ഭാര്യക്ക് ബുദ്ധിമുട്ട്; വിജയ് സെറ്റിൽ പ്രശ്നമുണ്ടാക്കി; സംഭവിച്ചതിനെക്കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ
തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാർ ആണ് വിജയ്. കേരളത്തിലും വിജയ്ക്ക് വൻ ആരാധക വൃന്ദം ആണുള്ളത്. വിജയുടെ സിനിമകൾ കേരളത്തിൽ നിറഞ്ഞ തിയറ്ററുകളിൽ പ്രദർശിപ്പിക്കപ്പെട്ട ഒരു കാലഘട്ടവും ഉണ്ടായിരുന്നു. പോക്കിരി, ഗില്ലി, കുരുവി തുടങ്ങിയ സിനിമകൾക്ക് വൻ വരവേൽപ്പ് ആണ് കേരളത്തിൽ ലഭിച്ചത്. ഇപ്പോഴും വിജയുടെ സിനിമകൾക്ക് കേരളത്തിലെ ആരാധകർക്കിടയിൽ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്നു. തമിഴ് സിനിമയിൽ വിജയ്ക്ക് കരിയറിൽ വഴിത്തിരിവാവുന്ന കാലഘട്ടം 1997 മുതലാണ്.

മലയാള സംവിധായകൻ ഫാസിൽ ഒരുക്കിയ കാതലുക്ക് മരിയാതെ എന്ന സിനിമയിൽ വിജയ് ആയിരുന്നു നായകൻ. ഈ സിനിമയ്ക്ക് മലയാളവുമായി ഒരു ബന്ധമുണ്ട്. മലയാളത്തിൽ സൂപ്പർ ഹിറ്റായ അനിയത്തി പ്രാവ് എന്ന സിനിമയുടെ തമിഴ് റീമേക്ക് ആയിരുന്നു ഇത്. മലയാളത്തിൽ സംവിധാനം ചെയ്ത ഫാസിൽ തന്നെയാണ് തമിഴിലും ഈ സിനിമ ഒരുക്കിയത്.

അനിയത്തി പ്രാവിൽ അഭിനയിച്ച ശാലിനി, ശ്രീവിദ്യ എന്നിവർ ഇതേ വേഷം തന്നെ തമിഴിലും ചെയ്തു. തമിഴിൽ വൻ ഹിറ്റായി സിനിമ മാറി. ഈ സിനിമയ്ക്ക് ശേഷം ഫാസിൽ വിജയ്നെ വെച്ച് സംവിധാനം ചെയ്ത സിനിമയാണ് 1999 ലെ കണ്ണുക്കുൾ നിലവ് എന്ന സിനിമ. ശാലിനിയും ശ്രീവിദ്യയും ഈ സിനിമയിലും അഭിനയിച്ചു.

ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ ബാബു ഷാഹിർ. 'വാഗമണിൽ വിജയും ശാലിനിയുമായുള്ള കുറച്ച് സീനുകളും പാട്ടുകളും പ്ലാൻ ചെയ്തിരുന്നു. വിജയുടെ കല്യാണം കഴിഞ്ഞ സമയം ആയിരുന്നു അത്. ഒരാഴ്ച ആയിട്ടേ ഉള്ളൂ. അവരുടെ ജീവിതത്തിന് ഭംഗി ഉണ്ടാവാൻ വേണ്ടി ഭാര്യയെയും കൂട്ടി വരാൻ പറഞ്ഞു'
'വിജയും ഭാര്യയും ഒപ്പമാണ് ലൊക്കേഷനിലേക്ക് വന്നത്. അട്ടകളുടെ ഒരു ഏരിയ ആയിരുന്നു ഞങ്ങൾ ഷൂട്ട് ചെയ്ത സ്ഥലം. വിജയുടെ ഭാര്യയുടെ കാലിൽ കുറേ അട്ടകൾ കടിച്ച് തൂങ്ങിക്കിടന്നു. അതോടുകൂടി വിജയ് പ്രശ്നവും ബഹളവും ഉണ്ടാക്കി. ഫാസിൽ സാർ ഉടനെ ഷിഫ്റ്റ് പറഞ്ഞു. ഉടനെ മൂന്നാറിലേക്ക് ലൊക്കേഷൻ മാറ്റി,' ബാബു ഷാഹിർ പറഞ്ഞു,

1999 ആഗസ്റ്റിലാണ് വിജയ് വിവാഹം കഴിക്കുന്നത്. സംഗീത സ്വർണലിംഗമാണ് വിജയുടെ ഭാര്യ. ശ്രീലങ്കൻ തമിഴ് വംശജയാണ് ഇവർ. യുകെയിൽ വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. ആ വർഷം തന്നെ വിവാഹവും നടന്നു. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. വിജയ് സൂപ്പർ സ്റ്റാർ ആണെങ്കിലും നടന്റെ ഭാര്യയെ അധികം ലൈം ലൈറ്റിൽ കാണാറില്ല. ബിസിനസ് രംഗത്ത് സംഗീത പ്രവർത്തിക്കുന്നുണ്ട്. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് വിജയ് അധികം സംസാരിക്കാറില്ല.

സിനിമയ്ക്ക് പുറത്ത് മിതഭാഷിയും അന്തർമുഖനുമായ വിജയ് ആരാധകർക്ക് ഇടയിൽ എപ്പോഴും ചർച്ച ആവാറുണ്ട്. വരിസ് ആണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് സിനിമ. ചിത്രത്തിൽ നായിക ആയെത്തുന്നത് രശ്മിക മന്ദാന ആണ്. ബീസ്റ്റ്, മാസ്റ്റർ, തുടങ്ങിയവ ആണ് ഒടുവിൽ പുറത്തിറങ്ങിയ വിജയ് ചിത്രങ്ങൾ.
രണ്ട് സിനിമകളും വൻ ഹിറ്റായിരുന്നു. സിനിമയ്ക്കപ്പുറത്ത് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പോവുന്നെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.


Click it and Unblock the Notifications