ഡാൻസുണ്ടെങ്കിലും സായ് പല്ലവി അപകടം മനസ്സിലാക്കി?; കങ്കണയ്ക്ക് പാളിപ്പോയോ എന്ന് ചോദ്യങ്ങൾ
തെന്നിന്ത്യൻ സിനിമാ രംഗത്ത് താരത്തിളക്കമുള്ള ഒട്ടനവധി നായികമാരുണ്ടെങ്കിലും ഇവരിൽ നിന്നെല്ലാം വ്യത്യസ്തയാണ് സായ് പല്ലവി. സായ് പല്ലവിക്ക് തെലുങ്ക് സിനിമാ ലോകത്തുള്ള ആരാധകവൃന്ദം അത്ഭുതപ്പെടുത്തുന്നതാണ്. സാവിത്രി, സൗന്ദര്യ എന്നീ നടിമാരുടെ പകരക്കാരിയായാണ് ടോളിവുഡ് പ്രേക്ഷകർ സായ് പല്ലവിയെ കാണുന്നത്. താരപദവി ലഭിച്ചെങ്കിലും കരിയറിൽ അന്നും ഇന്നും തന്റേതായ ചില നിബന്ധനകൾ സായ് പല്ലവിക്കുണ്ട്.
സൂപ്പർതാര, ബിഗ് ബജറ്റ് ചിത്രമാണെങ്കിലും കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ ചെയ്യില്ല എന്നതാണ് സായ് പല്ലവിയുടെ രീതി. ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കില്ല, ഗ്ലാമറസ് വസ്ത്രം ധരിക്കില്ല തുടങ്ങിയ നിർബന്ധങ്ങളും പല്ലവിക്കുണ്ട്. ചെയ്യുന്ന കഥാപാത്രത്തിന് തന്റെ നൂറ് ശതമാനം നൽകുന്നതിനാൽ തന്നെ ഈ നിർബന്ധങ്ങളെല്ലാം അംഗീകരിച്ച് കൊണ്ട് തെലുങ്ക് സിനിമാ ലോകം സായ് പല്ലവിയെ ഇരു കൈയും നീട്ടി സ്വീകരിച്ചു.

സായ് പല്ലവി നിരസിച്ച സിനിമയാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ച. റിലീസിന് ഒരുങ്ങുന്ന ചന്ദ്രമുഖി 2 എന്ന സിനിമയിലേക്ക് സംവിധായകൻ പി വാസു ആദ്യം പരിഗണിച്ചത് പല്ലവിയെയാണെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ സിനിമ സായ് പല്ലവി നിരസിക്കുകയായിരുന്നു. ഇതോടെയാണ് കങ്കണയിലേക്ക് ചിത്രം എത്തുന്നത്. നൃത്തത്തിന് പ്രാധാന്യമുള്ള സിനിമയാണ് ചന്ദ്രമുഖി. നൃത്ത രംഗങ്ങളിൽ തിളങ്ങുന്ന സായ് പല്ലവി ഒരുപക്ഷെ ഈ ചിത്രം ചെയ്തിരുന്നെങ്കിൽ എങ്ങനെയായെനെ എന്ന ചോദ്യം ഉയരുന്നുണ്ട്.
സായ് പല്ലവിയുടെ തീരുമാനം ശരിയായോ എന്ന് സിനിമ പുറത്തിറങ്ങിയ ശേഷം മാത്രമേ വിലയിരുത്താൻ പറ്റൂ. അതേസമയം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്ലറിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചന്ദ്രമുഖിയുടെ ഒന്നാം ഭാഗവുമായുള്ള താരതമ്യവും നടക്കുന്നു. രജിനികാന്തിന്റെ സാന്നിധ്യമാണ് ഒന്നാം ഭാഗത്തിന് ഇത്രയും ജനശ്രദ്ധ ലഭിക്കാൻ കാരണമായത്. രണ്ടാം ഭാഗത്തിൽ രജിനികാന്തിന് പകരം രാഘവ ലോറൻസാണ് നായകൻ. ഒന്നാം ഭാഗത്തിൽ ജ്യോതികയുടെ പെർഫോമൻസിനെ മറി കടക്കാൻ കങ്കണയ്ക്ക് കഴിയില്ലെന്നും വാദം ഉയരുന്നുണ്ട്.

2005 ലാണ് ചന്ദ്രമുഖിയുടെ ഒന്നാം ഭാഗം റിലീസ് ചെയ്തത്. രജിനികാന്ത്, പ്രഭു, ജ്യോതിക, വിനീത്, നയൻതാര, വടിവേലു തുടങ്ങി വൻ താരനിര സിനിമയിൽ അണി നിരന്നു. ഒന്നാം ഭാഗത്തിന്റെ വിജയം രണ്ടാം ഭാഗത്തിന് ആവർത്തിക്കാൻ പറ്റുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. കങ്കണ ആദ്യമായി അവസരം ചോദിച്ച സിനിമയുമാണ് ചന്ദ്രമുഖി 2. മറ്റൊരു സിനിമയുടെ കഥയുമായി കങ്കണയെ സമീപിച്ചതായിരുന്നു പി വാസു. ചന്ദ്രമുഖി 2 വിലേക്ക് നായികയെ തീരുമാനിച്ചില്ലെന്ന് അറിഞ്ഞപ്പോൾ താൻ തയ്യാറാണെന്ന് നടി പറഞ്ഞു.
ഇങ്ങനെയാണ് കങ്കണയെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യുന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ കങ്കണ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. സെപ്റ്റംബർ 15 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാള ചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്കാണ് ചന്ദ്രമുഖി. മണിചിത്രത്താഴിലെ നാഗവല്ലിയെ തമിഴിൽ ചന്ദ്രമുഖിയായാണ് അവതരിപ്പിച്ചത്. ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്ന പേരിലും ചിത്രം റീമേക്ക് ചെയ്തു.
പ്രിയദർശൻ സംവിധാനം ചെയ്ത ഭൂൽ ഭുലയ്യയിൽ വിദ്യ ബാലൻ, അക്ഷയ്കുമാർ തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. ഹിന്ദിയിലും ചിത്രം വൻ ഹിറ്റായി. ഭൂൽ ഭുലയ്യക്ക് രണ്ടാം ഭാഗം വന്നെങ്കിലും ഇതിന് ആദ്യ ഭാഗവുമായി ഒരു ബന്ധവും ഇല്ലായിരുന്നു. അതേസമയം ചന്ദ്രമുഖി 2 ആദ്യ ഭാഗത്തിന്റെ തുടർച്ചയാണ്.


Click it and Unblock the Notifications