കമൽ ഹാസനൊപ്പം ചുംബന രംഗം; ഞാൻ കരച്ചിലിന്റെ വക്കിലെത്തി; തുറന്ന് പറഞ്ഞ് നടി മീന
തെന്നിന്ത്യൻ സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച നടിയാണ് മീന. സമകാലീനരായിരുന്ന മറ്റ് നടിമാരിൽ നിന്നും മീനയുടെ കരിയർ ഗ്രാഫിന് ചില പ്രത്യേകതകളുണ്ട്. അന്നും ഇന്നും ഹിറ്റ് സിനിമകളുടെ ഭാഗമാവാൻ മീനയ്ക്ക് കഴിയുന്നു. പ്രാധാന്യം കുറഞ്ഞ അമ്മ, ചേച്ചി വേഷങ്ങളിൽ മീന ഇതുവരെ ചെയ്തിട്ടില്ല. ബാലതാരമായി സിനിമാ രംഗത്തേക്ക് കടന്ന് വന്ന മീനയ്ക്ക് വളരെ പെട്ടെന്ന് മുൻനിര നായിക നടിയായി മാറാൻ കഴിഞ്ഞു. തമിഴിലും തെലുങ്കിലും ഭാഗ്യനായികയായി തൊണ്ണൂറുകളിൽ മീന അറിയപ്പെട്ടു.
40 വർഷം നീണ്ട കരിയറിൽ മീനയ്ക്ക് ഹിറ്റുകൾ ഏറെയാണ്. വിവാഹശേഷം കരിയർ ഗ്രാഫ് താഴ്ന്ന അവസ്ഥ മിക്ക നടിമാർക്കും സംഭവിച്ചെങ്കിലും മീനയ്ക്ക് അതുണ്ടായില്ല. അമ്മയായ ശേഷമാണ് ദൃശ്യം ഉൾപ്പെടെയുള്ള ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ മീനയ്ക്ക് കഴിഞ്ഞത്. ഇപ്പോഴിതാ കമൽ ഹാസനൊപ്പം അഭിനയിച്ച അവ്വെെ ഷൺമുഖി എന്ന ചിത്രത്തിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് മീന. ബിഹൈന്റ്വുഡ്സ് ടിവിയോടാണ് പ്രതികരണം.

അന്നൊക്കെ കമൽ സാറുടെ പടമെന്നാൽ ലിപ് ടു ലിപ് കിസ് സീൻ ഉണ്ടാകുമെന്ന ധാരണയുണ്ട്. ഈ സിനിമ കമ്മിറ്റ് ചെയ്തപ്പോൾ പക്ഷെ അതേക്കുറിച്ച് ഞാൻ ചിന്തിച്ചതേ ഇല്ല. രണ്ടാമത്തെ ദിവസം ഷൂട്ടിംഗ് തുടങ്ങിയപ്പോൾ അസിസ്റ്റന്റ് ഡയരക്ടർ കിസിംഗ് സീനുണ്ടെന്ന് പറഞ്ഞു. എനിക്ക് ഭയമായി.
അയ്യോ, ചുംബനരംഗമോ അതേക്കുറിച്ച് ഞാൻ ആലോചിച്ചതേ ഇല്ലല്ലോ, ഇതെങ്ങനെ ചെയ്യും, ഞാൻ കംഫർട്ടബിൾ അല്ല എന്നൊക്കെ ആലോചിച്ച് ടെൻഷനടിച്ചു. എനിക്കീ രംഗം പറ്റില്ലെന്ന് സംവിധായകനോട് പറയണമെന്ന് അമ്മയോട് ഞാൻ ആവശ്യപ്പെട്ടു. അമ്മ പറയാൻ പോകുമ്പോഴേക്കും ഷോട്ട് റെഡിയാണെന്ന് പറഞ്ഞു. ഞാൻ കരച്ചിലിന്റെ വക്കിലെത്തി.

എനിക്കും അമ്മയ്ക്കും ഇടയിലെ ഈ സംഭാഷണം സെറ്റിലെ മറ്റാർക്കും അറിയില്ലായിരുന്നു. ഷോട്ടിന് ചെന്നപ്പോൾ ഇവിടെയാണ് കിടക്കേണ്ടതെന്ന് അവർ പറഞ്ഞു. അയ്യോ കിടക്കാനോ എന്ന് ചോദിച്ച് ഞാൻ ടെൻഷനിടിച്ചു. പക്ഷെ യഥാർത്ഥത്തിൽ ചുംബിക്കേണ്ടിയിരുന്നില്ല. അടുത്ത് വന്നാൽ മാത്രം മതിയായിരുന്നു. കമൽ സർ ഇക്കാര്യം പറഞ്ഞപ്പോഴാണ് തനിക്ക് ആശ്വാസമായതെന്നും മീന ചിരിച്ച് കൊണ്ട് പറഞ്ഞു.
സർ, സോറി എനിക്കിത് ചെയ്യാൻ പറ്റില്ലെന്ന് പറയാൻ അന്ന് തുനിഞ്ഞതാണ്. എന്റെ എല്ലാ കാര്യങ്ങളും നോക്കിയത് അമ്മയാണ്. ഇത്തരം കാര്യങ്ങൾ പറയാനുള്ള ധൈര്യം തനിക്ക് ഇല്ലായിരുന്നെന്നും മീന വ്യക്തമാക്കി. കഴിഞ്ഞ വർഷമാണ് മീനയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ ചില സംഭവങ്ങളുണ്ടായത്. ഭർത്താവ് വിദ്യസാഗറിന്റെ മരണം നടിയെ തകർത്തു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ പഴയ സന്തോഷങ്ങളിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ് താരം.
വിഷമഘട്ടത്തിൽ സഹപ്രവർത്തകരെല്ലാം മീനയുടെ ഒപ്പം നിന്നു. ഇതേക്കുറിച്ച് അടുത്തിടെ നൽകിയ അഭിമുഖത്തിൽ മീന സംസാരിക്കുകയുമുണ്ടായി. തകർന്ന് പോയ അവസ്ഥയിൽ നിന്നും ഇന്ന് ഒരു അഭിമുഖം നൽകാൻ മാത്രമുള്ള ആത്മധൈര്യം ലഭിച്ചത് സുഹൃത്തുക്കളുടെ പിന്തുണ കൊണ്ടാണ്. ഗൗരവമുള്ള ഒരു കാര്യം നടക്കുമ്പോഴാണ് ആത്മാർത്ഥമായി ആരൊക്കെ നമ്മൾക്കൊപ്പമുണ്ടെന്ന് മനസ്സിലാവുകയെന്ന് കേട്ടിട്ടുണ്ട്. ഇന്ന് അത് താൻ നേരിട്ട് കാണുന്നു. തനിക്ക് വലിയ പരിചയമില്ലാത്തവർ പോലും തന്റെ ഒപ്പം നിന്ന് ആശ്വസിപ്പിച്ചെന്ന് മീന അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications