'സഹോദരി പോയതിന്റെ ആഘാതം വിജയ് അനുഭവിക്കുന്നു, പക്ഷെ ഒരുപാട് സഹോദരിമാരുടെ സ്നേഹം കിട്ടുന്നുണ്ട്'; ശോഭ!
വിജയിയുടെ അടുത്തകാലത്തായി പുറത്തിറങ്ങിയ സിനിമകൾ കലാമൂല്യം നിറഞ്ഞ് നിൽകുന്നതല്ലെങ്കിലും ചുരുക്കം ചിലതൊഴിച്ച് മറ്റൊല്ലാ സിനിമകളും തിയേറ്റർ എക്സ്പീരിയൻസ് നൽകി ആരാധകരെ തൃപ്തിപ്പെടുത്തിയവയാണ്.
രണ്ടര മൂന്ന് മണിക്കൂർ മറ്റെല്ലാം മറന്ന് ആഘോഷം സൃഷ്ടിക്കാൻ വിജയ് എന്ന പേരിനോളം ഓളം നൽകുന്ന മറ്റൊരു പേര് ഇന്നില്ല. രക്ഷകനെന്ന് പരിഹസിക്കപ്പെടുമ്പോഴും അദ്ദേഹത്തിന്റെ സിനിമകൾ നൽകുന്ന തിയേറ്റർ എക്സ്പീരിയൻസ് തള്ളി പറയാൻ കഴിയല്ല.
ഒരു സിനിമയിൽ നിന്ന് അടുത്തതിലേക്ക് എത്തുമ്പോഴും ഉണ്ടാവുന്ന സമാനതകൾ നിർത്തി കൊണ്ട് തന്നെ പ്രേക്ഷകനെ സന്തോഷിപ്പിക്കാൻ കഴിയുന്നിടതാണ് വിജയ് എന്ന ഷോ മാൻ വിജയിക്കുന്നത്. വിജയിയുടെ ലിയോ സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിനായുള്ള ഇപ്പോൾ ആരാധകർ. ലോകത്തെമ്പാടുമായി ലക്ഷക്കണക്കിന് ആരാധകരാണ് വിജയിക്കുള്ളത്. തൊണ്ണൂറുകളിലാണ് വിജയ്ക്ക് സ്റ്റാർഡം കിട്ടിയത്.

ഇന്ന് തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപറ്റുന്ന നടന്മാരിൽ ഒരാളാണ് വിജയ്. എത്രയൊക്കെ സൗഭാഗ്യങ്ങളുടെ നടുവിൽ ജീവിച്ചാലും അന്നും ഇന്നും വിജയിക്കുള്ളിൽ ഒരു സങ്കടം അടക്കിവെച്ചിട്ടുണ്ട്. അത് സഹോദരി വിദ്യയുടെ വേർപാടാണ്. വിജയ്ക്കൊപ്പം തന്നെ വിദ്യ എന്ന പേരും ആരാധകർക്ക് സുപരിചിതമാണ്.
വിജയുടെ കുടുംബത്തെ തങ്ങളുടെ കുടുംബത്തെപോലെയാണ് ആരാധകർ കാണുന്നത്. താരത്തിന്റെ പിതാവും നടനും സംവിധായകനുമായ എസ്.എ ചന്ദ്രശേഖറും ഭാര്യ ശോഭയും സോഷ്യൽമീഡിയ വഴിയും അഭിമുഖങ്ങൾ വഴിയും എപ്പോഴും സജീവമാണ്. വിജയിയുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നതും താരത്തിന്റെ മാതാപിതാക്കൾ വഴിയാണ്.
സഹോദരി വിദ്യയെ വളരെ ചെറിയ പ്രായത്തിലാണ് വിജയ്ക്ക് നഷ്ടപ്പെട്ടത്. അസുഖം ബാധിച്ചായിരുന്നു മരണം. ഏത് പെൺകുട്ടിയെ കണ്ടാലും അവരിലെല്ലാം തന്റെ സഹോദരിയെയാണ് താരം കാണുന്നത്. വിദ്യയുടെ മരണത്തിന് മുമ്പ് വരെ വളരെ ആക്ടീവും സന്തോഷവാനുമായിരുന്നു വിജയ് എന്നും എന്നാൽ സഹോദരിയെ നഷ്ടപ്പെട്ടശേഷം വിജയ് അന്തർമുഖനായെന്നുമാണ് അമ്മ ശോഭ പലപ്പോഴും പറഞ്ഞിട്ടുള്ളത്.
ഇപ്പോഴിതാ മകൾ വിദ്യയെ കുറിച്ച് ശോഭ പറഞ്ഞ ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഇപ്പോഴും മകളെ താൻ മിസ് ചെയ്യുന്നുവെന്നാണ് ശോഭ പറഞ്ഞത്. 'ഇതുവരെ ഞാൻ ഏറ്റവും മിസ് ചെയ്യുന്നത് എന്റെ മകളെയാണ്.'

'മൂന്നര വയസിൽ മരിച്ച എന്റെ മകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിലെന്ന് ഞാൻ ഇടയ്ക്ക് ആഗ്രഹിക്കാറുണ്ട്. അവൾ ജനിച്ചതിന് ശേഷമാണ് ഞങ്ങൾ ഒരുപാട് മെച്ചപ്പെട്ടത്. ആദ്യത്തെ സിനിമ പോലും പുറത്തിറക്കാൻ സാധിച്ചത് വിദ്യയുടെ ജനനശേഷമാണ്. അപ്പോഴാണ് ഞങ്ങൾ കുറച്ച് പണം കയ്യിൽ വരാൻ തുടങ്ങിയത്.'
'മകളും വിജയിയും തമ്മിൽ ആറ് വയസിന്റെ വ്യത്യാസമുണ്ടെന്നും', ശോഭ ചന്ദ്രശേഖർ പറഞ്ഞു. 'ഞങ്ങൾക്കെല്ലാം ഇപ്പോഴും അവളുടെ സ്വാധീനമുണ്ട്. ആ ചെറിയ പ്രായത്തിലും മകൾ നന്നായി പാടുമായിരുന്നു. ഫോട്ടോയ്ക്ക് ഒക്കെ സ്റ്റൈലിഷായി ആരും പറയാതെ തന്നെ പോസ് ചെയ്യും.'
'വിദ്യ മരണത്തിലേക്ക് വഴുതി വീണ ആ നിമിഷം ശരീരത്തിന് അടുത്ത് നിന്ന് വിജയ് കരഞ്ഞത് ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്. അതൊന്നും ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. തീർച്ചയായും ഞങ്ങൾ അവളെ എപ്പോഴും മിസ് ചെയ്യും', എന്നാണ് ചന്ദ്രശേഖർ പറഞ്ഞത്. ശോഭയുടെ വീഡിയോ വൈറലായതോടെ ഒരുപാട് സഹോദരിമാരുടെ സ്നേഹം ഇപ്പോൾ വിജയ്ക്ക് കിട്ടുന്നുണ്ട് എന്നാണ് ആരാധകർ കമന്റ് ചെയ്തത്.
അതേസമയം വരും ദിവസം നടത്താനിരുന്ന ലിയോ ഓഡിയോ ലോഞ്ച് അണിയറപ്രവർത്തകർ കാൻസൽ ചെയ്തു. അതിന്റെ നിരാശയിലാണ് ആരാധകർ. വിജയ് കൺനിറയെ കാണാനും അദ്ദേഹത്തിന്റെ കുട്ടി സ്റ്റോറി കേൾക്കാനുമുള്ള അവസരം നഷ്ടമായല്ലോ എന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന കമന്റുകളിൽ ഏറെയും. തൃഷയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയിൽ നായിക.


Click it and Unblock the Notifications