ആദ്യത്തെയും അവസാനത്തെയും ചുംബനരംഗം; തുളസി എന്റെ സുഹൃത്താണ്, പക്ഷെ...; ഗൗതം കാർത്തിക്
തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെയാണ് നടൻ ഗൗതം കാർത്തിക്കിന്റെ ഉദയം കണ്ടത്. എൺപതുകളിൽ തരംഗം സൃഷ്ടിച്ച കാർത്തിക്കിന്റെ മകനായതിനാൽ ഗൗതമിന്റെ വരവ് സിനിമാ ലോകത്ത് ചർച്ചയായി. ആദ്യ സിനിമ തന്നെ പ്രഗൽഭ സംവിധായകൻ മണിരത്നത്തിനൊപ്പം എന്നതും ആ ഹൈപ്പിന് ആക്കം കൂട്ടി. 2013 ലാണ് കടൽ എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ഗൗതം കാർത്തിക്, അരവിന്ദ് സ്വാമി, തുളസി നായർ, അർജുൻ സർജ തുടങ്ങി വൻ താരനിര സിനിമയിൽ അണിനിരന്നു.
പുതുമുഖങ്ങളായ ഗൗതമും തുളസിയും മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എങ്കിലും ഗൗതം കാർത്തിക്കിനെ തേടി വീണ്ടും അവസരങ്ങളെത്തി. ഉയർച്ച താഴ്ചകൾ കരിയർ ഗ്രാഫിൽ നടൻ ഒരുപോലെ കണ്ടിട്ടുണ്ട്. പലപ്പോഴും താരപുത്രന്റെ പ്രിവിലേജുകളും ഗൗതമിന് ലഭിച്ചിട്ടില്ല. ആദ്യ സിനിമയിലെ ചുംബനരംഗത്തെക്കുറിച്ച് ഗൗതം കാർത്തിക് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ലിപ് ലോക് രംഗം ചെയ്യാൻ താൻ മടിച്ചിരുന്നെന്ന് താരം തുറന്ന് പറഞ്ഞു.

എംജി ആന്റ് പോഡ്കാസ്റ്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. ചുംബനരംഗങ്ങളിൽ യഥാർത്ഥത്തിൽ ഉമ്മ വെക്കുമോ എന്ന് അഭിമുഖത്തിൽ ഗൗതമിനോട് ചോദിച്ചു. ഓരോ സംവിധായകരെ ആശ്രയിച്ചാണത്. ചില സംവിധായകർ ശരിക്കും ചുംബിക്കണമെന്ന് പറയും. ചിലപ്പോൾ ചുംബിക്കേണ്ടി വരില്ല. കടൽ സിനിമയിൽ ഒരു ചുബനം രംഗമുണ്ടായിരുന്നു. ട്രെയ്ലറിലേ അതുള്ളൂ. സിനിമയിൽ ഇല്ല. തുളസി എന്റെ സുഹൃത്താണെങ്കിൽ പോലും. എനിക്കത് ജാള്യമായി തോന്നി.
ചുറ്റും നാൽപതോളം പേർ ഉണ്ടാകും. എല്ലാവരും നോക്കി നിൽക്കും. ആദ്യം മടി തോന്നി. പിന്നീട് കെട്ടിപ്പിടുത്തം പോലുള്ള റൊമാന്റിക് സീനുകൾ ചെയ്യാൻ പ്രശ്നം തോന്നിയില്ല. കടൽ എന്ന ചിത്രത്തിലാണ് താൻ ആദ്യമായും അവസാനമായും ലിപ് ലോക് രംഗം ചെയ്തതെന്നും ഗൗതം കാർത്തിക് വ്യക്തമാക്കി.

ആക്ഷൻ രംഗങ്ങളിൽ ഡ്യൂപിനെ ഉപയോഗിക്കുന്നതിനെക്കുറിച്ചും ഗൗതം കാർത്തിക് സംസാരിച്ചു. 90 ശതമാനം സ്റ്റണ്ടുകളും ഞാൻ തന്നെയാണ് ചെയ്യുക. ബൈക്ക്, കാർ കൂട്ടിയിടിക്കൽ പോലുള്ള സീനുകൾ വന്നാൽ റിസ്ക് എടുക്കില്ലെന്നും ഗൗതം കാർത്തിക് ചൂണ്ടിക്കാട്ടി. അഭിമുഖത്തിൽ തന്റെ കുടുംബത്തെക്കുറിച്ച് ഗൗതം കാർത്തിക് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. അച്ഛൻ കാർത്തിക്കും അമ്മ രാഗിണി മുത്തുരാമനും വേർപിരിഞ്ഞിട്ട് വർഷങ്ങളായെന്ന് ഗൗതം കാർത്തിക് തുറന്ന് പറഞ്ഞു.
തനിക്ക് 9 വയസുള്ളപ്പോഴാണ് മാതാപിതാക്കൾ വേർപിരിഞ്ഞത്. എന്നെ വളർത്തിയത് അമ്മയാണ്. അച്ഛൻ സിനിമയുടെ തിരക്കിലായിരുന്നു. വർഷത്തിൽ രണ്ട് തവണ ഫോൺ കോൾ വരും. ഒരു തവണ വന്ന് കാണും. എന്നെയും അനിയനെയും അമ്മയാണ് വളർത്തിയത്. സുഹൃത്തുക്കളും കസിൻസുമാണ് തനിക്ക് അന്ന് ആശ്വാസമായതെന്നും ഗൗതം കാർത്തിക് വ്യക്തമാക്കി. ആദ്യമായാണ് തന്റെ കുടുംബത്തെക്കുറിച്ച് ഗൗതം ഇങ്ങനെയൊരു തുറന്ന് പറച്ചിൽ നടത്തിയത്.
മലയാളിയായ മഞ്ജിമ മോഹനെയാണ് ഗൗതം കാർത്തിക് വിവാഹം ചെയ്തത്. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്. ഏറെനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. പ്രണയത്തിലാണെന്ന് നേരത്തെ പല തവണ ഗോസിപ്പുകൾ പരന്നിരുന്നു. എന്നാൽ താരങ്ങൾ ഇതിനോട് പ്രതികരിച്ചിരുന്നില്ല. വിവാഹത്തോട് അടുപ്പിച്ചാണ് ഇരുവരും ഇക്കാര്യം തുറന്ന് പറഞ്ഞത്. ചെന്നെയിൽ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.


Click it and Unblock the Notifications











