നയൻതാര സെറ്റിലേക്ക് വരുന്നതിങ്ങനെ; തുറന്ന് പറയാൻ മടിക്കില്ല; നടിയെക്കുറിച്ച് ജവാനിലെ സഹതാരം
തെന്നിന്ത്യൻ സിനിമയിലെ താരറാണിയായ നയൻതാരയ്ക്ക് ഇന്ന് കൈ നിറയെ അവസരങ്ങളാണ്. ഇരുപത് വർഷം നീണ്ട സിനിമാ കരിയറിൽ ഇന്നും മുൻനിരയിൽ നയൻതാരയ്ക്ക് തുടരാൻ സാധിക്കുന്നു എന്നത് ശ്രദ്ധേയമാണ്. നായികമാരുടെ താരമൂല്യത്തിന് അധികം ആയുസില്ലാത്ത തമിഴകത്ത് ഈ ഖ്യാതി നേടാൻ കഴിഞ്ഞു എന്നതും നയൻസിനെ വ്യത്യസ്തയാക്കുന്നു. 2003 ൽ മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് കടന്ന് വന്നത്.
ഇത്രയും വലിയ താരമായി നയൻതാര മാറുമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പോലും അന്ന് പ്രതീക്ഷിച്ചിരുന്നില്ല. അഭിനയം പോര എന്ന വിമർശനം മലയാള സിനിമാ രംഗത്ത് നിന്നും നയൻസിന് കേൾക്കേണ്ടിയും വന്നിട്ടുണ്ട്. എന്നാൽ തമിഴ്, തെലുങ്ക് സിനിമകളിലേക്ക് കടന്ന നയൻതാരയ്ക്ക് വൻ സ്വീകാര്യത ലഭിച്ചു. അതീവ ഗ്ലാമറസായി അഭിനയിക്കാൻ നയൻതാര മടിച്ചില്ലെന്നതാണ് ഇതിന് പ്രധാന കാരണം. 2010 ന് ശേഷം വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ നടിയുടെ കരിയറിനെ ബാധിച്ചു.

2013 ൽ രാജാ റാണി എന്ന ചിത്രത്തിലൂടെ വീണ്ടും ശക്തമായ സാന്നിധ്യമായി നയൻതാര മാറി. ജവാനാണ് നയൻതാരയുടെ റിലീസിനൊരുങ്ങുന്ന സിനിമ. ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രത്തിൽ സുപ്രധാന വേഷമാണ് നയൻതാര ചെയ്യുന്നത്. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുകോൺ അതിഥി വേഷത്തിലും എത്തുന്നു. ജവാനിൽ നയൻതാരയ്ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് നടി സഞ്ജീത ഭട്ടാചാര്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
നയൻതാരയ്ക്കൊപ്പം എനിക്ക് സീനുകളുണ്ട്. അത് നല്ല അനുഭവമായിരുന്നു. ശക്തയായ സ്ത്രീയെ കാണുന്നത് എപ്പോഴും അത്ഭുതമാണ്. നയൻതാര ബഹുമാനം കമാൻഡ് ചെയ്യും. അവർ സെറ്റിലേക്ക് വന്നാൽ നമ്മൾക്കത് മനസ്സിലാകും. അവരിൽ ഒരു ഓറയുണ്ട്. എനിക്കത് വളരെ ഇഷ്ടമാണ്. പലപ്പോഴും സ്ത്രീകൾ അവരുടെ മനസ്സിലുള്ളത് പറയില്ല. പക്ഷെ നയൻതാര മാഡം മനസിലുള്ളത് എന്താണോ അത് പോലെ പറയും. വളരെ വിനയമുള്ള ആളാണെന്നും സഞ്ജീത ഭട്ടാചാര്യ വ്യക്തമാക്കി.

നയൻതാരയെക്കുറിച്ച് മിക്ക സഹപ്രവർത്തകരും പ്രശംസിച്ച് സംസാരിച്ചിട്ടുണ്ട്. എന്നാൽ അടുത്തിടെ നടി മംമ്ത മോഹൻദാസ് നയൻതാരയെ പരോക്ഷമായി വിമർശിച്ച് കൊണ്ട് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. കുചേലൻ എന്ന രജിനികാന്ത് ചിത്രത്തിൽ ഗാന രംഗത്തിൽ അഭിനയിക്കാൻ പോയപ്പോഴുണ്ടായ അനുഭവമാണ് മംമ്ത പങ്കുവെച്ചത്. മറ്റൊരു നടിയുണ്ടെങ്ങിൽ അഭിയിക്കില്ലെന്ന് സിനിമയിലെ പ്രധാന നായിക പറഞ്ഞു.
മണിക്കൂറുകളോളം തനിക്ക് കാത്തിരിക്കേണ്ടി വന്നു. തന്റെ സീനുകൾ ഗാനരംഗത്തിൽ നിന്നും ഒഴിവാക്കിയെന്നുമാണ് മംമ്ത മോഹൻദാസ് പറഞ്ഞത്. നയൻതാരയുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും മംമ്ത പരാമർശിച്ച കുചേലനിലെ ഗാനരംഗത്തിൽ നയൻതാരയെ കാണാം. അടുത്തിടെ പുറത്തിറങ്ങിയ നയൻതാരയുടെ മിക്ക സിനിമകളും പരാജയപ്പെട്ടു. അതിനാൽ തന്നെ ജവാൻ എന്ന ചിത്രത്തിൽ വലിയ പ്രതീക്ഷ ആരാധകർക്കുണ്ട്.
റിലീസിന് മുമ്പേ ജവാൻ ഉണ്ടാക്കിയിരിക്കുന്ന ഹൈപ്പ് ചെറുതല്ല. ഷാരൂഖ് ഖാന്റെ സാന്നിധ്യമാണ് ഇതിന് കാരണം. ഹിറ്റ് മേക്കർ അറ്റ്ലിക്കൊപ്പം ഷാരൂഖ് ഖാൻ കൈ കോർക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷ പതിൻമടങ്ങ് വർധിച്ചിരിക്കുകയാണ്. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലൻ വേഷം ചെയ്യുന്നത്. പ്രിയാമണി ഉൾപ്പെടെയുള്ള താരങ്ങളും സിനിമയിൽ അണിനിരക്കുന്നു.


Click it and Unblock the Notifications