'മുത്തശ്ശനെ ഒപ്പം നിർത്തേണ്ടതായിരുന്നു'; മകനെ പോലെ കൊച്ചുമകനും അകലം കാണിച്ചു?
വിജയുടെ മകൻ ജെയ്സൺ സഞ്ജയ് സംവിധായകനായി കരിയർ തുടങ്ങുന്നതിന്റെ ആവേശത്തിലാണ് നടന്റെ ആരാധകർ. താരപുത്രൻ അഭിനയത്തിന് പകരം സംവിധാനം തെരഞ്ഞെടുത്തത് ഇതിനകം സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്. പ്രമുഖ നിർമാണ കമ്പനിയായ ലൈക പ്രൊഡക്ഷൻസാണ് ജെയ്സൺ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ നിർമ്മിക്കുന്നത്. ഒരു സംവിധായകന് ലഭിക്കാവുന്ന ഏറ്റവും നല്ല തുടക്കമാണ് വിജയുടെ മകന് ലഭിച്ചിരിക്കുന്നത്. സിനിമയുടെ കാസ്റ്റിംഗ് ഉൾപ്പെടെയുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
തനിക്ക് സംവിധാന മോഹമുണ്ടെന്ന് ജെയ്സൺ സഞ്ജയ് മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. വിജയുടെ പിതാവ് എസ്എ ചന്ദ്രശേഖറും ചില അഭിമുഖങ്ങളിൽ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. ലൈക പ്രൊഡക്ഷൻസുമായുള്ള കരാറിൽ ജെയ്സൺ സഞ്ജയ് ഒപ്പുവെക്കുന്ന ഫോട്ടോ ഇതിനകം വൈറലായിട്ടുണ്ട്. ജേസൺ സഞ്ജയുടെ സിനിമാ ലോകത്തേക്കുള്ള കടന്ന് വരവിനെക്കുറിച്ച് സംസാരിക്കുകയാണ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു.

മകന്റെ സംവിധാന സ്വപ്നങ്ങൾക്ക് വിജയ് ഒരിക്കൽ പോലും തടസം നിന്നിട്ടില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി. മുത്തശ്ശൻ എസ്എ ചന്ദ്രശേഖർ പേരെടുത്ത സംവിധായകനാണ്. അദ്ദേഹത്തിന്റെ പാതയിൽ പേരക്കുട്ടിയും എത്തുന്നു. അദ്ദേഹത്തിന് വളരെ സന്തോഷം തോന്നിക്കാണും. ഏത് മുത്തശ്ശനും പേരക്കുട്ടികൾ തങ്ങളെ പോലെ വരണമെന്ന് ആഗ്രഹിക്കും. കരാറിൽ ഒപ്പുവെക്കുമ്പോഴും ഫോട്ടോയെടുക്കുമ്പോഴും എസ്എ ചന്ദ്രശേഖറിനെ ഒപ്പം നിർത്തേണ്ടതായിരുന്നു എന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു.
വിജയുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും ഇപ്പോൾ എസ്എ ചന്ദ്രശേഖറിന്റെ പേര് കേൾക്കാറില്ല. വിജയ് രാഷ്ട്രീയ പ്രവേശന ചർച്ചകൾ കാര്യമായി നടത്തവെയും പിതാവിന്റെ സാന്നിധ്യമില്ല. ഇരുവരും തമ്മിൽ അകൽച്ചയിലാണെന്ന് നാളുകളായി അഭ്യൂഹമുണ്ട്. എന്നാൽ താരം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അഭ്യൂഹങ്ങളെ തള്ളിക്കളയാൻ വിജയും പിതാവും ഒരുമിച്ചുള്ള ഒരു ഫോട്ടോ പോലും ആരാധകർക്ക് ലഭിക്കുന്നില്ല. ഇതാണ് സംശയം ബലപ്പെടുത്തുന്നത്.

വിജയ്നെ ഇന്നത്തെ താരമാക്കി മാറ്റിയതിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് എസ്എ ചന്ദ്രശേഖർ. നടനെ വച്ച് സിനിമ ചെയ്യാൻ പലരും മടിച്ചപ്പോൾ മകന് വേണ്ടി എസ്എ ചന്ദ്രശേഖർ അവസരങ്ങളുണ്ടാക്കി. വിജയുടെ കരിയർ ഇന്നത്തെ നിലയിലേക്ക് വളർത്താൻ വേണ്ടി പിതാവ് പരിശ്രമിച്ചു. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായി.
വിജയുടെ പേര് വെച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. തന്റെ സമ്മതമില്ലാതെയാണ് നീക്കമെന്ന് പറഞ്ഞ് വിജയ് കേസ് കൊടുക്കുന്ന സാഹചര്യം ഉണ്ടായി. അന്നത്തെ പ്രശ്നം ഇപ്പോഴും അവസാനിച്ചില്ലെന്നാണ് കോളിവുഡിലെ സംസാരം. എന്നാൽ ഇത് സംബന്ധിച്ച് വിജയോ എസ്എ ചന്ദ്രശേഖറോ പ്രതികരിച്ചിട്ടില്ല.
അടുത്തിടെയായി നടന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് വ്യാപകമായി ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്. വിജയും ഭാര്യ സംഗീതയും വേർപിരിയുന്നു എന്നായിരുന്നു ഒരു പ്രചരണം. ഏറെ നാൾ ഈ പ്രചരണം നടന്നെങ്കിലും ദമ്പതികൾ പ്രതികരിക്കാൻ തയ്യാറായില്ല. പതിയെ ഈ ഗോസിപ്പ് കെട്ടടങ്ങി. പൊതുവെ ഗോസിപ്പുകളോടൊന്നും വിജയ് പ്രതികരിക്കാറില്ല.
രാഷ്ട്രീയ നീക്കങ്ങൾ സജീവമായി നടത്തുന്ന വിജയ് ജീവിതത്തിലെ നിർണായക ഘട്ടത്തിലാണ് ഇപ്പോഴുള്ളത്. നടന്റെ രാഷ്ട്രീയ ഭാവി എങ്ങനെയാകുമെന്നതിൽ ഏവർക്കും ആകാംക്ഷയുണ്ട്. ലിയോയാണ് വിജയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷയാണ് നായിക. വാരിസ് ആണ് വിജയുടെ ഒടുവിൽ റിലീസ് ചെയ്ത സിനിമ. ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ വാരിസ് പക്ഷെ പതിവ് വിജയ് ചിത്രങ്ങളുടെ ഫോർമാറ്റിന്റെ പേരിൽ വിമർശിക്കപ്പെട്ടു.


Click it and Unblock the Notifications











