ഡാൻസ് ചെയ്ത കങ്കണയ്ക്ക് എഴുന്നേൽക്കാൻ പറ്റാതായി; കഷ്ടപ്പെട്ടു; ചന്ദ്രമുഖി 2 വിനെക്കുറിച്ച് കലാ മാസ്റ്റർ
തമിഴ് സിനിമാ രംഗത്ത് വൻ ഹിറ്റായ സിനിമയാണ് 2005 ൽ പുറത്തിറങ്ങിയ ചന്ദ്രമുഖി. മലയാള ചിത്രം മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിയിൽ രജിനികാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ജ്യോതികയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി ചന്ദ്രമുഖി വിലയിരുത്തപ്പെടുന്നു. ക്ലാസിക്കൽ ഡാൻസ് വശമില്ലാത്ത ജ്യോതിക പരിമിതികൾ മറികടന്ന് മികച്ച പ്രകടനം കാഴ്ച വെച്ചു. പി വാസുവാണ് ചന്ദ്രമുഖി സംവിധാനം ചെയ്തത്.
വർഷങ്ങൾക്കിപ്പുറം ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം പ്രേക്ഷകർക്ക് മുന്നിലെത്താൻ പോകുകയാണ്. പി വാസു തന്നെയാണ് സംവിധായകൻ. ജ്യോതികയ്ക്ക് പകരം കങ്കണയാണ് രണ്ടാം ഭാഗത്തിലെ നായിക. രജിനികാന്തിന് പകരം രാഘവ ലോറൻസുമെത്തുന്നു. ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. അതേസമയം ചിത്രത്തിലെ കങ്കണയുടെ കാസ്റ്റിംഗ് ഇതിനകം ചർച്ചയായിട്ടുണ്ട്.

തെന്നിന്ത്യൻ ഭാഷ വശമില്ലാത്ത, ക്ലാസിക്കൽ ഡാൻസ് അറിയാത്ത കങ്കണയെ ചന്ദ്രമുഖി 2 വിലേക്ക് കാസ്റ്റ് ചെയ്തപ്പോൾ പലരും നെറ്റി ചുളിച്ചു. കഥാപാത്രത്തോട് നീതി പുലർത്താൻ കങ്കണയ്ക്ക് സാധിക്കുമോ എന്നായിരുന്നു മിക്കവരുടെയും സംശയം. എന്നാൽ നാല് തവണ ദേശീയ പുരസ്കാരം നേടിയ കങ്കണ അനായാസം ഈ ഐക്കോണിക് കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് ആരാധകർ പറയുന്നത്.
സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ഏവരും. ചന്ദ്രമുഖിയിൽ കങ്കണയുടെ ക്ലാസിക്കൽ ഡാൻസ് കൊറിയോഗ്രാഫ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് കലാ മാസ്റ്റർ. സിനിമയുടെ ഒന്നാം ഭാഗത്തിൽ ജ്യോതികയ്ക്ക് വേണ്ടി കൊറിയോഗ്രാഫ് ചെയ്തതും കലാ മാസ്റ്ററാണ്. കങ്കണ വളരെ അധ്വാനിച്ചാണ് ഡാൻസ് രംഗത്തിന് പൂർണത നൽകിയതെന്ന് കലാ മാസ്റ്റർ വ്യക്തമാക്കി. റെഡ്നൂൽ ചാനലിനോടാണ് പ്രതികരണം.

വളരെ കഷ്ടപ്പെട്ടിട്ടുണ്ട്. കങ്കണയും വളരെ അധ്വാനിച്ചു. ആദ്യ ദിവസം ഡാൻസ് ചെയ്ത ശേഷം പിറ്റേന്ന് എണീക്കാൻ പറ്റാതായി. ക്ലാസിക്കൽ ഡാൻസിലെ പല ചുവടുകളുമുണ്ട്. കങ്കണയുടെ സഹകരണം ഇല്ലാതെ ചെയ്യാൻ പറ്റില്ല. ജ്യോതികയോടും അത് തന്നെയാണ് ഞാൻ പറഞ്ഞത്. ഞാൻ ഒന്ന് പറഞ്ഞാൽ അവർ പത്ത് ചെയ്യണം. കങ്കണയും അങ്ങനെ ചെയ്തു. എനിക്ക് അവരിൽ നിന്ന് 50 ശതമാനം കിട്ടിയാൽ മതി. പക്ഷെ കങ്കണ തന്നത് 90 ശതമാനമാണ്. അവരോടാണ് അതിന് നന്ദി പറയേണ്ടതെന്ന് കലാ മാസ്റ്റർ വ്യക്തമാക്കി.
കങ്കണ വളരെ നല്ല കുട്ടിയാണ്. ബോംബെയിൽ വെച്ചാണ് അവർക്ക് ഡാൻസ് റിഹേഴ്സൽ കൊടുത്തത്. ഒരു മണിക്കൂർ ആണ് അവർ ഫ്രീയായി കിട്ടുന്ന സമയം. പഠിപ്പിച്ച് കൊടുക്കുമ്പോൾ തറയിലിരുന്ന് കേൾക്കും. ലൊക്കേഷനിൽ വന്ന് ഒരു മുടിയിഴ മാറിയാൽ പോലും വൺ മോർ ടേക്ക് എന്ന് പറയും. പെർഫെക്ഷൻ നോക്കും. ഒരു ആർട്ടിസ്റ്റായി കങ്കണയെ നിങ്ങൾ കണ്ടിരിക്കാം. പക്ഷെ ഒരു വ്യക്തിയെന്ന നിലയിൽ തുറന്ന് സംസാരിക്കുന്ന ആളാണ് അവർ. മനസിൽ ഒന്നും വെക്കില്ല.
നവരസം മുഖത്ത് പ്രകടിപ്പിക്കുന്നതിന് പകരം കണ്ണിലൂടെ പ്രകടിപ്പിക്കാൻ തീരുമാനിച്ചു. നവരസങ്ങൾ ക്രമത്തിൽ ചെയ്യാൻ പറ്റില്ലെന്ന് കങ്കണ പറഞ്ഞു. കുഴപ്പമില്ലെന്ന് ഞാനും. കങ്കണയുടെ ഭാവങ്ങൾ കണ്ട് തങ്ങൾ എല്ലാവരും അത്ഭുതപ്പെട്ടെന്നും കലാ മാസ്റ്റർ വ്യക്തമാക്കി.
ക്ലാസിക്കൽ ഡാൻസ് മികച്ച രീതിയിൽ ചെയ്തതിന് കങ്കണയ്ക്ക് ഒരു സാരി ഞാൻ സമ്മാനമായി കൊടുത്തു. ഡാൻസ് കോസ്റ്റ്യൂമിൽ അഴകിന്റെ ദേവതയാണ് കങ്കണയെന്നും കലാ മാസ്റ്റർ പുകഴ്ത്തി. സെപ്റ്റംബറിലാണ് ചന്ദ്രമുഖി തിയറ്ററുകളിൽ എത്തുന്നത്. തലൈവി എന്ന ചിത്രത്തിന് ശേഷം കങ്കണ ചെയ്യുന്ന രണ്ടാമത്തെ തെന്നിന്ത്യൻ സിനിമയാണിത്.


Click it and Unblock the Notifications