താലി കൊടുത്തത് ശരിയായില്ല; വിജയ്നെ വഴക്ക് പറഞ്ഞ് ഭാര്യ സംഗീത; സംഭവമിങ്ങനെ
തമിഴകത്തെ സൂപ്പർസ്റ്റാറാണ് വിജയ്. വിജയ് എന്ന നടന് തമിഴ്നാട്ടിലുള്ള സ്വാധീനം ചെറുതല്ല. സൂപ്പർ സ്റ്റാറുകൾ കാലക്രമേണ രാഷ്ട്രീയത്തിലേക്ക് പോവുന്നതാണ് തമിഴ്നാട്ടിൽ കാലങ്ങളായുള്ള രീതി. വിജയും ഭാവിയിൽ ഈ മാർഗം സ്വീകരിക്കുമെന്നാണ് വിവരം. നടന്റെ ആരാധകർ ഇതാഗ്രഹിക്കുന്നുമുണ്ട്. 48 കാരനായ വിജയ് ഇപ്പോഴും ചെറുപ്പക്കാരനായാണ് സിനിമകളിൽ അഭിനയിക്കുന്നത്. നടനെ ഇങ്ങനെ കാണാനാണ് ആരാധകർ ഇഷ്ടപ്പെടുന്നതും.
കഴിഞ്ഞ കുറേ നാളുകളായി വിജയുടെ വ്യക്തിജീവിതം വാർത്തകളിൽ നിറയുന്നുണ്ട്. ഭാര്യ സംഗീതയുമായി വിജയ് അകൽച്ചയിലാണെന്നാണ് നാളുകളായി തുടർന്ന് കൊണ്ടിരുന്ന ഗോസിപ്പ്. വിജയ്ക്കൊപ്പം പൊതുവേദികളിൽ സംഗീതയെ കാണാതെയായി. ഇതാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്. പൊതുവെ ഗോസിപ്പുകളോടൊന്നും വിജയ് പ്രതികരിക്കാറില്ല. ഇതും വിജയ്-സംഗീത വേർപിരിയൽ ഗോസിപ്പിന് ആയുസ് നൽകി. എന്നാൽ പിന്നീട് ഈ ഗോസിപ്പ് കെട്ടടങ്ങുകയും ചെയ്തു.

അച്ഛനും അമ്മയുമായുള്ള പ്രശ്നമാണ് വിജയ്നെ അടുത്തിടെ വാർത്തകളിൽ നിറച്ച മറ്റൊരു സംഭവം. അച്ഛൻ എസ്എ ചന്ദ്രശേഖറുമായി വിജയ്ക്ക് നാളുകളായി അകൽച്ചയുണ്ടത്രെ. മുമ്പ് അച്ഛനുമായുണ്ടായ പ്രശ്നങ്ങളാണ് ഈ ഗോസിപ്പിന്റെ ഉറവിടമായത്. വിജയുടെ സമ്മതമില്ലാതെ നടന്റെ പേരിൽ അച്ഛൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതാണ് അന്നത്തെ പ്രശ്നം. പിതാവിനെതിരെ വിജയ് അന്ന് കേസും കൊടുത്തു. ഈ പ്രശ്നം ഇന്നും അവസാനിച്ചിട്ടില്ലെന്ന് പല തമിഴ് മാധ്യമങ്ങളിലും അടുത്തിടെ റിപ്പോർട്ട് വന്നു.
വിജയ്ക്കുറിച്ചും ഭാര്യ സംഗീതയെക്കുറിച്ചും നടൻ ശന്തനു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ വിവാഹത്തിന് പങ്കെടുക്കാൻ വന്ന വിജയ്നെക്കുറിച്ചുള്ള ഓർമ്മകളാണ് ശന്തനു പങ്കുവെച്ചത്. വിവാഹത്തിൽ പങ്കെടുത്തെന്ന് മാത്രമല്ല നടന് താലി കൈ മാറിയതും വിജയ് ആണത്രെ. ഇക്കാര്യം വീട്ടിൽ ചെന്ന ശേഷം വിജയ് ഭാര്യ സംഗീതയോട് പറഞ്ഞു. ഇത് കേട്ട സംഗീത ഭർത്താവിനെ വഴക്കു പറയുകയാണുണ്ടായത്. താലി കൈയിൽ കൊടുക്കേണ്ടത് നിങ്ങളല്ല മുതിർന്ന ആരെങ്കിലും ആയിരിക്കണം എന്ന് പറഞ്ഞാണത്രെ സംഗീത വഴക്ക് പറഞ്ഞത്.

1999 ആഗസ്റ്റിലാണ് വിജയും സംഗീതയും വിവാഹം ചെയ്യുന്നത്. രണ്ട് മതസ്ഥരാണെങ്കിലും ഇത് വിവാഹത്തെ ബാധിച്ചില്ല. ബന്ധുക്കളുടെ സമ്മതത്തോടെ വിവാഹം നടന്നു. ഹിന്ദു ആചാരങ്ങളോടെയായിരുന്നു വിവാഹം. ശ്രീലങ്കൻ തമിഴ് വ്യവസായിയായ സ്വർണലിംഗത്തിന്റെ മകളാണ് സംഗീത. യുകെയിലായിരുന്നു കുടുംബത്തോടൊപ്പം സംഗീത താമസിച്ചിരുന്നത്. വിജയുടെ സിനിമകൾ കണ്ട് ആരാധന തോന്നിയ സംഗീത നടനെ പരിചയപ്പെടാനും മടിച്ചില്ല. ഈ സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. സംഗീതയെ വിജയ് ഒരിക്കൽ വീട്ടിലേക്ക് വിരുന്നിന് ക്ഷണിച്ചു.
തീർത്തും ഔപചാരികമായ ഒരു വിരുന്നായിരുന്നു അന്ന്. സംഗീതയെ വിജയ്ക്കിഷ്ടമാണെന്ന് നടന്റെ മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു. എന്നാൽ വീണ്ടും സംഗീത വീട്ടിൽ വന്നതോടെ മാതാപിതാക്കൾക്ക് ഇവർ പ്രണയത്തിലാണെന്ന സൂചന ലഭിച്ചു. വിജയുടെ പിതാവാണ് വിവാഹക്കാര്യം സംഗീതയോട് സംസാരിക്കുന്നത്. പിന്നീട് രണ്ട് പേരുടെയും വീട്ടുകാർ കൂടിയാലോചിച്ച് വിവാഹം നടത്തി. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ വിജയുടെ അമ്മ ശോഭ ചന്ദ്രശേഖറാണ് ഇതേക്കുറിച്ച് സംസാരിച്ചത്.
വാരിസാണ് ഒടുവിൽ പുറത്തിറങ്ങിയ വിജയ് ചിത്രം. സിനിമ തമിഴ്നാട്ടിൽ വൻ കലക്ഷൻ നേടി. ലിയോയാണ് ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന വിജയുടെ സിനിമ. വിജയ് സിനിമകൾക്ക് കേരളത്തിലുണ്ടായിരുന്ന ജനപ്രീതി നാൾക്ക് നാൾ കുറഞ്ഞ് വരികയാണ്. കണ്ടുമടുത്ത കഥയും കഥാപാത്രങ്ങളുമാണ് വിജയ് സിനിമകളിലെന്ന് വിമർശനം ഉണ്ട്. രക്ഷകൻ ഇമേജിൽ സിനിമകളിൽ വിജയ് തളയ്ക്കപ്പെട്ടെന്ന് പ്രേക്ഷകർ പറയുന്നു.


Click it and Unblock the Notifications