ഡപ്പാംകൂത്തുമായി ദളപതി വിജയ്! തരംഗമായി മാസ്റ്ററിലെ പുതിയ ഗാനം
ദളപതി വിജയുടെ മാസ്റ്റര്‍ റിലീസിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബിഗിലിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് സൂപ്പര്‍ താരത്തിന്റെ പുതിയ സിനിമ എത്തുന്നത്. പ്രഖ്യാപന വേള മുതല്‍ മികച്ച സ്വീകാര്യതയാണ് വിജയ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാനഗരം, കൈദി തുടങ്ങിയ സിനിമകളിലൂടെ തമിഴില്‍ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് മാസ്റ്റര്‍ സംവിധാനം ചെയ്യുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ സിനിമ നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്.

റിലീസിങ്ങിനൊരുങ്ങവേ ദളപതി ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പുതിയ ഗാനവും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തില്‍ വാത്തി കമ്മിങ് എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഒരു ഡപ്പാംകൂത്ത് പാട്ടാണ് ഇത്തവണ സൂപ്പര്‍ താരത്തിന്റെതായി പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുളളില്‍ നാല് ലക്ഷത്തിലധികം പേരാണ് ഈ പാട്ട് യൂടുബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. അനിരുദ്ധും ഗാന ബാലചന്ദറും ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്.
മാസ്റ്ററിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലെറ്റ് മീ സിങ് എ കുട്ടി സ്‌റ്റോറി എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മാര്‍ച്ച് 15ന് നടക്കാനിരിക്കുന്ന ഓഡിയോ ലോഞ്ചിന് മുന്നോടിയായിട്ടാണ് മാസ്റ്ററിലെ രണ്ടാമത്തെ ഗാനവും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇത്തവണയും ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് ഇറങ്ങിയിരിക്കുന്നത്. വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനാണ് നായിക.
ദളപതിയും മക്കള്‍ സെല്‍വനും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് മാസ്റ്റര്‍. അടുത്തിടെ മാസ്റ്റര്‍ ഷൂട്ടിംഗിന്റെ അവസാന ദിവസം വിജയ് സേതുപതി വിജയ്‌യെ ചുംബിച്ചതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. മാസ്റ്ററില്‍ രണ്ട് സൂപ്പര്‍ താരങ്ങളും നേര്‍ക്കുനേര്‍ വരുന്നത് കാണാന്‍ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.
നിലവില്‍ സിനിമയുടെ അവസാന ഘട്ട ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കെെദി താരം അര്‍ജുന്‍ ദാസ്, ശാന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെര്‍മിയാഹ്, നാസര്‍, സഞ്ജീവ്, രമ്യ സുബ്രഹ്മണ്യന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. സേവ്യര്‍ ബ്രിട്ടോയാണ് ദളപതി ചിത്രത്തിന്റെ നിര്‍മ്മാണം. സമ്മര്‍ റിലീസായിട്ടാണ് വിജയുടെ മാസ്റ്റര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











