എംജിആറിന് വേണ്ടി കടിപിടി
എംജിആറെന്ന മൂന്നക്ഷരത്തിന് വേണ്ടി കോളിവുഡില്‍ കടിപിടി. യുവതാരങ്ങളില്‍ പ്രമുഖരായ ഇളയ ദളപതി വിജയ്‌യും ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍ ചിമ്പുവുമാണ് എംജിആറെന്ന മൂന്നക്ഷരം സ്വന്തമാക്കാനായി മത്സരിയ്‌ക്കുന്നത്.
തങ്ങളുടെ കരിയറില്‍ നാഴികക്കല്ലുകളാകുമെന്ന് കരുതപ്പെടുന്ന ചിത്രങ്ങള്‍ക്ക് ഏഴൈതോഴന്‍ എംജിആറിന്റെ പേര് ലഭിയ്‌ക്കുന്നതിനാണ് ഇരുവരും ശ്രമിയ്‌ക്കുന്നത്.
വിജയിന്റെ അമ്പതാം ചിത്രവും ചിമ്പുവിന്റെ ഇരുപത്തിയഞ്ചാം ചിത്രവും എംജിആര്‍ ബ്രാന്‍ഡ് സ്വന്തമാക്കാന്‍ മത്സരിയ്‌ക്കുമ്പോള്‍ ലാഭമുണ്ടാക്കുന്നത് മറ്റ് ചിലരാണ്. എംജിആര്‍ എന്ന പേര് നേരത്തെ സ്വന്തമാക്കിയ സംവിധായകന്‍ മധേഷിന് വന്‍തുക വിജയ് വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം എം ഗോവിന്ദ രാജന്‍ എന്ന പേരില്‍ സിനിമയിറക്കാനുള്ള ശ്രമത്തിലാണ് ചിമ്പു. സിനിമയുടെ പോസ്‌റ്ററുകളില്‍ എംജിആര്‍ എന്ന മൂന്നക്ഷരം ഹൈലൈറ്റ് ചെയ്യുമെന്ന കാര്യം ചിമ്പു പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിനെ അറിയിച്ചിട്ടുണ്ട്.
ചിമ്പുവിന്റെ ഇരുപത്തിയഞ്ചാം ചിത്രം സംവിധാനം ചെയ്യുന്നത് ശരവണായിരിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. അതേ സമയം തന്റെ അമ്പതാം ചിത്രത്തിന്റെ സംവിധായകന്‍ ആരായിരിക്കുമെന്ന കാര്യം വിജയ് വെളിപ്പെടുത്തിയിട്ടില്ല.


Click it and Unblock the Notifications