ഞങ്ങൾ സംസാരിക്കുന്നത് കുറവാണ്; വിജയുമായി പ്രശ്നമുണ്ടോ, കെെ തരാതിരുന്നതിന് കാരണം; പിതാവ് എസ്എ ചന്ദ്രശേഖർ
വിജയ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത് പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാണുന്നവർ ഏറെയാണ്. വൻ ആരാധകവൃന്ദമുള്ള സൂപ്പർതാരത്തിന് പ്രബല എതിരാളികളുള്ള രാഷ്ട്രീയത്തിൽ ശോഭിക്കാനാകുമോ എന്ന ചോദ്യം പലർക്കുമുണ്ട്. അടുത്ത കാലത്തായി വിജയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. പിതാവ് എസ്എ ചന്ദ്രശേഖറുമായി വിജയ്ക്ക് അകൽച്ചയുണ്ടെന്നാണ് ഇതിലൊരു വാദം. പൊതുവേദികളിൽ പിതാവിൽ നിന്നും വിജയ് അകലം കാണിക്കുന്നത് പലരും ചൂണ്ടിക്കാണിക്കുന്നു.
വിജയിനെ സിനിമാ രംഗത്തേക്ക് കൊണ്ട് വരുന്നതും നടനെ വെച്ച് തുടരെ സിനിമകൾ ചെയ്ത് ജനശ്രദ്ധ നേടിക്കൊടുത്തതും സംവിധായകൻ കൂടിയായ എസ്എ ചന്ദ്രശേഖറാണ്. ഒരു ഘട്ടത്തിൽ വിജയ് പിതാവിന്റെ നിഴലിൽ നിന്നും മാറി സൂപ്പർതാരമായി വളർന്നു. അഭ്യൂഹങ്ങളോട് വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇപ്പോഴിതാ പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് സംസാരിക്കുകയാണ് എസ്എ ചന്ദ്രശേഖർ. താനും വിജയും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇദ്ദേഹം പറയുന്നു. ആളുകൾക്ക് അകൽച്ച തോന്നുന്നതിന്റെ കാരണവും എസ്എ ചന്ദ്രശേഖർ വിശദീകരിച്ചു. ഞങ്ങൾ എപ്പോഴും അങ്ങനെയാണ്. ഞാനും വിജയും സംസാരിക്കുന്നത് വളരെ കുറവാണ്. ഇപ്പോഴല്ല, എപ്പോഴും അങ്ങനെയായിരുന്നു. വിജയ് അധികം സംസാരിക്കുന്ന ആളല്ല. ഞാനും അങ്ങനെയാണ്.
ഇപ്പോഴും ഞങ്ങൾക്കൊരു വ്യത്യാസവും തോന്നുന്നില്ല. വിജയ് എന്നേക്കാൾ വളരെ പോപ്പുലറായി. വിജയ് ബഹുമാനിക്കുന്നില്ല, അമ്മയ്ക്ക് മാത്രം കെെ കൊടുത്തു, അച്ഛനെ അവഗണിച്ചു എന്നെല്ലാം പറയുന്നു. ആളുകൾക്ക് ഞങ്ങൾ തമ്മിൽ പ്രശ്നമാണെന്ന് തോന്നുന്നതാണ്. വിജയ് പഠിക്കുന്ന കാലത്തും താൻ വളരെ കർക്കശക്കാരനായിരുന്നെന്നും എസ്എ ചന്ദ്രശേഖർ പറയുന്നു.

വിജയുടെ പരിപാടികളിൽ വരുന്ന ആൾക്കൂട്ടം മുഴുവനും രാഷ്ട്രീയം അറിയുന്നവരാണ്. സമൂഹത്തോട് സ്നേഹമുള്ളവരാണ് അവർ. ആരെയും പണം കൊടുത്തോ ബിരിയാണി കൊടുത്തോ കൊണ്ട് വന്നതല്ല. വിജയ് രാഷ്ട്രീയത്തിലേക്ക് വന്നാൽ നല്ലത് ചെയ്യും എന്ന് വിശ്വസിച്ച് വന്നരാണ്. ആ വിശ്വാസം നൂറ് ശതമാനവും വോട്ടായി മാറും.
തന്നെ വളർത്തി ഉയരത്തിലെത്തിച്ച തമിഴ്നാട്ടിനും തമിഴ് മക്കൾക്കും തിരിച്ച് ചെയ്യേണ്ടത് തന്റെ കടമയാണെന്ന് തിരിച്ചറിവോടെയാണ് വിജയ് രാഷ്ട്രീയത്തിലേക്ക് വന്നതെന്നും എസ്എ ചന്ദ്രശേഖർ പറയുന്നു. കോടിക്കണക്കിന് പ്രപതിഫലം ലഭിക്കുന്ന സിനിമാ രംഗം വിട്ട് മകൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിൽ ദുഖമില്ല സന്തോഷമാണെന്നും എസ്എ ചന്ദ്രശേഖർ വ്യക്തമാക്കി. ജനനായകൻ ആണ് വിജയുടെ അടുത്ത സിനിമ. താരത്തിന്റെ അവസാന സിനിമയാണിത്.
പ്രിയ നടൻ സിനിമാ ലോകം വിടുന്നതിന്റെ ദുഖം ആരാധകർക്കുണ്ട്. 51 കാരനാണ് വിജയ്. തമിഴക വെട്രി കഴകം എന്നാണ് വിജയുടെ പാർട്ടിയുടെ പേര്. വിജയും ഭാര്യ സംഗീതയും അകൽച്ചയിലാണെന്ന സംസാരവും തമിഴകത്തുണ്ട്. അടുത്ത കാലത്തായി താരത്തിനൊപ്പം സംഗീതയെ കാണാറേയില്ല. ഇരുവരുടെയും മകൻ ജേസൺ സഞ്ജയ് സംവിധായകനായി തുടക്കം കുറിക്കുകയാണ്. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. സുന്ദീപ് കിഷനാണ് നായകൻ. ലൈക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.


Click it and Unblock the Notifications