'വിവാഹത്തിന് ക്ഷണിക്കുന്നു, പക്ഷെ വരരുതെന്ന് നയൻതാര'; താരത്തിന്റെ വിവാഹത്തിന് മുമ്പ് നടന്നത്
തെന്നിന്ത്യൻ സിനിമയിൽ ഇന്ന് പകരം വെക്കാനില്ലാത്ത താരറാണിയാണ് നയൻതാര. പ്രതിഫലത്തിൽ തമിഴകത്തെ മറ്റെല്ലാ നായികമാരേക്കാളും മുന്നിലാണ് നടി. നീണ്ട ഇരുപത് വർഷങ്ങളായി സിനിമാ രംഗത്ത് തുടരുന്ന നയൻതാര ഇക്കാലയളവിനിടെ നേടിയെടുത്ത ഖ്യാതികൾ ചെറുതല്ല. തമിഴ് സിനിമാ ചരിത്രത്തിൽ ഇത്രയും വർഷങ്ങൾ സിനിമാ രംഗത്ത് മുൻനിരയിൽ തുടരാൻ കഴിഞ്ഞ നായികമാർ അപൂർവമാണ്. ഒരേകാലഘട്ടത്തിൽ കരിയറിൽ വളർന്ന പല നടിമാർക്കും പിന്നീട് താരത്തിളക്കം കുറഞ്ഞെങ്കിലും നയൻതാര ലേഡി സൂപ്പർസ്റ്റാറായി വളർന്നു.
ഇന്ന് കൈനിറയെ സിനിമകളാണ് നടിക്ക്. എന്താണ് നയൻതാരയുടെയും വിജയമന്ത്രമെന്ന് സിനിമാ ലോകത്തും സംസാരമുണ്ട്. വർഷങ്ങളായി സിനിമാ രംഗത്തുണ്ടെങ്കിലും ഇന്നും ബിഗ് സ്ക്രീനിൽ മാത്രം കാണാൻ പറ്റുന്ന താരമാണ് നയൻസ്. സോഷ്യൽമീഡിയയിൽ താരം ഇല്ല. അഭിമുഖങ്ങളും അപൂർവമായേ നൽകാറുള്ളൂ. സിനിമയ്ക്കപ്പുറം നയൻതാരയെ മറ്റു നടിമാരെപ്പോലെ അടുത്തറിയാൻ ആരാധകർക്ക് കഴിഞ്ഞിട്ടില്ല.

നയൻതാരയെക്കുറിച്ച് തമിഴ് മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നയൻതാര മാധ്യമങ്ങളോട് കാണിക്കുന്ന അകൽച്ചയെക്കുറിച്ച് സംസാരിക്കുകയാണ് ഇദ്ദേഹം. നടിയുടെ വിവാഹസമയത്ത് നടന്ന ഒരു സംഭവവും ചെയ്യാറു ബാലു വെളിപ്പെടുത്തി.
കല്യാണത്തിന് മുമ്പ് ഒരു പ്രമുഖ ഹോട്ടലിൽ അവർ പ്രസ് മീറ്റ് വിളിച്ചിരുന്നു. നയൻതാരയുടെ വിവാഹക്കാര്യം പറയുന്ന പ്രസ് മീറ്റിന് ഇന്ത്യയിലൊട്ടുക്കുമുള്ള മീഡിയകൾ വരുമെന്നറിയാം. പക്ഷെ ഒരു ചെറിയ മുറിയിലാണ് പ്രസ്മീറ്റ് വെച്ചത്. ആളുകൾ തിങ്ങിക്കൂടി. അത്രയും വലിയ ഹോട്ടലിൽ ഒരു വലിയ ഹാളിൽ പ്രസ് മീറ്റ് വെക്കാമായിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു. ചില മാധ്യമപ്രവർത്തകർ ദേഷ്യപ്പെട്ട് പുറത്തേക്ക് പോയി. കല്യാണത്തിന് നിങ്ങളെ ക്ഷണിക്കുന്നു, പക്ഷെ വരരുത് എന്നാണ് നയൻതാര സൂചിപ്പിച്ചത്.

മഹാബലിപുരത്തെ റിസോർട്ടിൽ നടന്ന വിവാഹത്തിൽ ഒരു മാധ്യമങ്ങൾക്കും പോകാൻ പറ്റിയിട്ടില്ല. എല്ലാം ഒടിടിക്ക് വിറ്റെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും വിവാഹിതരായത്.
അടുത്തിടെ ക്ഷേത്ര ദർശനം നടത്താനെത്തിയ നയൻതാര ആരാധകർ തടിച്ച് കൂടിയതോടെ ദേഷ്യപ്പെട്ട സംഭവത്തെക്കുറിച്ചും ചെയ്യാറു ബാലു സംസാരിച്ചു. വിഘ്നേശ് ശിവന്റെ കുലക്ഷേത്രത്തിലാണ് അവർ പോയത്. ഒരു ഗ്രാമീണ പ്രദേശമാണ്. നമ്മുടെ നാടിന്റെ മരുമകൾ എത്തി എന്ന സന്തോഷത്തോടെയാണ് അവരെല്ലാം വന്നത്. അവരെ തെറ്റ് പറയാൻ പറ്റില്ല, പക്ഷെ നയൻതാരയെയും കുറ്റം പറയാനാകില്ലെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.
കരിയറിലെ തുടക്ക കാലത്ത് നയൻതാര കാണിച്ച ഗർവ് അവരുടെ കവചമായിരുന്നു. രണ്ട് പ്രണയങ്ങൾ വലിയ തോതിൽ ചർച്ചയായപ്പോൾ സിനിമാലോകം വിട്ട് പോകാൻ പോലും നയൻതാര തീരുമാനിച്ചിരുന്നു. പക്ഷെ സിനിമാ ലോകത്തിനുള്ളിൽ കയറിയാൽ വേണ്ടെന്ന് പറഞ്ഞാലും പുറത്ത് പോകാൻ സാധിക്കില്ലെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു.
പ്രഭുദേവയുമായുള്ള പ്രണയത്തകർച്ചയ്ക്ക് ശേഷമാണ് സിനിമാ ലോകത്ത് വീണ്ടും ശക്തമായ സാന്നിധ്യമായി നയൻതാര തിരിച്ച് വരുന്നത്. 2013 ൽ പുറത്തിറങ്ങിയ രാജാ റാണി എന്ന സിനിമയാണ് നടിക്ക് തിരിച്ച് വരവിൽ തുണയായത്. വമ്പൻ ഹിറ്റായ സിനിമയ്ക്ക് ശേഷം കൈ നിറയെ അവസരങ്ങൾ താരത്തെ തേടി വന്നു. രണ്ടാം വരവിൽ സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ നയൻതാര ശ്രദ്ധാലുവായിരുന്നു. തുടരെ ഹിറ്റുകൾ വന്നതോടെ ലേഡി സൂപ്പർസ്റ്റാർ എന്ന ഖ്യാതിയും താരത്തിന് ലഭിച്ചു. ജവാനാണ് നയൻതാരയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ഷാരൂഖ് നായകനായെത്തുന്ന സിനിമ സംവിധാനം ചെയ്തത് അറ്റ്ലിയാണ്.


Click it and Unblock the Notifications











