ആ ചർമ്മത്തിന് പിന്നിലെ അധ്വാനം; ശ്രുതിയെ മേക്കപ്പ് ചെയ്യുന്നത് പാപമാണെന്ന് പറയും; മേക്കപ്പ് ആർട്ടിസ്റ്റ്
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായിക നടിമാരിൽ ഒരാളാണ് ശ്രുതി ഹാസൻ. ഉലകനായകൻ കമൽ ഹാസന്റെ മകളായ ശ്രുതി വളരെ പെട്ടെന്ന് സിനിമാ രംഗത്ത് ശ്രദ്ധ നേടി. എന്നാൽ മറ്റ് താരപുത്രിമാരെ പോലെ ആയിരുന്നില്ല ശ്രുതിയുടെ മുന്നോട്ട് പോക്ക്. അച്ഛന്റെ സ്വാധീനം ഒരിക്കൽ പോലും അവസരങ്ങൾക്കായി ശ്രുതി ഉപയോഗിച്ചിട്ടില്ല. ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കളുടെ വീട്ടിൽ നിന്നും മാറി സ്വന്തം വീട്ടിൽ താമസിക്കുന്ന ശ്രുതി എല്ലാ അർത്ഥത്തിലും സ്വയം പര്യാപ്തയാണ്.
അച്ഛന്റെ പണമോ സ്വാധീനമോ അല്ല തനിക്ക് വേണ്ടതെന്ന് വ്യക്തമാക്കിയ ശ്രുതി കരിയറിൽ വിജയ പരാജയങ്ങൾ ഒരുപോലെ കണ്ടു. എന്നാൽ ശ്രുതി ഹാസനെന്ന പേരിന് സിനിമാ രംഗത്തുള്ള പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. സിനിമയ്ക്കപ്പുറത്ത് ശ്രുതി ഹാസന്റെ വ്യക്തിത്വവും പലരെയും സ്വാധീനിച്ചു. വളരെ സ്റ്റെെലിഷ് ആണെങ്കിലും അനാവശ്യമായി പണം ഫാഷന് വേണ്ടി ചെലവഴിക്കാൻ നടി തയ്യാറല്ല. ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയ പണം മൂന്ന് ലക്ഷം രൂപയുടെ ബാഗ് വാങ്ങി കളയാനില്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ശ്രുതി പറഞ്ഞത്.

കോസ്മെറ്റിക് സർജറികളിലൂടെ മുഖത്ത് വരുത്തിയ മാറ്റത്തെക്കുറിച്ച് തുറന്ന് പറയാനും ശ്രുതി മടിച്ചില്ല. ഇപ്പോഴിതാ ശ്രുതിയെക്കുറിച്ച് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് പ്രക്രുതി ആനന്ദ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ശ്രുതി ഹാസന്റെ മുഖം കണ്ടാണ് വൗ എന്ന് ഞാൻ പറഞ്ഞത്. അവരുടെ ചർമ്മത്തിൽ മേക്കപ്പ് ചെയ്യുന്നത് തന്നെ പാപമാണെന്ന് ഞാൻ പറയും. കാരണം അത്രയും തുടുപ്പുണ്ട്. പെർഫെക്ട് ആണ്. അതിന് വേണ്ടി അവർ അത്രയും സമയവും അധ്വാനവും നൽകുന്നുണ്ട്. ഷുഗർ കഴിക്കില്ല.
ഷൂട്ടുള്ളപ്പോൾ ഫ്രഷായ പഴങ്ങളും പച്ചക്കറികളുമാണ് കഴിക്കുക. ജങ്ക് ഫുഡുകൾ കഴിക്കില്ലെന്നും പ്രക്രുതി വ്യക്തമാക്കി. 13 വർഷമായി മേക്കപ്പ് രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് പ്രക്രുതി. ശ്രുതി ഹാസൻ ഉൾപ്പെടെ നിരവധി താരങ്ങൾക്ക് പ്രക്രുതി മേക്കപ്പ് ചെയ്തിട്ടുണ്ട്.

തെന്നിന്ത്യയിൽ മേക്കപ്പിലും ഫാഷനിലും എപ്പോഴും വ്യത്യസ്തകൾ ശ്രുതി ഹാസൻ കൊണ്ട് വരാറുണ്ട്. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ താൻ പ്ലാസ്റ്റിക് സർജറി ചെയ്യാനുള്ള കാരണം എന്തെന്ന് ശ്രുതി തുറന്ന് പറഞ്ഞിട്ടുണ്ട്. ആദ്യത്തെ സിനിമ കഴിഞ്ഞ് എന്റെ മൂക്ക് പൊട്ടിയിരുന്നു. എനിക്കത് ശരിയായി തോന്നിയില്ല. അതിനാൽ സ്വയം എടുത്ത തീരുമാനപ്രകാരമാണ് പ്ലാസ്റ്റിക് സർജറി ചെയ്തത്.
ഒരാൾക്ക് സർജറി ചെയ്യാൻ തോന്നുകയാണെങ്കിൽ ചെയ്യാം. വേണ്ട എന്നാണെങ്കിലും അവരുടെ തീരുമാനമാണ്. അത് പ്രോത്സാഹിപ്പിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്നില്ല. താൻ സർജറി ചെയ്തിട്ടുണ്ട്. അതിൽ നാണിക്കുന്നില്ല. തന്റെ ഈ യാത്രയെക്കുറിച്ച് സംസാരിക്കുമ്പോൾ സത്യസന്ധത വേണമെന്ന് തോന്നി. അതുകൊണ്ടാണ് ഇക്കാര്യം തുറന്ന് പറഞ്ഞതെന്നും ശ്രുതി ഹാസൻ വ്യക്തമാക്കി.
2009 ൽ ലക്ക് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. എന്നാൽ ഈ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ശ്രദ്ധ നൽകി. ഏഴാം അറിവ്, ത്രീ തുടങ്ങിയ തമിഴ് സിനിമകളിൽ മികച്ച പ്രകടനം നടി കാഴ്ച വെച്ചു. ഇതിനിടെ ചില വീഴ്ചകളും നടിക്ക് കരിയറിൽ വന്നു. സലാറാണ് ശ്രുതിയുടെ റിലീസിനൊരുങ്ങുന്ന സിനിമ. പ്രഭാസ് നായകനാകുന്ന തെലുങ്ക് ചിത്രത്തിൽ പൃഥിരാജും പ്രധാന വേഷത്തിൽ എത്തുന്നു.


Click it and Unblock the Notifications