'ആ വിജയ് ചിത്രം വിവാദത്തിലായപ്പോൾ ഒരു കോൾ; നയൻതാര ബുദ്ധിശാലി; ജവാനിൽ നായികയായതിന് പിന്നിൽ'
തെന്നിന്ത്യൻ സിനിമാ രംഗത്ത് കൈ നിറയെ അവസരങ്ങളുമായി കരിയറിന്റെ മികച്ച സമയത്താണ് നയൻതാര. ഇന്ന് തെന്നിന്ത്യയും കടന്ന് ബോളിവുഡിലും നയൻതാര വിജയം കൊയ്തു. പുതിയ ചിത്രം ജവാൻ മികച്ച ബോക്സ് ഓഫീസ് കലക്ഷനുമായി മുന്നോട്ട് കുതിക്കുകയാണ്. നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രത്തിന് ലഭിച്ച ജനസ്വീകാര്യതയിൽ ആരാധകരും സന്തോഷത്തിലാണ്. നയൻതാരയും ഷാരൂഖ് ഖാനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ജവാൻ.
കരിയറിൽ എന്നും മാർക്കറ്റ് മൂല്യമുള്ള നായികയാകുന്നതിന് നയൻതാര പ്രാധാന്യം കൊടുത്തിട്ടുണ്ട്. ഇന്നും പ്രാധാന്യമില്ലാത്ത വേഷമാണെങ്കിൽ പോലും സൂപ്പർസ്റ്റാർ സിനിമയാണെങ്കിൽ നടി ചെയ്യും. അണ്ണാത്തെ, ബിഗിൽ തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണം ആണ്. നയൻതാര കരിയറിൽ നടത്തുന്ന ബുദ്ധിപരമായ നീക്കങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു. ജവാനിൽ നായികയാകുന്നതിന് വരെ നയൻതാരയെ സഹായിച്ചത് ഈ നീക്കങ്ങളാണെന്ന് ഇദ്ദേഹം പറയുന്നു.

നയൻതാര ബുദ്ധിശാലിയാണ്. മുമ്പ് കത്തി എന്ന സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന് ആരോപണം വന്നിരുന്നു. അത് സ്ഥിരീകരിക്കുകയും ചെയ്തു. ഗോപി നൈനാറുടെ കഥയാണ് കത്തി. ഇത് വാർത്തയായപ്പോൾ ഗോപി നൈനാർക്ക് ഒരു കോൾ വന്നു. നയൻതാരയാണ് വിളിപ്പിച്ചത്. നിങ്ങളെക്കുറിച്ച് എല്ലാം അറിഞ്ഞു, ഒരു പടം ചെയ്യൂ, നിർമിക്കാൻ പണം തരാം, ഏത് ഹീറോയെ വേണമെങ്കിലും വെച്ച് സിനിമ ചെയ്തോയെന്ന് നയൻതാര പറഞ്ഞു.
ഗോപി നൈനാറിന് ആശ്ചര്യമായി. ഇത്രയും പ്രൊഡക്ഷൻ കമ്പനികൾ ഉണ്ടായിട്ടും ആരും വിളിച്ചില്ല, പക്ഷെ ഒരു നായിക നടി വിളിച്ചു. നിങ്ങൾക്ക് വേണ്ടി സിനിമ ചെയ്യാമെന്ന് ഗോപി നൈനാർ പറഞ്ഞു. അങ്ങനെയാണ് അരം എന്ന സിനിമ ഉണ്ടാകുന്നതെന്നും ചെയ്യാറു ബാലു വ്യക്തമാക്കി. 2017 ലാണ് അരം എന്ന സിനിമ പുറത്തിറങ്ങുന്നത്. നയൻതാര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ മികച്ച വിജയം നേടി. 2014 ലാണ് വിജയ് നായകനായ കത്തി എന്ന സിനിമ പുറത്തിറങ്ങുന്നത്.

ഗോപി നൈനാറിന് കൈത്താങ്ങായത് പോലെ കരിയറിലെ തുടക്കകാലത്ത് അറ്റ്ലിയെയും നയൻതാര പിന്തുണച്ചെന്ന് ചെയ്യാറു ബാലു പറയുന്നു. രാജാ റാണിയിലെ നായിക വേഷത്തിന് അറ്റ്ലി നേരത്തെ പല നായികമാരെയും സമീപിച്ചിരുന്നു. എന്നാൽ ഇവർ നിരസിച്ചു. എന്നാൽ നയൻതാര അറ്റ്ലിയെ വിശ്വസിച്ചു. ഇതിന് ശേഷം അറ്റ്ലിയുടെ പ്രിയ നായികയായി നയൻതാര മാറിയെന്നും ചെയ്യാറു ബാലു വ്യക്തമാക്കി.
ജവാനിൽ ഗ്ലാമറസായ വേഷത്തിലാണ് നയൻതാര അഭിനയിക്കുന്നത്. അത് അവരുടെ തീരുമാനം തന്നെയായിരിക്കും. തമിഴ് പ്രേക്ഷകരുടെ ചിന്താഗതി വേറെയാണ്. കല്യാണം കഴിഞ്ഞ് കുട്ടികളായില്ലേ, ഇനിയും ഗ്ലാമറസ് ആയി അഭിനയിക്കുന്നോ എന്ന് തോന്നിയേക്കാം. അത്തരം ചിന്തകളെ ഉടയ്ക്കാൻ ജവാൻ എന്ന സിനിമയ്ക്ക് കഴിഞ്ഞേക്കുമെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു.
കഴിഞ്ഞ കുറേ വർഷങ്ങളായി ഗ്ലാമറസായ വേഷങ്ങളിൽ നയൻതാര അഭിനയിക്കാറില്ല. കരിയറിന്റെ തുടക്ക കാലത്ത് ഇത്തരം നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോൾ ഗ്ലാമറസ് വേഷങ്ങളോട് നടി നോ പറയാറാണ് പതിവ്. എന്നാൽ ജവാനിൽ ഈ പോളിസിക്ക് ചെറിയ മാറ്റം വന്നിട്ടുണ്ട്. ജവാന് ശേഷം നയൻതാരയുടെ ഒന്നിലേറെ സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇരവൈൻ ആണ് നടിയുടെ റിലീസിനൊരുങ്ങുനന ചിത്രം.


Click it and Unblock the Notifications