മാസ്റ്റര്‍ ഓഡിയോ ലോഞ്ചിൽ കറുപ്പ് ധരിച്ച് നടൻ വിജയ്, കേന്ദ്രസർക്കാരിനോട് ഒരു അഭ്യർഥന മാത്രം....
പ്രേക്ഷകരർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മാസ്റ്റർ. കാർത്തി പ്രധാന വേഷത്തിലെത്തിയ ചിത്രമായ കൈദിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്കൂൾ അധ്യാപകനായിട്ടാണ് വിജയ് എത്തുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലനായി എത്തുന്നത്. മാളവിക മോഹനൻ, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിനെ കുറിച്ചുള്ള ചർച്ചകൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലും കോളിവുഡ് കോളങ്ങളിലും വൻ ചർച്ചയായിരുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഓഡിയോ ലോഞ്ച് നടന്നേക്കില്ലെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. വിവാദങ്ങൾ അഭ്യൂഹങ്ങൾക്കുമൊടുവിൽ മാസ്റ്റർ സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു, ആർഭാടങ്ങൾ ഒഴിവാക്കി വളരെ ലളിതമായിട്ടായിരുന്നു ചടങ്ങ് നടന്നത്. കറുത്ത വസ്ത്രം ധരിച്ചു കൊണ്ടാണ് ഇളയദളപതി ഓഡിയോ ലോഞ്ചിൽ പങ്കെടുത്തത് . ലോഞ്ചിൽ വിജയ് പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്.

കൂടാതെ തനിയ്ക്കെതിരെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെ കുറിച്ചും വിജയ് പറഞ്ഞു. റെയ്ഡുകളില്ലാത്ത സാമാധനമായുള്ള പഴയ ജീവിതം തനിയ്ക്ക് തിരിച്ച് വേണം. അക്രമങ്ങളെ പുഞ്ചിരി കൊണ്ട് നേരിടുകയും സത്യത്തിനായി നിലകൊള്ളാന്‍ ചിലപ്പോള്‍ നിശ്ശബ്ദനാകേണ്ടി വരുമെന്നും വിജയ് കൂട്ടിച്ചേർത്തു.

മാസ്റ്റർ ഓഡിയോ ലോഞ്ചിൽ നടൻ അജിത്തിനെ കുറിച്ചും അദ്ദേഹത്തോടുളള ആത്മബന്ധത്തെ കുറിച്ചും വിജയ് വെളിപ്പെടുത്തി. ലോഞ്ചിനിടെ ചിത്രത്തിലെ ഗാനത്തിന് ചുവടുകള്‍ വച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കറുപ്പ് നിറത്തിലുള്ള കോട്ട് ധരിച്ചെത്തിയ വിജയ് താന്‍ അജിത്തിനെ മാതൃകയാക്കിയതാണെന്നും താരം വ്യക്തമാക്കി."എന്റെ സുഹൃത്ത് അജിത്തിനെ എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹത്തെ പോലെയാണ് ഞാന്‍ ഇന്ന് വസ്ത്രം ധരിച്ചിരിക്കുന്നത്" എന്ന് വിജയ് പറഞ്ഞു. ബില്ല എന്ന ചിത്രത്തിൽ അജിത്ത് ധരിച്ച വസ്ത്രത്തിന് സമാനമായ വേഷം ധരിച്ചാണ് വിജയ് എത്തിയത്.

ബിഗിൽ , മാസ്റ്റർ എന്നീ രണ്ട് ചിത്രങ്ങൾക്കായി 130 കോടി രൂപ വിജയ് പ്രതിഫലം വാങ്ങിയയെന്നതാണ് ആദയനികുതി വകുപ്പിന്റെ കണ്ടെത്തൽ. പ്രതിഫലം വാങ്ങിയതിന്റെ കൃത്യമായ രേഖകൾ സൂക്ഷിച്ചിട്ടുണ്ടെന്ന് ഐടി വിഭാഗം പറയുന്നുണ്ട്. കൂടാതെ നികുതി അടയ്ക്കുന്നതിന്റെ കാര്യത്തിൽ താരത്തിന് വിട്ട് വീഴ്ച സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ നടന്റെ ഉടമസ്ഥതയിൽ വാങ്ങിയ ഭൂമിയിടപാടുകളിൽ നികുതി വെട്ടിപ്പ് നടന്നോയെന്നും ബിനാമിയിടപാടുകൾ നടന്നിട്ടുണ്ടോയെന്നുമാണ് ഇപ്പോൾ പരിശോധിക്കുന്നത്. അതേസമയം വിജയ്ക്ക് എതിരായ ആദായ നികുതി വകുപ്പ് കേസ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കും. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ പരിശോധിച്ചിട്ടുണ്ട്.

അതേസമയം ഐടി നടത്തിയ പരിശോധനയിൽ വിജയ് യുടെ വസതിയിൽ നിന്ന് സ്വർണ്ണമോ പണമോ കണ്ടെത്താനായില്ല. താരത്തിനെതിരെ നികുതി വെട്ടിപ്പ് കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ വിജയ്ക്കെതിരായ കേസുകള്‍ അവസാനിപ്പിക്കണമെന്ന് തമിഴ് സിനിമാതാരങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്വത്ത് ഇടപാടുകളിലെ വിശദ പരിശോധനയ്ക്ക് ശേഷം മാത്രമേ നടപടി അവസാനിപ്പിക്കുകള്ളൂവെന്ന് ആദായനികുതി വകുപ്പ് അറിയിച്ചുട്ടുണ്ട്.


Click it and Unblock the Notifications











