20 വർഷമായിട്ടും നയൻതാരയ്ക്ക് സാധിച്ചില്ല; പുഷ്പം പോലെ കൈകാര്യം ചെയ്ത് മഞ്ജു; തമിഴകത്തിന്റെ പ്രിയങ്കരിയാകുന്നു
തെന്നിന്ത്യൻ സിനിമാ രംഗത്ത് നായിക നടിമാർക്ക് സുവർണകാലമാണ്. ഏറെക്കാലത്തിന് ശേഷം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ നടിമാർക്ക് ലഭിക്കുന്നു. നയൻതാര, തൃഷ, സമാന്ത, അനുഷ്ക ഷെട്ടി തുടങ്ങിയ താരങ്ങൾക്ക് പ്രധാന വേഷം നൽകി സിനിമ ചെയ്യാനും ഇന്ന് ഫിലിം മേക്കർമാർ തയ്യാറാണ്. അതേസമയം തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന ഖ്യാതി ഇന്നും നയൻതാരയ്ക്ക് സ്വന്തമാണ്. സിനിമാ ലോകത്തെ പ്രമുഖരെ പോലെ അമ്പരപ്പിക്കുന്ന താരമൂല്യമാണ് നയൻതാരയുടേത്.
കരിയറിലെ കയറ്റിറക്കങ്ങളെയെല്ലാം അഭിമുഖീകരിച്ച് മാറ്റി നിർത്താൻ പറ്റാത്ത ഒരു സ്ഥാനം നയൻസ് സിനിമാ ലോകത്ത് സ്വന്തമാക്കി. കെെനിറയെ അവസരങ്ങളാണ് നയൻതാരയ്ക്കിന്ന്. ഒന്നിലേറെ സിനിമകൾ നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. നയൻതാരയ്ക്ക് വെല്ലുവിളിയായാണ് നടി തൃഷയുടെ ശക്തമായ തിരിച്ച് വരവിനെ ആരാധകർ കാണുന്നത്. പൊന്നിയിൻ സെൽവന്റെ വിജയത്തിന് ശേഷം തൃഷയ്ക്ക് തുടരെ അവസരങ്ങൾ വരുന്നുണ്ട്.

അതേസമയം നയൻതാരയുടെ മാസ് സ്ക്രീൻ പ്രസൻസിനെ മറികടക്കാൻ തൃഷയ്ക്ക് കഴിയില്ലെന്ന് ആരാധകർ പറയുന്നു. എന്നാൽ മാസ് റോളുകളിൽ നയൻതാരയ്ക്ക് വെല്ലുവിളിയായി വരുന്നത് മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യരാണ്. തമിഴകത്ത് മഞ്ജു വാര്യർക്ക് ജനപ്രീതിയേറുകയാണ്. അസുരൻ, തുനിവ് എന്നീ സിനിമകളുടെ വിജയത്തിന് ശേഷം മഞ്ജുവിന്റെ അടുത്ത പ്രൊജക്ട് രജിനികാന്തിനൊപ്പമാണ്. സിനിമയുടെ പേര് നിശ്ചയിട്ടില്ല.
ഇതിന് പുറമെ ആര്യക്കും ഗൗതം കാർത്തിക്കിനുമൊപ്പം മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നു. നയൻതാരയേക്കാൾ മുകളിലേക്ക് മഞ്ജുവിന് തമിഴകത്ത് ഉയരാൻ കഴിയുമെന്നാണ് ആരാധകർ പറയുന്നത്. ഈ വാദത്തോട് ചേർത്ത് വായിക്കാവുന്നതാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലുവിന്റെ വാക്കുകൾ. തുനിവിലെ മഞ്ജുവിന്റെ പ്രകടനത്തെ പുകഴ്ത്തി സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

തുനിവിൽ നയൻതാര നായികയാൽ നന്നായേനെ എന്ന് നേരത്തെ അഭിപ്രായങ്ങൾ വന്നിരുന്നു. എന്നാൽ മൂന്ന് നയൻതാരയ്ക്ക് തുല്യമായ പ്രകടനം മഞ്ജു വാര്യർ കാഴ്ച വെച്ചിട്ടുണ്ട്. അസുരനിൽ ധനുഷിനെ വരെ പിന്നിലാക്കിയ പ്രകടനമായിരുന്നു മഞ്ജുവിന്റേതെന്നും ചെയ്യാറു ബാലു അന്ന് അഭിപ്രായപ്പെട്ടു.
നയൻതാരയോളമോ നയൻതാരയ്ക്ക് മുകളിലോ തമിഴ് ജനതയുടെ ജനപ്രീതി മഞ്ജു നേടുമെന്ന വാദത്തിന് ബലം പകരാൻ മറ്റ് കാരണങ്ങളും ആരാധകർ നിരത്തുന്നുണ്ട്. രണ്ട് പതിറ്റാണ്ടായി അഭിനയ രംഗത്തുണ്ടെങ്കിലും നയൻതാര ഇന്നും സ്വന്തം ശബ്ദം ഡബ്ബിംഗിന് ഉപയോഗിക്കാറില്ല. ചുരുക്കം സിനിമകളിലേ നടി സ്വന്തമായി ഡബ് ചെയ്തിട്ടുള്ളൂ. ദീപ വെങ്കട്ട് എന്ന ഡബ്ബിംഗ് ആർട്ടിസ്റ്റാണ് നയൻതാരയുടെ പല ഹിറ്റ് സിനിമകളിലും ശബ്ദം നൽകുന്നത്. ഇത്രയും ആഘോഷിക്കപ്പെടുന്ന നടിയായിട്ടും സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യാത്തത് ഒരു പോരായ്മയായി വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ഇവിടെയാണ് മഞ്ജു വാര്യർ മുന്നിട്ട് നിൽക്കുന്നത്. തമിഴ് അനായാസം സംസാരിക്കുന്ന മഞ്ജു തമിഴ് സിനിമകളിൽ സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യുന്നു. അസുരനിൽ പ്രാദേശിക തമിഴ് ഭാഷയാണ് മഞ്ജു സംസാരിച്ചത്. തമിഴിൽ ഇപ്പോഴത്തെ മറ്റൊരു മുൻനിര നായിക നടിയും സ്വന്തം ശബ്ദം അധികം സിനിമകളിൽ ഉപയോഗിച്ചിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്.
മാത്രവുമല്ല നയൻതാരയുടെ പല നിബന്ധനകളോട് തമിഴകത്ത് ഒരു വിഭാഗം നിർമാതാക്കൾക്ക് എതിർപ്പുണ്ട്. നടി പ്രൊമോഷനുകൾക്ക് വരാത്തതാണ് ഇതിന് പ്രധാന കാരണം. എന്നാൽ മഞ്ജു വാര്യർക്ക് ഇത്തരം നിർബന്ധങ്ങളൊന്നുമില്ല. തുനിവിന്റെയും അസുരന്റെയും പ്രൊമോഷൻ പരിപാടികൾക്ക് മഞ്ജു സജീവമായെത്തി. ഇത്തരം പല ഘടകങ്ങൾ മഞ്ജുവിന് തമിഴകത്ത് വലിയ സാധ്യതകൾ തുറക്കുന്നു.


Click it and Unblock the Notifications