കാരവാൻ ഇഷ്ടപ്പെട്ടില്ല, 65 കാരന് വിശാലിന്റെ കാലിൽ വീഴേണ്ടി വന്നു; അന്ന് സെറ്റിലുണ്ടാക്കിയ പ്രശ്നം: അന്തനൻ
സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ച നടൻ വിശാലിന്റെ ആരോഗ്യനിലയാണ്. നടന് കാര്യമായ എന്തോ ആരോഗ്യപ്രശ്നമുണ്ടെന്ന് ആരാധകർ പറയുന്നു. ഒരു വേദിയിൽ വെച്ചുള്ള വിശാലിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്. വിറച്ച് കൊണ്ട് സംസാരിക്കുന്ന നടൻ നടക്കാനും ബുദ്ധിമുട്ടുന്നു. മദഗദരാജ എന്ന സിനിമയുടെ പ്രൊമോഷൻ ഇവന്റിൽ നിന്നുള്ള ചിത്രങ്ങളാണ് പുറത്ത് വന്നത്. അടുത്ത കാലം വരെയും ആരോഗ്യവാനായാണ് വിശാലിനെ പൊതുവേദികളിൽ കണ്ടിരുന്നത്.
നടന് എന്താണ് സംഭവിച്ചതെന്ന് ചോദ്യങ്ങൾ വന്നു. കടുത്ത വൈറൽ പനിയാണ് വിശാലിനെന്ന് ഡോക്ടർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിശാലിന്റെ ആരോഗ്യ നില മോശമാണെന്നും വാദങ്ങൾ വരുന്നുണ്ട്. ഇപ്പോഴിതാ വിശാലിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് വിശാൽ. കരിയറിൽ പല പ്രശ്നങ്ങളിലൂടെയാണ് വിശാൽ കടന്ന് പോകുന്നതെന്ന് അന്തനൻ പറയുന്നു.

മുൻകോപക്കാരനാണ് വിശാൽ. ഷൂട്ടിംഗിനിടെ നടന്ന പല സംഭവങ്ങൾ കേട്ടിട്ടുണ്ട്. സംവിധായകൻ ബാലചന്ദറിനൊപ്പം സന്താനം എന്ന പ്രൊഡക്ഷൻ മാനേജർ വർക്ക് ചെയ്തിരുന്നു. അന്ന് അദ്ദേഹത്തിന് 65 വയസുണ്ട്. ഒരു പഴയ സിനിമയാണ്. പേര് പറയുന്നില്ല. അന്ന് സെറ്റിൽ വിശാലിന് സിംഗിൾ ഡോറുള്ള കാരവാൻ വേണം. കാരണം ഡബിൾ ഡോറിനേക്കാൾ പ്രെെവസി ലഭിക്കും. ഞങ്ങൾ തന്നെ പണം കൊടുക്കാം, എന്താണോ ആവശ്യപ്പെടുന്നത് അത് തരണെമന്ന് വിശാൽ പറഞ്ഞു. എന്നാൽ ചെലവ് ചുരുക്കാനാണ് പ്രൊഡക്ഷൻ കൺട്രോളർമാർ നോക്കുക. ഡബിൾ ഡോറുള്ള കാരവാനാണ് പിറ്റേന്ന് രാവിലെ എത്തിയത്. ഇത് കണ്ട വിശാൽ അക്രോശിച്ചു.
ഷോട്ട് കഴിഞ്ഞിട്ട് പറയാമെന്ന് പറഞ്ഞ് നടൻ ഇറങ്ങവെ വഴുതി വീണു. ഇതോടെ ദേഷ്യം വീണ്ടും കൂടി. 65 വയസുള്ളയാളാണ് പ്രൊഡക്ഷൻ മാനേജർ. അയാളെ എത്ര വഴക്ക് പറയാൻ പറ്റും. ഷൂട്ടിംഗ് സെറ്റിലുള്ളവരെല്ലാം മുഖം ചുളിക്കുന്ന നിലയിൽ കടുത്ത വഴക്ക് അയാളെ പറഞ്ഞു. ആ മനുഷ്യൻ വിശാലിന്റെ കാലിൽ വീണു. അറിയാതെ പറ്റിയതാണെന്ന് പറഞ്ഞു.

അതിന് ശേഷമാണ് ദേഷ്യം അടങ്ങിയത്. സിനിമയിലും സംഘടനയിലുമെല്ലാം വിശാൽ ഇങ്ങനെയായിരുന്നെന്നും അന്തനൻ പറയുന്നു. തമിഴ് സിനിമാ സംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറിയാണ് വിശാൽ. 2013 ൽ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമാണ് വിശാലിന്റെ മദഗദരാജ. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം റിലീസ് നീണ്ട് പോയി.
നിലവിൽ സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളോട് വിശാൽ പ്രതികരിച്ചിട്ടില്ല. ആരോഗ്യ സ്ഥിതി മോശമായിട്ടും സിനിമയുടെ പ്രൊമോഷന് എത്തിയ താരത്തെ നിരവധി പേർ അഭിനന്ദിക്കുന്നുണ്ട്. 47 കാരനായ വിശാൽ നിർമാതാവ് ജികെ റെഡ്ഡിയുടെ മകനാണ്. വിശാലിന്റെ ചേട്ടൻ വിക്രം കൃഷ്ണ നടനും നിർമാതാവുമാണ്. വിശാൽ അവിവാഹിതനായി തുടരുന്നത് സിനിമാ ലോകത്ത് പലപ്പോഴും ചർച്ചയായിട്ടുണ്ട്. മുമ്പൊരിക്കൽ നടന്റെ വിവാഹ നിശ്ചയം നടന്നതാണെങ്കിലും പിന്നീട് ഈ ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നു. പല ഗോസിപ്പുകളും വന്നെങ്കിലും താരം ഇത് നിഷേധിച്ചു.


Click it and Unblock the Notifications