പരാജയപ്പെട്ടെങ്കിലും വരുമാനം കോടികൾ; താരമായപ്പോൾ ചെയ്ത കാര്യം ഇന്ന് തുണയായി; പ്രശാന്തിന്റെ സമ്പാദ്യം
തമിഴ് സിനിമാ രംഗത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടനാണ് പ്രശാന്ത്. അജിത്ത്, വിജയ് തുടങ്ങിയ നടൻമാർ കരിയറിൽ വലിയ തോതിൽ ശ്രദ്ധിക്കപ്പെടാതിരുന്ന കാലത്ത് പ്രശാന്ത് തിരക്കേറിയ നടനാണ്. പിതാവ് ത്യാഗരാജന്റെ സംരക്ഷണയിലാണ് പ്രശാന്ത് തന്റെ കരിയർ പടുത്തുയർത്തിയത്. മകൻ വലിയ താരമാകണമെന്ന് ഇദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. ആഗ്രഹം പോലെ കൈനിറയെ അവസരങ്ങൾ പ്രശാന്തിനെ തേടി വന്നു. ജീൻസ് എന്ന ശങ്കർ ചിത്രം നടന് ഏറെ പ്രശംസകൾ നേടിക്കൊടുത്തു.
എന്നാൽ കരിയറിൽ വലിയ പതനമാണ് പ്രശാന്തിന് പിന്നീട് ഉണ്ടായത്. ഇതിന് പല കാരണങ്ങളും സിനിമാ ലോകത്ത് പ്രചരിക്കുന്നുണ്ട്. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ പറ്റിയ പിഴവ്, വിജയ്, അജിത്ത് എന്നിവരുടെ ഉയർച്ച, പ്രശാന്തിന്റെ വിവാഹജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം പ്രശാന്തിന്റെ കരിയറിനെ ബാധിച്ചു. ഒരു ഘട്ടത്തിൽ പ്രശാന്തിനെ സിനിമകളിൽ കാണാതായി.

ഇന്ന് തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് പ്രശാന്ത്. അന്ധകൻ എന്ന സിനിമയിലാണ് നടനിപ്പോൾ അഭിനയിക്കുന്നത്. ഹിന്ദി ചിത്രം അന്ധാന്ധുന്റെ റീമേക്കായ സിനിമ സംവിധാനം ചെയ്യുന്നതും നിർമിക്കുന്നതും പ്രശാന്തിന്റെ പിതാവായ ത്യാഗരാജാണ്. പ്രശാന്തിന്റെ സമ്പാദ്യത്തെക്കുറിച്ചുള്ള വിവരമാണ് തമിഴ് മാധ്യമങ്ങളിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്നത്. പരാജയപ്പെട്ട നടനായാണ് പ്രശാന്തിനെ സിനിമാ ലോകം കാണുന്നതെങ്കിലും മുൻനിര താരങ്ങളെ പോലെ തന്നെ നല്ല വരുമാനം പ്രശാന്തിനുണ്ട്. മാസം തോറും വലിയൊരു തുക പ്രശാന്തിന് ലഭിക്കുന്നു.
എന്നാൽ സിനിമകളല്ല പ്രശാന്തിന്റെ വരുമാന ശ്രോതസ്സ്. കരിയറിൽ തിളങ്ങി നിൽക്കുന്ന കാലത്ത് ഡി നഗറിൽ ഏക്കർ കണക്കിന് സ്ഥലം പ്രശാന്ത് വാങ്ങിയിട്ടുണ്ട്. പ്രശാന്ത് ഗോൾഡ് ടവർ എന്ന പടുകൂറ്റൻ കെട്ടിടവും ഇവിടെയുണ്ട്. ഇന്ത്യയിലെ വൻകിട ബ്രാൻഡുകളുടെ ഷോറൂം ഈ കെട്ടിടത്തിലാണ്. എട്ട് ഫ്ലോറുകളാണ് പ്രശാന്ത് ഗോൾഡ് ടവറിനുള്ളത്. വൻ കിട കമ്പനികളിൽ നിന്നും വലിയ തുകയാണ് മാസം വാടകയായി പ്രശാന്തിന് ലഭിക്കുന്നു.

ഇതിന് പുറമെ പല ഇൻഡസ്ട്രികളിലും പ്രശാന്ത് നിക്ഷേപം നടത്തിയിട്ടുണ്ട്. പ്രശാന്തിനും പിതാവ് ത്യാഗരാജനും കൂടി നിരവധി പ്രോപ്പർട്ടികളുണ്ട്. 85 കോടിയുടെ ആസ്തി നടനുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രശാന്തിന്റെ കരിയറിലും ജീവിതത്തിലും താങ്ങായി എന്നും പിതാവ് ത്യാഗരാജനുണ്ട്. സിനിമാ ലോകത്ത് ശക്തമായ തിരിച്ച് വരവ് പ്രശാന്തിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ത്യാഗരാജൻ.
വിവാഹ ബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് പ്രശാന്തിന്റെ ഇമേജിനെ വലിയ തോതിൽ ബാധിച്ചത്. പ്രശ്നങ്ങൾ തുടരെ വന്ന ഈ കാലത്ത് സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രശാന്തിന് കഴിഞ്ഞില്ല. 2005 ലാണ് പ്രശാന്ത് വിവാഹിതനായത്. വി.ഡി ഗൃഹലക്ഷ്മിയെന്നാണ് ഭാര്യയുടെ പേര്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ മകനും ജനിച്ചു. എന്നാൽ മൂന്ന് വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് പ്രശാന്തും ഗൃഹലക്ഷ്മിയും വേർപിരിയുകയാണുണ്ടായത്.
ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടവെ ഭാര്യ ഗൃഹലക്ഷ്മി പ്രശാന്തിനെതിരെ സ്ത്രീധനപീഡന പരാതി നൽകി. ഇത് വലിയ വാർത്താ പ്രാധാന്യം നേടി. ഇതിനിടെ ഗൃഹലക്ഷ്മി വർഷങ്ങൾക്ക് മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നെന്ന വിവരം പുറത്ത് വന്നു. ആദ്യ വിവാഹത്തിന്റെ കാര്യം മറച്ച് വെച്ചാണ് പ്രശാന്തിനെ ഗൃഹലക്ഷ്മി വിവാഹം ചെയ്തത്. ഇത് പ്രശ്നങ്ങൾ വഷളാക്കി. ഇതിന് പിന്നാലെയാണ് ഇരുവരും വിവാഹമോചിതരായത്.


Click it and Unblock the Notifications











