ഒന്ന് ശ്രമിച്ചൂടെ?; എന്തിനാണ് ഇത്തരം നടിമാരെ തമിഴകത്തേക്ക് കൊണ്ടുവരുന്നത്?; കാജലിനെതിരെ നിർമാതാവ്
ഇന്ത്യൻ സിനിമാ രംഗത്തെ സംബന്ധിച്ച് കോടികളുടെ ബിസിനസ് നടക്കുന്ന ഇൻഡസ്ട്രിയാണ് തമിഴ് സിനിമാ മേഖല. സൂപ്പർസ്റ്റാറുകളെ കൊണ്ടാടുന്ന തമിഴകത്ത് അഭിനേതാക്കൾക്ക് മതിയായ സ്വീകാര്യതയും ബഹുമാനവും ലഭിക്കുന്നു. ഇക്കാര്യം നിരവധി താരങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രത്യേകിച്ചും നടിമാർക്ക് തമിഴകത്ത് വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാൻ കഴിയുന്നു. നയൻതാര, അമല പോൾ, കീർത്തി സുരേഷ് തുടങ്ങി നിരവധി നടിമാർ മലയാളത്തിൽ നിന്നും തമിഴകത്തേക്ക് കടന്ന് വിജയം കൈവരിച്ചവരാണ്.
നോർത്ത് ഇന്ത്യൻ നായിക നടിമാരും തെന്നിന്ത്യൻ സിനിമാ ലോകത്ത് താരങ്ങളായി മാറുന്നു. തമന്ന, കാജൽ അഗർവാൾ, ഹൻസിക തുടങ്ങിയ നിരവധി നടിമാർ മുംബൈയിൽ നിന്നെത്തി തമിഴ്കത്ത് വിജയം കൊയ്തവരാണ്. ഇപ്പോഴിതാ നോർത്ത് ഇന്ത്യൻ നായിക നടിമാർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് ജി ധനഞ്ജയൻ. ഹിന്ദി മാതൃഭാഷയായ ഈ നടിമാർക്ക് തമിഴ് അറിയില്ലെന്നും തമിഴ് സിനിമാ രംഗത്തെ വിലമതിക്കുന്നില്ലെന്നും ഇദ്ദേഹം ആരോപിച്ചു.
നടി കാജൽ അഗർവാളിനെ പേരെടുത്ത് പരാമർശിക്കുകയും ചെയ്തു. 'തമിഴ്നാട്ടിലെ പെൺകുട്ടികൾക്ക് തമിഴ് സിനിമകളിൽ അവസരം ലഭിക്കണം, നമ്മുടെ ഇൻഡസ്ട്രി നോക്കുന്നത് എങ്ങനെയെങ്കിലും ഫെയർ ആയ ഒരു നടിയെ നായികയാക്കാനാണ്. തമിഴറിയാത്ത നോർത്ത് ഇന്ത്യയിൽ നിന്നുള്ള നടിയെയാണ് തേടുന്നത്. സംവിധായകരോട് എനിക്ക് ഒന്നേ ചോദിക്കാനുള്ളൂ. എന്തിനാണ് തമിഴറിയാത്ത ആ നടിമാരെ അഭിനയിപ്പിക്കുന്നത്. തമിഴിനോട് ഇവർക്ക് ഒരു ആത്മാർത്ഥതയുമില്ല. ഗ്ലാമറസായ നായികമാരെ നമ്മൾ ഒരുപാട് കൊണ്ട് വന്നു'

'അവരിൽ എത്രപേർക്ക് തമിഴ് സംസാരിക്കാൻ പറ്റുന്നുണ്ട്. ഒരു ഉദാഹരണം പറഞ്ഞാൽ ദേഷ്യപ്പെടരുത്. കാജൽ അഗർവാൾ തമിഴ് സംസാരിക്കുമോ. കുറച്ചെങ്കിലും ശ്രമം നടത്തിക്കൂടെ. അക്കാര്യത്തിൽ തമന്നയെ ഞാൻ അഭിനന്ദിക്കും. കുറഞ്ഞത് അവർ തമിഴ് മനസ്സിലാക്കി സംസാരിക്കും. ഇവിടെയുള്ള പല നടിമാർക്കും തമിഴ് സിനിമാ രംഗത്തോട് ആത്മാർത്ഥതയില്ല. അവർക്കിത് ബിസിനസാണ്. അഭിനയിച്ച് പോകും. വലിയ ശമ്പളം കൊടുക്കുന്നതാണ് കാരണം'
എന്തിന് ഈ നടിമാരെ കാസ്റ്റ് ചെയ്യുന്നു. നമ്മളുടെ സ്വന്തം നടിമാരെ എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല. മലയാളത്തിൽ ബോബെയിൽ നിന്നുള്ള നടിമാരെ കൊണ്ട് വരുന്നുണ്ടോ. മലയാള സിനിമകളിൽ അവരുടെ നാച്വറൽ ബ്യൂട്ടികളെയാണ് കൊണ്ട് വരുന്നത്. നിറമാണ് നമ്മുടെ പ്രശ്നം. ഇരുനിറമാണ് നമ്മുടെ നിറം. വെളുത്ത സ്ത്രീകൾ തന്നെ വേണമെന്ന ചിന്താഗതി തെറ്റാണെന്നും ധനഞ്ജയൻ അഭിപ്രായപ്പെട്ടു.

പൊതുവെ ഭാഷയ്ക്ക് വലിയ പ്രാധാന്യം നൽകുന്നവരാണ് തമിഴ്നാട്ടുകാർ. എന്നാൽ സിനിമകളിലെ നായികമാർ തമിഴ് സംസാരിക്കണമെന്ന് ഇവർക്ക് നിർബന്ധമില്ല. തമിഴിലെ മുൻനിര നായികമാരിൽ തൃഷയൊഴിച്ച് ആരും തമിഴ് പശ്ചാത്തലമുള്ളവരല്ല. തൃഷയ്ക്കും മലയാള പശ്ചാത്തലമുണ്ട്. തമിഴകത്തെ ലേഡി സൂപ്പർസ്റ്റാറായി വാഴ്ത്തുന്ന നയൻതാരയും മലയാളിയാണെന്നതാണ് കൗതുകം. തമിഴ് അറിയുമെങ്കിലും മിക്ക സിനിമകളിലും ഡബ് ചെയ്യുന്നത് നയൻതാരയല്ല.
അതേസമയം തമിഴറിയാത്ത നായകൻമാരെ തമിഴ് പ്രേക്ഷകർ സ്വീകരിക്കാറില്ല. തെലുങ്ക് സിനിമകളിലും സമാന സാഹചര്യമുണ്ട്. കേരളത്തിൽ നിന്നുള്ള നിരവധി നായികമാർക്ക് തെലുങ്കിൽ സ്വീകാര്യത ലഭിച്ചു. ഒടുവിലായി നടി ഹണി റോസാണ് തെലുങ്ക് പ്രേക്ഷകരുടെ മനം കവർന്നത്. സ്വന്തം നാട്ടിലെ നായികനടിമാർ തെലുങ്കിലും കുറവാണ്. ബോളിവുഡിൽ നിലനിൽക്കാൻ ബുദ്ധിമുട്ടാണെങ്കിലും നായിക നടിമാർക്ക് കുറേക്കൂടി പ്രാധാന്യം ലഭിക്കുന്നുണ്ടെന്നും സിനിമാ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഹിന്ദി ഭാഷ അറിയാതിരുന്ന കത്രീന കൈഫിനെ ഭാഷ പഠിച്ച ശേഷമാണ് ഹിന്ദി സിനിമാ പ്രേക്ഷകർ സ്വീകരിച്ചത്.


Click it and Unblock the Notifications