തുപ്പാക്കി 2വുമായി ദളപതി വിജയും മുരുകദോസും! ആരാധകര്‍ ആവേശത്തില്‍
ദളപതി വിജയുടെ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. തമിഴ് സൂപ്പര്‍ താരത്തിന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്, അറ്റ്‌ലീ സംവിധാനം ചെയ്ത ബിഗിലാണ് ദളപതിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ബിഗിലിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ബിഗിലിന് പിന്നാലെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററാണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്.

സിനിമയുടെ റിലീസ് കൊറോണ കാരണം നേരത്തെ മാറ്റിവെച്ചിരുന്നു. ഇതിനിടെ വിജയുടെ പുതിയൊരു ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം സംവിധായകന്‍ ഏആര്‍ മുരുകദോസാണ് വിജയെ നായകനാക്കി ചിത്രമൊരുക്കുന്നത്. വിജയുടെ പുതിയ സിനിമ സൂപ്പര്‍ഹിറ്റ് ചിത്രം തുപ്പാക്കിയുടെ രണ്ടാം ഭാഗമാണ്. 2012ലാണ് ആക്ഷന്‍ ത്രില്ലറായ തുപ്പാക്കി പുറത്തിറങ്ങിയത്. തിയ്യേറ്ററുകളില്‍ വലിയ വിജയമായ സിനിമ വിജയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു.
ഏട്ട് വര്‍ഷത്തിന് ശേഷമാണ് സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം വരുന്നത്. നവംബറില്‍ തുപ്പാക്കി 2വിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാജല്‍ അഗര്‍വാള്‍ തന്നെയാകും ഇത്തവണയും വിജയുടെ നായികയായി എത്തുക. ഹാരിസ് ജയരാജിന് പകരം എസ് തമന്‍ തുപ്പാക്കി 2 വിന്റെ സംഗീതമൊരുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍ പിക്‌ചേഴ്‌സാകും ചിത്രം നിര്‍മ്മിക്കുക. തുപ്പാക്കി 2 അടുത്ത വര്‍ഷം ദീപാവലി റിലീസായി തിയ്യേറ്ററുകളിലെത്തിക്കാനാണ് സംവിധായകന്‍ ശ്രമിക്കുന്നതെന്നും അറിയുന്നു. വിജയുടെ കരിയറിലെ 65ാമത്തെ ചിത്രം കൂടിയാകും തുപ്പാക്കി 2. വിജയ്‌യെ നായകനാക്കി സര്‍ക്കാര്‍ എന്ന ചിത്രമാണ് മുരുകദോസ് ഒടുവില്‍ സംവിധാനം ചെയ്തത്. രജനീകാന്ത് പോലീസ് വേഷത്തിലെത്തിയ ദര്‍ബാറാണ് സംവിധായകന്റെതായി അടുത്തിടെ തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രം.
ദര്‍ബാറിന് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. ദര്‍ബാറിന് പിന്നാലെയാണ് വിജയ് ചിത്രവുമായി സംവിധായകന്‍ എത്തുന്നത്. നിലവില്‍ സിനിമയുടെ തിരക്കഥ ജോലികള്‍ പൂര്‍ത്തിയായതായും റിപ്പോര്‍ട്ടുകളുണ്ട്. വലിയ ക്യാന്‍വാസില്‍ തന്നെയാകും സംവിധായകന്‍ തുപ്പാക്കി 2 ഒരുക്കുക.


Click it and Unblock the Notifications











