ലോകത്തിലെ ഏറ്റവും നല്ല അമ്മ; ഞാനിന്നത്തെ സ്ത്രീയായതിന് കാരണം; സരികയ്ക്ക് പിറന്നാളാശംസയറിയിച്ച് അക്ഷര
കമൽ ഹാസന്റെ ഇളയ മകളായ അക്ഷര ഹാസനെ വളരെ കുറച്ച് സിനിമകളിലേ പ്രേക്ഷകർ കണ്ടിട്ടുള്ളൂ. ചേച്ചി ശ്രുതി ഹാസനെ പോലെ തെന്നിന്ത്യയിലെ തിരക്കേറിയ നടിയായി അക്ഷര ഹാസൻ മാറിയില്ല. തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ അക്ഷര ഹാസന് താൽപര്യവുമില്ല. താരപുത്രിയായി ലൈം ലൈറ്റിൽ എപ്പോഴും സാന്നിധ്യമറിയിക്കാനും അക്ഷര ഹാസന് താൽപര്യമില്ല. 2015 ൽ ഷമിതാഭ് എന്ന സിനിമയിലൂടെയാണ് അക്ഷര അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്. ഇതുൾപ്പെടെ അഞ്ച് സിനിമകൾ മാത്രമേ അക്ഷര ഇതുവരെ ചെയ്തിട്ടുള്ളൂ.
മക്കൾ രണ്ട് പേരും തന്റെ താരമൂല്യത്തിന്റെ പ്രിവിലേജുകൾ ഉപയോഗിച്ച് സഹായിക്കാൻ കമൽ ഹാസൻ തയ്യാറല്ല. ഈ സഹായം സ്വീകരിക്കാൻ ശ്രുതിയോ അക്ഷരയോ ഒരുക്കലുമല്ല. ഇരുവരുടെ അമ്മ സരികയും ഒരുകാലത്തെ തിരക്കേറിയ നടിയായിരുന്നു. കമലും സരികയും വേർപിരിഞ്ഞിട്ട് വർഷങ്ങളായെങ്കിലും മക്കളുടെ കാര്യങ്ങൾ ഇരുവരും ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ അമ്മ സരികയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുകയാണ് അക്ഷര ഹാസൻ. ലോകത്തിലെ ഏറ്റവും നല്ല അമ്മയാണ് സരികയെന്ന് അക്ഷര ഹാസൻ പറയുന്നു.

ശക്തിയും അന്തസ്സും കരുണയും കാണിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച അമ്മ. ഉത്തമ സ്ത്രീ എങ്ങനെയായിരിക്കണമെന്നതിന്റെ മികച്ച ഉദാഹരണമുള്ളതിനാലാണ് ഞാനിന്നത്തെ സ്ത്രീയായത്. നിങ്ങളെ പോലെയൊരു അമ്മയെ ലഭിച്ചത് അനുഗ്രഹമാണ്. മറ്റൊരാളുടെ അമ്മയാകാതെ നിങ്ങൾ എന്റെ അമ്മയായതിൽ വളരെ സന്തോഷമുണ്ടെന്നും അക്ഷര ഹാസൻ കുറിച്ചു. ശ്രുതി ഹാസനും അമ്മയുടെ പഴയ ഫോട്ടോകൾ പങ്കുവെച്ച് കൊണ്ട് പിറന്നാൾ ആശംസ അറിയിച്ചിട്ടുണ്ട്. 62 വയസ് പൂർത്തിയായിരിക്കുകയാണ് സരികയ്ക്ക്.
ഡൽഹിയിൽ ജനിച്ച് വളർന്ന സരിക ബാലതാരമായാണ് സിനിമയിലെത്തുന്നത്. ചെറിയ പ്രായത്തിലേ അച്ഛൻ ഉപേക്ഷിച്ച് പോയതിനാൽ സരികയായിരുന്നു കുടുംബത്തിന്റെ ആശ്രയം. കരിയറിലെ മികച്ച സമയത്താണ് സരിക കമലിനൊപ്പം വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതും മുംബൈയിൽ നിന്നും ചെന്നെെയിലേക്ക് താമസം മാറുന്നതും. വിവാഹത്തിന് മുമ്പേ ഇരുവരും ലിവിംഗ് ടുഗെദറിൽ ആയിരുന്നു. മൂത്ത മകൾ ശ്രുതി ഹാസൻ ജനിക്കുന്നതും വിവാഹത്തിന് മുമ്പാണ്. 2004 ലാണ് സരികയും കമലും വേർപിരിഞ്ഞത്.

വിവാഹമോചനത്തിന് ശേഷം സരിക സിനിമാ രംഗത്തേക്ക് തിരിച്ചെത്തി. കമലുമായുള്ള ബന്ധം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയിട്ടില്ലെന്ന് സരിക മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. മക്കളായി ശ്രുതിയും അക്ഷരയും പിറന്നു അപ്പോൾ എങ്ങനെയാണ് ഖേദിക്കാൻ പറ്റുകയെന്നും സരിക ചോദിച്ചു. എടുത്ത തീരുമാനങ്ങൾ വേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടില്ല. എനിക്ക് രണ്ട് മൂന്നോ അവസരങ്ങൾ കൂടി ലഭിച്ചിരുന്നെങ്കിലും ജീവിതം ഇങ്ങനെ തന്നെയേ ഞാൻ ജീവിക്കുമായിരുന്നുള്ളൂയെന്നും സരിക വ്യക്തമാക്കി.
ക്ലാസിക്കൽ ഡാൻസർ വാണി ഗണപതി ആയിരുന്നു കമലിന്റെ ആദ്യ ഭാര്യ. ഈ വിവാഹ ബന്ധം നിലനിൽക്കെയാണ് കമൽ സരികയുമായി അടുത്തത്. വാണിയുമായി പിരിഞ്ഞ ശേഷം സരികയെ വിവാഹവും ചെയ്തു. എന്നാൽ രണ്ടാം വിവാഹവും മുന്നോട്ട് കൊണ്ട് പോകാൻ കമലിന് കഴിഞ്ഞില്ല. സരികയുമായി പിരിഞ്ഞ ശേഷം നടി ഗൗതമിയുമായി ലിവ് ഇൻ റിലേഷനിലായിരുന്നു കമൽ. വർഷങ്ങൾക്ക് ശേഷം ഇവരും രണ്ട് വഴിക്ക് പിരിഞ്ഞു. അടുത്തിടെയായിരുന്നു കമൽ ഹാസന്റെ 69ാം പിറന്നാൾ ദിനം.


Click it and Unblock the Notifications











