'സിമ്പു ഉടൻ വിവാഹിതനാകും, അറിയാവുന്ന എല്ലാ ദൈവങ്ങളോടും പ്രാർഥിക്കുന്നുണ്ട്'; പിതാവ് ടി.രാജേന്ദർ!
ജനിച്ച് ഒമ്പത് മാസം പ്രായമുള്ള കൈക്കുഞ്ഞായിരിക്കുമ്പോൾ മുതൽ സിനിമകളിൽ അഭിനയിച്ച് തുടങ്ങിയതാണ് തമിഴകത്തെ മുൻനിര താരമായ നടൻ സിലംബരസൻ എന്ന സിമ്പു. നടൻ എന്നതിലുപരി സംവിധായകൻ, ഗാനരചയിതാവ്, ഗായകൻ തുടങ്ങി വിവിധ മേഖലകളിലും സിമ്പു തിളങ്ങിയിട്ടുണ്ട്.
തമിഴകത്തെ സകലകലാവല്ലഭന്മാരായ ചുരുക്കം ചില നടന്മരെയുള്ളു അവരിൽ മുന്നിലാണ് സിമ്പുവിന്റെ സ്ഥാനം. 1984 ബാലതാരമായി സിമ്പു അഭിനയം ആരംഭിക്കുന്നത് അച്ഛൻ ടി.രാജേന്ദർ സംവിധാനം ചെയ്ത ഉറവൈ കാത്ത കിളിയിലൂടെയാണ്.
പിന്നീട് മൈഥിലി എൻ കാതലി എന്ന സിനിമയിലാണ് സിമ്പു അഭിനയിച്ചത്. യാതൊരു വിധ ഭയവും ആശങ്കയുമില്ലാതെ അനായാസമായാണ് ആ ചെറുപ്രായത്തിലും സിമ്പു നെടുനീളൻ ഡയലോഗുകൾ പറഞ്ഞ് കൈയ്യടി നേടിയത്.
ബാലതാരമായി എല്ലാവരേയും അത്ഭുതപ്പെടുത്തിയ സിമ്പുവിനെ ലിറ്റിൽ സൂപ്പർസ്റ്റാർ എന്നാണ് തമിഴകവും തെന്നിന്ത്യൻ സിനിമാ പ്രേമികളും വിശേഷിപ്പിച്ചത്. ബാലതാരമായി പത്തോളം സിനിമകളിൽ അഭിനയിച്ച സിമ്പു നായകനായി അഭിനയിച്ച് തുടങ്ങിയത് 2002ൽ ആണ്.

കാതൽ അഴിവതില്ലയ് ആയിരുന്നു ആദ്യം നായകനായ സിനിമ. പിന്നീട് തുടരെ തുടരെ നിരവധി സിനിമകളിൽ നായകനായി. ശേഷം ഇരുപത്തൊന്നാം വയസിൽ സ്വന്തമായി സിനിമ സംവിധാനം ചെയ്തു.
ക്രൈം ത്രില്ലറായ മൻമദനായിരുന്നു അത്. സിനിമ വലിയ വിജയമായി. ശേഷം വല്ലവൻ അടക്കം നിരവധി സിനിമകൾ പിന്നേയും സിമ്പുവിന്റെ സിനിമാ ജീവിതത്തിലുണ്ടായി.
സിമ്പുവിന്റേതായി ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ വെങ്കിട് പ്രഭു സംവിധാനം ചെയ്ത മാനാടാണ്. സിനിമ വലിയ വിജയമായിരുന്നു.

സിമ്പുവിന്റെ കരിയറിൽ ആദ്യമായി നൂറ് കോടി കടന്നതും മാനാടായിരുന്നു. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് സിമ്പു. സിനിമാ ജീവിതം വിജയമായിരുന്നുവെങ്കിലും താരത്തിന്റെ പ്രണയങ്ങളിൽ ഒന്നുപോലും വിജയം കണ്ടില്ല.
വല്ലവന് ശേഷം നയൻതാരയുമായി പ്രണയത്തിലായിരുന്നു സിമ്പു. പിന്നീട് ഇരുവരും പിരിഞ്ഞു. ശേഷം ഹൻസികയുമായി സിമ്പു പ്രണയത്തിലായിരുന്നു അതും വിജയം കണ്ടില്ല.
വിവാഹ നിശ്ചയം ഉടൻ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് കുറച്ച് നാളുകൾക്ക് ശേഷമാണ് സിമ്പുവും ഹൻസികയും പിരിഞ്ഞത്. പിന്നീട് പ്രണയങ്ങളൊന്നും സിമ്പുവിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല.

സിമ്പുവിന്റെ വിവാഹം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഇപ്പോൾ സിമ്പുവിന്റെ വിവാഹത്തെ കുറിച്ച് അദ്ദേഹത്തിന്റെ പിതാവും സംവിധായകനുമായ ടി.രാജേന്ദർ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
'അവനൊരു നല്ല ഭാര്യയെ കിട്ടാൻ അറിയാവുന്ന എല്ലാ ദൈവങ്ങളോടും പ്രാർഥിക്കുന്നുണ്ട്' എന്നാണ് ടി.രാജേന്ദർ പറഞ്ഞത്. 'സിമ്പു ഉടൻ വിവാഹിതനാകും. ഞാൻ എല്ലാ ദൈവങ്ങളോടും അതിനായി പ്രാർഥിക്കുന്നുണ്ട്.'
'ദൈവം നല്ലൊരു പെൺകുട്ടിയെ സിമ്പുവിന്റെ ഭാര്യയായും ഞങ്ങളുടെ വീട്ടിലെ മരുമകളായും നൽകും. സിമ്പു അതിഥി വേഷത്തിലെത്തുന്ന പുതിയ ചിത്രം മഹ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ് അത് വിജയമാകും' എന്നാണ് രാജേന്ദർ പ്രതികരിച്ചത്.

സംവിധായകനും നിർമാതാവുമായ ടി.രാജേന്ദർ അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം ചെന്നൈയിൽ മടങ്ങിയെത്തിയപ്പോഴാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
യു.ആർ ജലീൽ സംവിധാനം ചെയ്ത് മതി അഴഗൻ നിർമിക്കുന്ന ചിത്രമാണ് മഹാ ചിത്രത്തിൽ ഹൻസികയാണ് നായിക. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന വെന്ത് തനിന്തത് കാട് ആണ് സിമ്പുവിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന മറ്റൊരു സിനിമ.
വിണ്ണയ് താണ്ടി വരുവായയ്ക്ക് ശേഷം ഗൗതം മേനോനും സിമ്പുവും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്.


Click it and Unblock the Notifications