വിക്രം കൊച്ചിയില്‍; നല്ല സിനിമകള്‍ മാത്രം മതിയെന്ന് നടന്‍
കൊച്ചി: ഓടിച്ചാടി സിനിമകള്‍ ചെയ്യുന്നത് നിര്‍ത്തിയെന്ന് നടന്‍ വിക്രം. ഇനിമുതല്‍ നല്ല സിനിമകളുടെ മാത്രം ഭാഗമാകാനാണ് താത്പര്യം. ഐ എന്ന സിനിമയ്ക്കുവേണ്ടി ഒട്ടേറെ സിനിമകള്‍ ഉപേക്ഷിച്ചിരുന്നു. ഈ കാലയളവില്‍ ഒന്‍പതു സിനിമകള്‍വരെ തനിക്കുവേണങ്കില്‍ ചെയ്യാമായിരുന്നെന്നും വിക്രം പറഞ്ഞു. ബ്രഹ്മാണ്ഡ ചിത്രം ഐയുടെ പ്രമോഷനായി കൊച്ചിയിലെത്തിയതായിരുന്നു സൂപ്പര്‍ താരം.
വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ഐ യിലേത്. സിനിമ സൂപ്പര്‍ ഹിറ്റാകുമെന്നുറപ്പാണെന്ന് വിക്രം പറഞ്ഞു. മലയാള നടന്‍ സുരേഷ് ഗോപിയുടെതും പ്രാധാന്യമുള്ള കഥാപാത്രമാണെന്ന് വിക്രം വിശദീകരിച്ചു. സസ്‌പെന്‍സ് നിലനിര്‍ത്താനാണ് കഥാപാത്രത്തിന്റെ കഥാപാത്രത്തെ കുറിച്ച് രഹസ്യമായി സൂക്ഷിച്ചത്. അതുകൊണ്ടുതന്നെയാണ് അവരെ ട്രെയിലറില്‍ നിന്നും ഒഴിവാക്കിയതെന്നും വിക്രം പറയുന്നു.

ഒരുകാലത്ത് മലയാള സിനിമയില്‍ സാന്നിദ്ധ്യമായ വിക്രം മലയാളത്തോടുള്ള പ്രിയവും പങ്കുവെച്ചു. തമിഴ് പോലെ ഇഷ്ടമുള്ളതാണ് തനിക്ക് മലയാളവും മലയാളികളും. മലയാളി സിനിമാ പ്രേക്ഷകരും തനിക്ക് ഏറെ പ്രോത്സാഹനം തന്നിരുന്നു. മലയാളത്തിലെ പുതുസിനിമകളിലെ മാറ്റത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ കണ്ട മലയാള സിനിമകളായ ബാംഗ്ലൂര്‍ ഡെയ്‌സും അഞ്ചു സുന്ദരികളും തന്നെ ഏറെ ആകര്‍ഷിച്ചു. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലുമായി ബന്ധപ്പെട്ട് ബ്ലസിയുമായി സംസാരിച്ചിരുന്നു. ചിത്രം മലയാളത്തിലും തമിഴിലുമായി ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും വിക്രം പറഞ്ഞു.


Click it and Unblock the Notifications











