നയാളാണ് സംഗീത. മാധ്യമങ്ങൾക്ക് താരപത്നി മുഖം കൊടുക്കാറില്ല. ഇതാദ്യമായല്ല വിജയ്ക്കൊപ്പം തൃഷയുടെ പേര് ഉയർന്ന് കേൾക്കുന്നത്.

2005 ൽ ഗില്ലി എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ച ശേഷം ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നു. രണ്ട് പേരും കോളിവുഡിലെ ഹിറ്റ് ജോഡിയായി മാറിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അന്ന് സംഗീതയ്ക്ക് ഇതിൽ അസ്വസ്ഥത തോന്നിയെന്നും തൃഷയെ വിജയ് സിനിമകളിൽ നിന്ന് മാറ്റി നിർത്തിയെന്നും ഗോസിപ്പുകൾ വന്നിരുന്നു.
വിജയുമായി തനിക്ക് സുഹൃത്ത് എന്നതിനപ്പുറം ബന്ധമൊന്നും ഇല്ലെന്ന് അക്കാലത്ത് തൃഷ വ്യക്തമാക്കിയിട്ടുണ്ട്. പതിനാല് വർഷങ്ങൾക്ക് ശേഷം വിജയ്ക്കൊപ്പം വീണ്ടും അഭിനയിക്കുകയാണ് തൃഷ. നടിയുടെ വ്യക്തി ജീവിതം പലപ്പോഴായി ചർച്ചയായിട്ടുണ്ട്. നടൻ റാണ ദഗുബതിയുമായി താരം പ്രണയത്തിലായിരുന്നു. എന്നാൽ കുറച്ച് നാളുകൾക്കുള്ളിൽ ഈ ബന്ധം അവസാനിച്ചു. ഇതേക്കുറിച്ച് ഇരുവരും തുറന്ന് പറഞ്ഞിട്ടുമുണ്ട്.
2015 ൽ വ്യവസായി വരുൺ മന്യനുമായി തൃഷയുടെ വിവാഹം നടക്കാനിരുന്നതാണ്. എന്നാൽ നിശ്ചയിച്ച വിവാഹത്തിൽ നിന്നും ഇരുവരും പിന്മാറി. പിന്നീടൊരു വിവാഹത്തിന് തൃഷ തയ്യാറായിട്ടില്ല. വിവാഹ മോചനത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും അനുയോജ്യമായ ആളെ കണ്ടാലേ വിവാഹം കഴിക്കൂ എന്നും നടി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ കരിയറിന്റെ തിരക്കിലാണ് നടി.
പൊന്നിയിൻ സെൽവൻ സിനിമയുടെ വിജയം തൃഷയുടെ കരിയറിൽ വലിയ ചലനമാണുണ്ടാക്കിയിരിക്കുന്നത്. കുന്ദവി എന്ന കഥാപാത്രത്തെയാണ് സിനിമയിൽ തൃഷ അവതരിപ്പിച്ചത്. ലിയോയ്ക്ക് പുറമെ മലയാളത്തിൽ റാം, ഐഡന്റിറ്റി എന്നീ സിനിമകളിലും തൃഷ നായികയായെത്തും. നേരത്തെ ഹെയ് ജൂഡ് എന്ന മലയാള ചിത്രത്തിൽ തൃഷ അഭിനയിച്ചിട്ടുണ്ട്. തൃഷയുടെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications