ഞങ്ങളുടെ വീട്ടില്‍ ഒരു വലിയ പൂജാമുറിയുണ്ട്! വിജയുടെ മതം പറഞ്ഞവര്‍ക്ക് മറുപടിയുമായി പിതാവ്
ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ദളപതി വിജയ്. ബിഗില്‍ സിനിമയുടെ സാമ്പത്തിക ഇടപാടുകളില്‍ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ചോദ്യം ചെയ്യല്‍. വിജയുടെ പുതിയ ചിത്രം മാസ്റ്ററിന്റെ ഷൂട്ടിംഗിനിടെയായിരുന്നു ചോദ്യം ചെയ്യല്‍.
എന്നാല്‍ വിജയുടെ വീട്ടില്‍ നിന്നും അനധികൃത പണമൊന്നും കണ്ടെടുക്കാന്‍ ആദായ നികുതി വകുപ്പിന് ആയില്ല. പിന്നാലെ സൂപ്പര്‍ താരത്തിന് പിന്തുണയുമായി ആരാധകര്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയും മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ എത്തിയുമാണ് ആരാധകര്‍ നടന് പിന്തുണ അറിയിച്ചത്.

ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് വിജയ്, വിജയ് സേതുപതി തുടങ്ങിയ താരങ്ങള്‍ക്കെതിരെ ചിലര്‍ മതപരിവര്‍ത്തന വിവാദം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇവര്‍ക്ക് മറുപടിയുമായി വിജയ് സേതുപതി രംഗത്ത് എത്തിയെങ്കിലും വിജയുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് വിവാദങ്ങള്‍ക്ക് മറുപടിയുമായി വിജയുടെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖര്‍ രംഗത്തെത്തിയിരുന്നു.

ഒരു അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ക്രിസ്തു മതത്തില്‍ ജനിച്ച ഒരാളാണ് താനെന്ന് വിജയുടെ പിതാവ് പറയുന്നു. ഭാര്യ ശോഭ ഹിന്ദു മതവിശ്വാസിയാണ്. 45 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഞങ്ങളുടെ വിവാഹം. അവരുടെ മതവിശ്വാസങ്ങളില്‍ ഒരിക്കലും ഇടപെട്ടിട്ടില്ല.

ജറുസലേമില്‍ ഒരു തവണയും മൂന്ന് വട്ടം തിരുപ്പതിയിലും പോയി. തിരുപ്പതിയില്‍ പോയി തല മൊട്ടയടിച്ചിട്ടുണ്ട്. വിജയ് വിവാഹം കഴിച്ചതും ഒരു ഹിന്ദു പെണ്‍കുട്ടിയെയാണ്. വീട്ടില്‍ ഒരു വലിയ പൂജാമുറിയുണ്ട്. ക്രിസ്ത്യന്‍ മതാചാര പ്രകാരമാണ് വിജയുടെ വിവാഹം നടത്തിയതെന്ന് ആരോപിക്കുന്നവര്‍ തെളിവ് കൊണ്ടുവരട്ടെ . തെറ്റാണെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ പരസ്യമായി മാപ്പ് പറയുമോ. അഭിമുഖത്തില്‍ വിജയുടെ പിതാവ് ചോദിച്ചു.

നേരത്തെ ചോദ്യം ചെയ്യലിന് ശേഷം തിരിച്ചെത്തിയ സൂപ്പര്‍ താരത്തെ ഹര്‍ഷാരവങ്ങളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. നടനെ ഒരു നോക്ക് കാണാനായി നിരവധി ആരാധകര്‍ ലൊക്കേഷനില്‍ എത്തിയിരുന്നു. പിന്നാലെ വിജയ് തന്റെ കാരവാനിന് മുകളില്‍ കയറി ആരാധകരെ കൈവീശി കാണിക്കുന്നതിന്റെ വീഡിയോയും തരംഗമായി മാറിയിരുന്നു.


Click it and Unblock the Notifications