അജിത്തിന്റെ പിറന്നാള്‍ ആഘോഷിച്ച് വിജയ് ആരാധകരും! തരംഗമായി 'നന്‍പര്‍ അജിത്ത്' ഹാഷ്ടാഗ്
തമിഴില്‍ നിരവധി ആരാധകരുളള രണ്ട് സൂപ്പര്‍ താരങ്ങളാണ് തല അജിത്തും ദളപതി വിജയും. ഇരുവരുടെയും സിനിമകള്‍ ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കാറുണ്ട്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമേ ചെയ്യാറുളളുവെങ്കിലും അതിനെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. തല അജിത്തിന്റെ 49ാം പിറന്നാള്‍ ദിനമായിരുന്നു ഇന്ന്.

അജിത്തിന് ആശംസകള്‍ നേര്‍ന്ന് ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം രംഗത്തെത്തിയിരുന്നു. സൂപ്പര്‍ താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടുളള ഹാഷ്ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. അജിത്ത് ഫാന്‍സിന് പിന്നാലെ വിജയ് ആരാധകരും തലയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു.
നന്‍പര്‍ അജിത്ത് എന്ന ഹാഷ്ടാഗിലാണ് വിജയ് ആരാധകര്‍ അജിത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് എത്തിയത്. ട്വിറ്ററില്‍ ഈ ഹാഷ്ടാഗും ട്രെന്‍ഡിംഗായി മാറിയിരിക്കുകയാണ്. കരിയറിന്റെ തുടക്കം മുതല്‍ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് വിജയും അജിത്തും.
ദളപതിയും തലയും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ മാസ്റ്റര്‍ ഓഡിയോ ലോഞ്ചില്‍ അജിത്തിനെക്കുറിച്ച് വിജയ് പറഞ്ഞപ്പോഴും നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. മാസ്റ്ററിന്റെ ചടങ്ങില്‍ വെച്ച് വിജയ് പറഞ്ഞ വാചകമാണ് ആരാധകര്‍ ഇപ്പോള്‍ ഹാഷ്ടാഗ് ആക്കിയിരിക്കുന്നത്. നന്‍പര്‍ അജിത്ത് എന്ന ഹാഷ്ടാഗില്‍ നിരവധി ട്വീറ്റുകളാണ് ട്വിറ്ററില്‍ ഇതുവരെ വന്നിരിക്കുന്നത്.
അതേസമയം വലിമൈ എന്ന ചിത്രമാണ് തല അജിത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. തീരന്‍ അധികാരം ഒണ്‍ട്രു സംവിധാനം ചെയ്ത എച്ച് വിനോദാണ് വലിമൈ സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം വിശ്വാസം, നേര്‍കൊണ്ട പാര്‍വൈ തുടങ്ങിയ സിനിമകള്‍ അജിത്തിന്റെതായി വലിയ വിജയം നേടിയിരുന്നു.
തുടര്‍ച്ചയായ വിജയചിത്രങ്ങളിലൂടെ തമിഴില്‍ താരമൂല്യം കൂടിയ സൂപ്പര്‍ താരമാണ് അജിത്ത്. മാസ് എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളുമായിട്ടാണ് ആരാധകരുടെ തല മിക്കപ്പോഴും എത്താറുളളത്. സിനിമാ താരമെന്നതിലുപരി കാര്‍ റേസിംഗ് ഡ്രൈവറായും അജിത്ത് തിളങ്ങിയിരുന്നു. സിനിമാ പാരമ്പര്യമൊന്നുമില്ലാതെ സ്വന്തം കഴിവുകൊണ്ടും ആത്മസമര്‍പ്പണം കൊണ്ടുമാണ് കോളിവുഡില്‍ മുന്‍നിരയിലേക്ക് തല അജിത്ത് ഉയര്‍ന്നത്


Click it and Unblock the Notifications