അത്തരം രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; അച്ഛനും അമ്മയ്ക്കും ഒപ്പമിരുന്ന് കാണാൻ പറ്റിയ സിനിമകൾ ചെയ്യണം; നിവേദ
തെന്നിന്ത്യൻ സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ട് വരുന്ന നടിയാണ് നിവേദ പെതുരാജ്. 2016 ൽ റിലീസ് ചെയ്ത ഒരു നാൾ കൂത്ത് എന്ന സിനിമയിലൂടെയാണ് നിവേദ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. തെലുങ്കിൽ മെന്റൽ മദിലോ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. മികച്ച പുതുമുഖ നടിക്കുള്ള സൈമ അവാർഡും ഈ സിനിമയിലൂടെ നിവേദ നേടി. തമിഴ്നാട്ടുകാരിയാണ് നിവേദ. 11ാം വയസിൽ കുടുംബത്തോടൊപ്പം ദുബായിലേക്ക് താമസം മാറി.
10 വർഷം ദുബായിലാണ് നിവേദ താമസിച്ചത്. സൗന്ദര്യ മത്സര വേദികളിൽ ശ്രദ്ധിക്കപ്പെട്ട ശേഷമാണ് നിവേദ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് നിവേദ. താൻ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡങ്ങളെക്കുറിച്ച് നിവേദ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്റിമേറ്റ് രംഗങ്ങളുള്ള സിനിമകൾ ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്ന് നിവേദ വ്യക്തമാക്കി.

കുടുംബവും സുഹൃത്തുക്കളുമൊക്കെയുള്ളതിനാൽ ഹോംലി കഥാപാത്രങ്ങൾ മാത്രം തെരഞ്ഞെടുത്തതാണ്. ഒരു തെലുങ്ക് സിനിമയിൽ ഗ്ലാമറായി ട്രെെ ചെയ്ത് നോക്കാമെന്ന് കരുതി. നമ്മുടെ കംഫർട്ട് സോൺ പ്രധാനമാണ്. ഇൻഡസ്ട്രിയെക്കുറിച്ച് അപ്പോഴേക്കും കുടുംബം മനസിലാക്കി. അച്ഛനും അമ്മയ്ക്കും ഒപ്പമിരുന്ന് കാണാൻ പറ്റിയ സിനിമകൾ ചെയ്യാനാണ് ആഗ്രഹം. ചുംബന രംഗങ്ങളുള്ളത് കാരണം സിനിമകൾ ഒഴിവാക്കിയിട്ടുണ്ട്.
ചിലർ തന്റെ നിബന്ധന കാരണം കഥയിൽ നിന്ന് അത്തരം സീനുകൾ ഒഴിവാക്കുമെന്നും നിവേദ വ്യക്തമാക്കി. മണിരത്നത്തിന്റെ രണ്ട് സിനിമകളിൽ തന്നെ ഓഡിഷന് വിളിച്ചിരുന്നു. ചെക്ക ചിന്ത വാനം, പൊന്നിയിൻ സെൽവൻ എന്നീ സിനിമകൾക്കായിരുന്നു അത്. കാസ്റ്റ് ചെയ്തില്ലെങ്കിലും മണി സാർ എന്നെ വിളിച്ചത് തന്നെ വലിയ കാര്യമായി കാണുന്നു. അദ്ദേഹത്തിന് തന്റെ പേര് അറിയാമെന്നത് വലിയ കാര്യമാണെന്നും നിവേദ പറഞ്ഞു.

കാല എന്ന സീരീസാണ് നടിയുടെ പുതിയ പ്രൊജക്ട്. നടിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ വെബ് സീരീസ്. ബിജോയ് നമ്പ്യാരാണ് സീരീസിന്റെ സംവിധായകൻ. നേരത്തെ ഇദ്ദേഹത്തിന്റെ സോളോ, തൈഷ് എന്നീ സിനിമകളിലേക്ക് നിവേദയെ പരിഗണിച്ചിരുന്നു. കാലയിൽ ബിജോയ്ക്കൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവങ്ങളും അടുത്തിടെ നിവേദ പങ്കുവെക്കുകയുണ്ടായി.
ബിജോയ് വളരെയധികം നിരീക്ഷണമുള്ള സംവിധായകനാണെന്ന് നിവേദ പറയുന്നു. നമ്മുടെ കഴിവ് നമ്മളേക്കാൾ അദ്ദേഹത്തിന് അറിയാം. ഞാനിതുവരെ ടോപ് ഹീറോസിനൊപ്പം വർക്ക് ചെയ്തിട്ടില്ല. പക്ഷെ അദ്ദേഹം എന്റെ ആദ്യ സിനിമ മുതൽ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സോളോ, തൈഷ് എന്നീ പ്രൊജക്ടുകൾ എനിക്ക് ഓഫർ ചെയ്തതാണ്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ മികച്ചതാണ്. എപ്പോഴും തന്റെ കഥാപാത്രങ്ങൾക്ക് പറ്റിയവരെ അദ്ദേഹം തിരയുമെന്നും നിവേദ വ്യക്തമാക്കി.
ഇന്റിമേറ്റ്, ഗ്ലാമറസ് രംഗങ്ങൾ തെലുങ്ക്, തമിഴ് സിനിമകളിൽ പതിവ് കാഴ്ചയാണെങ്കിലും ഇത്തരം രംഗങ്ങളോട് നോ പറയുന്ന നടിമാരും ഏറെയാണ്. ഗ്ലാമറസായി അഭിനയിക്കാമെങ്കിലും ചുംബനരംഗങ്ങൾ പറ്റില്ലെന്നാണ് നടി തമന്നയുടെ നിബന്ധന. വർഷങ്ങൾ നീണ്ട കരിയറിൽ അടുത്തിടെയാണ് തമന്ന ചുംബനരംഗത്തിൽ അഭിനയിക്കാൻ തയ്യാറായത്.
ഗ്ലാമറസ് രംഗങ്ങളിൽ മുൻകാലങ്ങളിൽ അഭിനയിച്ച നയൻതാരയും ഇപ്പോൾ ഇത്തരം രംഗങ്ങളോട് നോ പറയുന്നു. പലപ്പോഴും ഇത്തരം രംഗങ്ങൾ വിമർശിക്കപ്പെടാറുമുണ്ട്. നടിമാരെ ഏറ്റവും മോശമായി ചിത്രീകരിക്കുന്നത് തമിഴ്, തെലുങ്ക് സിനിമകളിലാണെന്നാണ് വിമർശകരുടെ വാദം.


Click it and Unblock the Notifications











