ആദ്യം തീരുമാനിച്ചത് ഐശ്വര്യ റായിയെ; പകരം ജ്യോതിക വന്നപ്പോൾ രജിനികാന്തിനുണ്ടായ സംശയം
നിരവധി താര സുന്ദരികൾ തെന്നിന്ത്യൻ സിനിമകളിൽ വന്നിട്ടുണ്ടെങ്കിലും ഇവർക്കെല്ലാം മുകളിലാണ് ഐശ്വര്യ റായ്ക്കുള്ള സ്ഥാനം. ബോളിവുഡിൽ നിന്ന് തുടരെ അവസരങ്ങൾ വന്നപ്പോഴും കർണാടകക്കാരിയായ ഐശ്വര്യ റായ് അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത് ഇരുവർ എന്ന തമിഴ് സിനിമയിലൂടെയാണ്. പിന്നീട് ഹോളിവുഡിൽ വരെ സാന്നിധ്യം അറിയിച്ചപ്പോഴും തന്റെ തെന്നിന്ത്യൻ പാരമ്പര്യത്തെ ഐശ്വര്യ റായ് മറന്നില്ല. ഇടയ്ക്കിടെ വന്ന് തമിഴ് സിനിമകളിൽ ഐശ്വര്യ സാന്നിധ്യം അറിയിച്ചു.
ജീൻസ്, കണ്ടു കൊണ്ടെയ്ൻ കണ്ടു കൊണ്ടെയ്ൻ, യന്തിരൻ, രാവണൻ, പൊന്നിയിൻ സെൽവൻ തുടങ്ങി ഒരുപിടി സിനിമകളിലേ ഐശ്വര്യ റായ് തമിഴിൽ ഇതുവരെ അഭിനയിച്ചിട്ടുള്ളൂ. ഇവയിൽ ഭൂരിഭാഗവും ശ്രദ്ധിക്കപ്പെട്ടു. പൊന്നിയിൻ സെൽവന്റെ വിജയത്തിളക്കത്തിലാണ് ഇപ്പോൾ ഐശ്വര്യ റായ്. തമിഴ് പൈതൃകം പേറുന്ന നോവൽ സിനിമയായപ്പോൾ സുപ്രധാന കഥാപാത്രമായ നന്ദിനിയെ അവതരിപ്പിക്കാൻ ഐശ്വര്യയല്ലാതെ മറ്റൊരു മുഖം സംവിധായകൻ മണിരത്നത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. നന്ദിനിയായി ഐശ്വര്യക്ക് പകരം മറ്റൊരാളെ ചിന്തിക്കാൻ പറ്റില്ലെന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരും പറഞ്ഞു.

ഐശ്വര്യയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയായി പൊന്നിയിൻ സെൽവനെ നിരൂപകരും അടയാളപ്പെടുത്തുന്നു. തമിഴിൽ നിന്നും ഐശ്വര്യക്ക് ലഭിക്കുന്ന ശക്തമായ കഥാപാത്രങ്ങൾ പലപ്പോഴും ബോളിവുഡിൽ നിന്ന് ലഭിക്കുന്നില്ലെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. അടുത്തിടെ പ്രമുഖ ഫിലിം ജേർണലിസ്റ്റ് അനുപമ ചോപ്രയും ഇക്കാര്യം ചൂണ്ടിക്കാട്ടി.
അതേസമയം കരിയറിൽ ഐശ്വര്യ ചെയ്യാതിരുന്ന ചില ഹിറ്റ് തമിഴ് സിനിമകളുമുണ്ട്. അതിലൊന്നാണ് മലയാള ചിത്രം മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖി. രജിനികാന്ത്, ജ്യോതിക, പ്രഭു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയിൽ ജ്യോതികയ്ക്ക് പകരം ആദ്യം നായികയായി പരിഗണിച്ചത് ഐശ്വര്യ റായിയെ ആണ്. എന്നാൽ നടി ഈ സിനിമ നിരസിച്ചു.

രജിനികാന്ത് തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. മുമ്പൊരിക്കൽ ചന്ദ്രമുഖിയുടെ സിൽവർ ജൂബിലി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രമുഖിയുടെ മേക്കേർസ് എന്നെ സമീപിച്ചപ്പോൾ ഞാൻ ആദ്യം പറഞ്ഞത് വടിവേലുവിന്റെ ഡേറ്റ് വാങ്ങാനാണ്. ശേഷം ഐശ്വര്യ റായോട് കഥ പറയാനും പറഞ്ഞു. ഐശ്വര്യ റായ് സിനിമ നിരസിച്ചതോടെ ജ്യോതികയിലേക്ക് സിനിമയെത്തുകയും അവർ കഥാപാത്രം അനശ്വരമാക്കുകയും ചെയ്തു. ജ്യോതികയെ കാസ്റ്റ് ചെയ്തപ്പോൾ കഥാപാത്രത്തോട് നീതി പുലർത്താൻ അവർക്ക് പറ്റുമോ എന്നെനിക്ക് സംശയമുണ്ടായിരുന്നു.
പക്ഷെ ജ്യോതിക മികച്ച രീതിയിൽ കഥാപാത്രത്തെ അവതരിപ്പിച്ചെന്നും രജിനികാന്ത് പ്രശംസിച്ചു. ജ്യോതികയുടെ കരിയറിൽ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയാണ് ചന്ദ്രമുഖി. രജിനികാന്ത് എന്ന സൂപ്പർസ്റ്റാറിന് സിനിമയിലുള്ള അതേ പ്രാധാന്യം ജ്യോതികയുടെ കഥാപാത്രത്തിനുമുണ്ടായിരുന്നു. ചന്ദ്രമുഖിക്ക് ശേഷം കരിയറിൽ കുതിച്ച് ചാട്ടം സംഭവിച്ചെങ്കിലും ജ്യോതിക പക്ഷെ പിന്നീട് അധികനാൾ സിനിമാ രംഗത്ത് തുടർന്നില്ല. 2006 ൽ വിവാഹിതയായ നടി അഭിനയ രംഗത്ത് നിന്നും വിട്ടു നിന്നു.
36 വയതിനിലേ എന്ന സിനിമയിലൂടെയാണ് നടി പിന്നീട് തിരിച്ച് വരുന്നത്. ഹൗ ഓൾഡ് ആർ യു എന് മലയാള സിനിമയുടെ തമിഴ് റീമേക്കായിരുന്നു ഇത്. ഐശ്വര്യയും ജ്യോതികയും ഇന്ന് കരിയറിൽ സജീവമാണ്. നാല് വർഷത്തെ ഇടവേള കഴിഞ്ഞുള്ള തിരിച്ച് വരവ് പൊന്നിയിൻ സെൽവനിലൂടെ ഐശ്വര്യ റായ് ഗംഭീരമാക്കി. രണ്ട് നടിമാരുടെയും മികച്ച സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications