വിജയ്-അറ്റ്‌ലി ചിത്രം ദളപതി 63, അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നിര്‍മാതാവ് അര്‍ച്ചന കല്‍പാത്തി!
എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം സര്‍ക്കാര്‍ ദീപാവലി റിലീസായി തിയറ്ററിലേക്ക് എത്തുകയാണ്. ഈ വാര്‍ത്തകള്‍ക്കിടയിലും ചര്‍ച്ചയായിരിക്കുന്ന പുതിയ വിഷയം സര്‍ക്കാറിന് ശേഷമുള്ള വിജയ് ചിത്രത്തേക്കുറിച്ചാണ്. അറ്റ്‌ലി സംവിധാനം ചെയ്യുന്ന പ്രസ്തുത ചിത്രം എജിഎസ് സിനിമാസ് നിര്‍മിക്കുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. വിജയ് ചിത്രം നിര്‍മിക്കുന്നതിനേക്കുറിച്ച്് ബിഹൈന്‍ഡ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ എജിഎസ് സിഇഒ അര്‍ച്ചന കല്‍പാത്തി വ്യക്തമാക്കുകയുണ്ടായി.
വിജയ് നായകനായി ഒരു ചിത്രമൊരുക്കുയാണെങ്കില്‍ അത് ഗില്ലി, തുപ്പാക്കി എന്നീ ചിത്രങ്ങള്‍ പോലെ ഒരു പക്ക മാസ് ചിത്രമായിരിക്കും. സര്‍ക്കാറിന് ശേഷമുള്ള വിജയ് ചിത്രം നിര്‍മിക്കുന്നത് എജിഎസ് സിനിമാസ് ആണെന്ന് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. വിജയ് ചിത്രം നിര്‍മിക്കുകയെന്നത് ഒരു സ്വപ്‌നമാണ്, അത്തരത്തില്‍ ഒന്ന് സംഭവിക്കാന്‍ ആഗ്രഹിക്കുന്നു. അത് എത്രയും പെട്ടന്ന് സംഭവിക്കുമെന്നാണ് കരുതുന്നത്, അതിനായി കാത്തിരിക്കുകയാണെന്നും അര്‍ച്ചന കല്‍പാത്തി പറഞ്ഞു.

വിജയ് ചിത്രം സംവിധാനം ചെയ്യുന്നത് അറ്റ്‌ലി ആണോ എന്ന ചോദ്യത്തിന്, അതിനേക്കുറിച്ച് തനിക്ക് ധാരണയില്ലെന്നായിരുന്നു അര്‍ച്ചനയുടെ മറുപടി. വിജയ് ചിത്രത്തേക്കുറിച്ച് ഇത്തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുക സ്വാഭാവികമാണ്. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുക എന്നതു വലിയൊരു അംഗീകാരമാണെന്നും അര്‍ച്ചന പറഞ്ഞു.
തെറി, മെര്‍സല്‍ എന്നിവയാണ് അറ്റ്‌ലി-വിജയ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ഇരുചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ ഗംഭീര വിജയം നേടിയിരുന്നു. മെര്‍സല്‍ തിയറ്ററിലെത്തിയ ശേഷം മറ്റൊരു വിജയ് ചിത്രം സംവിധാനം ചെയ്യുന്നതിനേക്കുറിച്ചുള്ള സൂചനകളും അറ്റ്‌ലി നല്‍കിയിരുന്നു. അതേസമയം അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ തെലുങ്ക് താരം രവി തേജയാണ് നായകനെന്നും വാര്‍ത്തകളുണ്ട്. സര്‍ക്കാറിനൊപ്പം തന്നെ അടുത്ത വിജയ് ചിത്രം ആര്‍ക്കൊപ്പമായിരിക്കുമെന്നതും ആരാധകര്‍ ആകാംഷയോടെ ഉറ്റുനോക്കുകയാണ്.


Click it and Unblock the Notifications











