ഐശ്വര്യയുമായി രമ്യതയിലെത്താൻ ധനുഷിന്റെ പുതിയ നീക്കം? രജിനികാന്തിന്റെ വീടിനടുത്ത് 150 കോടിയുടെ വീട് വാങ്ങി
തമിഴ് സിനിമാ രംഗത്തെ വിലപിടിപ്പുള്ള താരമാണ് ധനുഷ്. നായക സങ്കൽപ്പങ്ങളെല്ലാം കാറ്റിൽ പറത്തിയ ധനുഷ് ഇന്ന് മുൻനിര നായക നടനാണ്. സൂപ്പർ സ്റ്റാർ രജിനികാന്തിന്റെ മരുമകനും കൂടിയായിരുന്നു ധനുഷ്. തമിഴ് നടൻ എന്നതിനപ്പുറം ഇന്ന് ഹോളിവുഡിലും സാന്നിധ്യമറിയിച്ച നടനാണ് ധനുഷ്. ഹിന്ദി സിനിമകളിലും നടൻ ശ്രദ്ധിക്കപ്പെട്ടു. നടനെന്നതിനപ്പുറം ഗായകൻ, ഗാനരചയിതാവ് എന്നീ മേഖലകളിലും ധനുഷ് കൈ വെച്ചിട്ടുണ്ട്.
മുപ്പത്തൊമ്പത് കാരനായ നടന് ഏത് പ്രായത്തിലുള്ള റോളും അനായാസം വഴങ്ങുമെന്നതാണ് മറ്റൊരു പ്രത്യേകത. സ്കൂൾ വിദ്യാർത്ഥിയായി വരെ ധനുഷ് തന്റെ മുപ്പതുകളിൽ അഭിനയിച്ചിട്ടുണ്ട്. വാത്തിയാണ് നടന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണാണ് ലഭിക്കുന്നത്. ഏറെ നാളായി ആരാധകർ കാത്തിരിക്കുന്ന സിനിമയായിരുന്നു വാത്തി. മലയാളിയായ സംയുക്തയാണ് സിനിമയിലെ നായിക.
ഇപ്പോഴിതാ ധനുഷിന്റെ ജീവിതത്തിൽ സന്തോഷകരമായ മറ്റൊരു കാര്യം നടന്നിരിക്കുകയാണ്. പ്രമുഖ വ്യക്തികൾ താമസിക്കുന്ന പോയസ് ഗാർഡനിൽ ഒരു വീട് വാങ്ങിയിരിക്കുകയാണ് ധനുഷ്. റിപ്പോർട്ടുകൾ പ്രകാരം 150 കോടി രൂപയ്ക്കാണ് ധനുഷ് ഈ വീട് സ്വന്തമാക്കിയിരിക്കുന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിൽ നടത്തിയ ചെറിയ ചടങ്ങിൽ പങ്കെടുത്തു. ഫിലിം മേക്കർ സുബ്രമണ്യം ശിവയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇതിന്റെ ഫോട്ടോകൾ പങ്കുവെച്ചത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഈ ബംഗ്ലാവ് തന്റെ മാതാപിതാക്കൾക്ക് സമ്മാനിച്ചിരിക്കുകയാണ് ധനുഷ്.
ഭാര്യാ പിതാവ് രജിനികാന്തിന്റെ വീടിനടുത്താണ് ധനുഷ് വീട് വാങ്ങിയിരിക്കുന്നത്. 35 കോടിയാണ് രജിനികാന്തിന്റെ വീടിന്റെ വില. ധനുഷിന്റെ പുതിയ നീക്കം സംബന്ധിച്ച് മറ്റ് പല അഭ്യൂഹങ്ങളുമുണ്ട്. ഭാര്യ ഐശ്വര്യയുമായി ഒരു വർഷത്തിലേറയായി അകന്ന് കഴിയുകയാണ് ധനുഷ്. തങ്ങൾ വേർപിരിയുകയാണെന്ന കാര്യം ഇരുവരും തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്.

എന്നാൽ രണ്ട് പേരുടെയും കുടുംബങ്ങൾ ഇവരെ വീണ്ടും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. പ്രത്യേകിച്ചും ഐശ്വര്യയുടെ പിതാവ് രജിനികാന്ത് ഇതിന് വേണ്ടി നിരവധി ചർച്ചകൾ നടത്തിയത്രെ. ഇതിനിടെയാണ് ധനുഷ് രജിനിയുടെ വീടിന് സമീപം പുത്തൻ വീട് വാങ്ങിയിരിക്കുന്നത്.
2004 നവംബറിലാണ് ധനുഷ് വിവാഹം കഴിക്കുന്നത്. ധനുഷിന്റെ കുടുംബവും ഐശ്വര്യയുടെ കുടുംബവും നേരത്തെ അറിയുന്നവരാണ്. ധനുഷിന്റെ സഹോദരിയുടെ സുഹൃത്തുമായിരുന്നു ഐശ്വര്യ. വീട്ടുകാർ തീരുമാനിച്ചുറപ്പിച്ചതായിരുന്നു ധനുഷ്-ഐശ്വര്യ വിവാഹം.ധനുഷിനേക്കാൾ രണ്ട് വയസ് മൂത്തയാളാണ് ഐശ്വര്യ.
ഭർത്താവിനെ വെച്ച് 3 എന്ന സിനിമ ഐശ്വര്യ സംവിധാനം ചെയ്യുകയും ചെയ്തു. എന്താണ് വേർപിരിയലിന് കാരണമായതെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. അതേസമയം വേർപിരിഞ്ഞെങ്കിലും ഇവർ തമ്മിൽ പ്രശ്നങ്ങളില്ല. മക്കളുടെ കാര്യങ്ങൾ രണ്ട് പേരും ഒരുമിച്ചാണ് നോക്കുന്നത്. വിവാഹ മോചനത്തിന് ശേഷം ധനുഷിനൊപ്പം മിക്ക സ്ഥലങ്ങളിലും മക്കളായ യാത്രയും ലിംഗയുമുണ്ടാവും.
അടുത്തിടെ വാത്തിയുടെ ഓഡിയോ ലോഞ്ചിന് ധനുഷ് മക്കളെക്കുറിച്ച് പറഞ്ഞ കാര്യ ഏറെ ശ്രദ്ധ നേടിയിരുന്നു. മക്കൾ രണ്ട് പേരും തന്റെ ബെസ്റ്റ് ഫ്രണ്ട്സാണെന്നായിരുന്നു ധനുഷ് പറഞ്ഞത്. ധനുഷ് ഐശ്വര്യയുമായി ഒന്നിക്കണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.
എന്നാൽ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നാണ് വിവാഹ മോചനം സംബന്ധിച്ചിറക്കിയ പ്രസ്താവനയിൽ ധനുഷ് പറഞ്ഞത്. നേരത്തെ ധനുഷിനെക്കുറിച്ച് പല ഗോസിപ്പുകൾ വന്നപ്പോഴൊന്നും വിവാഹ ബന്ധത്തെ ബാധിച്ചിരുന്നില്ല.


Click it and Unblock the Notifications