ഭാര്യയുമായുള്ള വിവാഹമോചന വാർത്തകൾ; പരോക്ഷമായി സൂചന നൽകി വിജയ്; ശ്രദ്ധ നേടി വാക്കുകൾ
തമിഴ് സിനിമാ ലോകത്തെ സൂപ്പർസ്റ്റാറായ വിജയ് ഇന്ന് ജീവിതത്തിൽ മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. യുവത്വത്തിന്റെ ആഘോഷമായിരുന്ന വിജയ് തമിഴ് രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് സൂചന. സൂപ്പർസ്റ്റാറുകൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് തെന്നിന്ത്യൻ ഭാഷകളിൽ കാലങ്ങളായി കണ്ടു വരുന്ന രീതിയാണ്. ഈ പാത തന്നെയാണ് വിജയും പിന്തുടരുന്നത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ പത്താം ക്ലാസ് വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിച്ച വിജയ് രാഷ്ട്രീയപരമായ കാര്യങ്ങൾ പരാമർശിച്ചു.
രാഷ്ട്രീയത്തിലേക്കെന്ന സൂചന ശത്രുപക്ഷത്തുള്ളവർക്ക് നേരത്തെ ലഭിച്ചത് കൊണ്ടാണ് വിജയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് ഗോസിപ്പുകൾ പരക്കുന്നതെന്ന വാദവും ആരാധകരുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങൾ മാത്രം പരിശോധിച്ചാൽ അത്രമാത്രം ഗോസിപ്പുകൾ നടനെക്കുറിച്ച് വന്നു. ഭാര്യ സംഗീതയുമായി വിവാഹമോചനം, പിതാവ് എസ്എ ചന്ദ്രശേഖറിനെ അവഗണിക്കുന്നു തുടങ്ങിയ പ്രചരണങ്ങളാണ് വിജയുടെ പേരിൽ വന്നത്.

ഇപ്പോഴിതാ തന്നെക്കുറിച്ച് വരുന്ന ഗോസിപ്പുകൾ സത്യമല്ലെന്ന് പരോക്ഷമായി സൂചിപ്പിച്ചിരിക്കുകയാണ് വിജയ്. വിദ്യാർത്ഥികളെ അനുമോദിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു നടൻ. 'സോഷ്യൽ മീഡിയ സൈറ്റുകളിൽ വരുന്ന 75 ശതമാനം വാർത്തകളും വ്യാജമാണ്. ഞാൻ എല്ലാവരെക്കുറിച്ചുമല്ല പറയുന്നത്. ചിലർ വ്യാജ വാർത്തകൾ നൽകി ആളുകൾക്ക് ആകർഷകമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നു എന്ന് കരുതുന്നു,' വിജയ് പറഞ്ഞതിങ്ങനെ. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള വ്യാജ വാർത്തകളാണ് വിജയ് സൂചിപ്പിച്ചതെന്നാണ് നടന്റെ ആരാധകരുടെ വാദം.
തമിഴ്നാട് രാഷ്ട്രീയത്തെ സംബന്ധിച്ച് രാഷ്ട്രീയ നേതാക്കളുടെ പ്രതിച്ഛായ വളരെ പ്രധാനമാണ്. ഭാര്യയുമായി പിരിയുന്നു, അച്ഛനുമായി പ്രശ്നങ്ങൾ തുടങ്ങിയ വാർത്തകൾ കെട്ടിച്ചമയ്ക്കുന്നത് വിജയുടെ ജനപ്രീതി ഇടിക്കാനാണെന്ന വാദം ശക്തമാണ്. തമിഴകത്ത് അത്രത്തോളം ആരാധകർ വിജയ്ക്കുണ്ട്. സിനിമാരംഗത്ത് നിന്ന് ലഭിച്ച ആരാധകരുടെ പിന്തുണ രാഷ്ട്രീയത്തിലും ലഭിച്ചാൽ വിജയ്ക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടതില്ല. അതേസമയം അതത്ര എളുപ്പമല്ല.

തമിഴകം കൊണ്ടാടിയ രജിനികാന്തിന് പോലും രാഷ്ട്രീയത്തിലേക്കിറങ്ങാൻ ശ്രമിച്ച നാളുകളിൽ ജനപ്രീതി ഇടിഞ്ഞതാണ് ചരിത്രം. ഈ സാഹചര്യത്തിൽ വിജയ് എങ്ങനെ ഈ കടമ്പകൾ കടക്കുമെന്നറിയാൻ ആരാധകരും കാത്തിരിക്കുകയാണ്. വിവാഹമോചന ഗോസിപ്പുകളെക്കുറിച്ച് വിജയ് ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. വിജയുടെ ഭാര്യ സംഗീതയും മാധ്യമങ്ങളിൽ നിന്ന് മാറി നിൽക്കുന്നു.
പൊതുവെ ലൈം ലൈറ്റിൽ സംഗീതയെ കാണാറില്ല. തുടരെ ഗോസിപ്പുകൾ വരുന്ന ഘട്ടത്തിലും എന്തുകൊണ്ടാണ് പ്രതികരണത്തിന് താരദമ്പതികൾ തയ്യാറാവാത്തതെന്ന ചോദ്യം ആരാധകർക്കുണ്ട്. 1999 ആഗസ്റ്റ് 25 നാണ് വിജയും ഭാര്യ സംഗീതയും വിവാഹിതരായത്. വിജയുടെ സിനിമകൾ കണ്ട് ആരാധന തോന്നിയ സംഗീത നടനെ പരിചയപ്പെടുകയും ഈ സൗഹൃദം പ്രണയത്തിലേകക് വഴി മാറുകയുമായിരുന്നു.
വിജയും മാതാപിതാക്കളും തമ്മിലുള്ള പ്രശ്നമാണ് വിമർശകർ എടുത്ത് കാട്ടുന്ന മറ്റൊരു വിഷയം. വിജയുമായി പ്രശ്നങ്ങളില്ലെന്ന് നടന്റെ അമ്മ ശോഭ ചന്ദ്രശേഖർ ആവർത്തിച്ചെങ്കിലും നടനും പിതാവ് ചന്ദ്രശേഖറും തമ്മിൽ അകൽച്ചയുണ്ടെന്ന് വാദത്തിൽ ഉറച്ച് നിൽക്കുകയാണ് വിമർശകർ. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വിജയുടെ പേരിൽ രാഷ്ട്രീയ പാർട്ടി തുടങ്ങാൻ ശ്രമിച്ചതിന് നടൻ പിതാവിനെതിരെ കേസ് കൊടുത്തിരുന്നു. ഈ പ്രശ്നം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നാണ് വാദം. പൊതുവേദികളിൽ പിതാവിനെ വിജയ് അവഗണിച്ചെന്നാരോപിച്ച് ഒരു വീഡിയോയും പ്രചരിച്ചു. എന്നാൽ ഇത്തരം വാദങ്ങൾ തെറ്റാണെന്ന് ആരാധകർ പറയുന്നു.


Click it and Unblock the Notifications