ആയിരം തവണ ഞാൻ ചോദിച്ചതാണ്, ആര്യയെ വെറുതെ വിടരുതെന്ന് ചാനലും പറഞ്ഞു; അന്ന് സംഭവിച്ചത്; സംഗീത
തമിഴകത്ത് തിരക്കേറിയ നടനാണ് ആര്യ. സർപ്പട്ടെ എന്ന സിനിമയ്ക്ക് ശേഷം താരമൂല്യം കുതിച്ചുയർന്ന ആര്യയുടെ പുതിയ പ്രൊജക്ടുകളിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ട്. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും ആര്യ ഇന്ന് ശ്രദ്ധ നൽകുന്നുണ്ട്. നടി സയേഷയാണ് ആര്യയുടെ ഭാര്യ. 2019 ലാണ് ഇരുവരും വിവാഹിതരായത്. ഒരു മകളും ദമ്പതികൾക്കുണ്ട്. ബാച്ചിലറായിരുന്ന സമയത്ത് ആര്യയെക്കുറിച്ച് നിരവധി ഗോസിപ്പുകൾ വന്നിട്ടുണ്ട്. ആര്യയുടെ ജീവിതത്തിലുണ്ടായ വലിയ വിവാദങ്ങളിലൊന്നായിരുന്നു എങ്ക വീട്ട് മാപ്പിളെെ എന്ന റിയാലിറ്റി ഷോ.
ആര്യക്ക് വധുവിനെ തിരഞ്ഞ് കൊണ്ട് നടത്തിയ ഷോയായിരുന്നു ഇത്. ആര്യയുടെ ഭാര്യയാകാൻ ആഗ്രഹിച്ച 16 പെൺകുട്ടികളാണ് ഷോയിൽ മത്സരാർത്ഥികളായി വന്നത്. ആര്യയുടെ ഇഷ്ടം നേടാൻ ഷോയിൽ വെച്ച ടാസ്കുകളെല്ലാം ഇവർ ചെയ്തു. എന്നാൽ ഫൈനലിൽ ഒരു പെൺകുട്ടിയെയും വധുവായി സ്വീകരിക്കാൻ ആര്യ തയ്യാറായില്ല. ആരെയും വേദനിപ്പിക്കാൻ താൽപര്യമില്ലെന്നാണ് ആര്യ ഇതിന് കാരണമായത്. ആര്യക്കെതിരെ അന്ന് വലിയ തോതിൽ വിമർശനം വന്നു.

എല്ലാം തമാശയായി കാണുന്ന ആര്യ പെൺകുട്ടികളെ അപമാനിക്കുകയാണ് ചെയ്തതെന്ന് പരക്കെ വിമർശനം വന്നു. ഷോ സ്ക്രിപ്റ്റഡ് ആണെന്ന വിമർശനവും ഇതിനിടെ വന്നു. എന്നാൽ ഇതൊന്നും ആര്യ കാര്യമാക്കിയില്ല. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഷോയിൽ അവതാരകയായെത്തിയ നടി സംഗീത കൃഷ്. ഷോ സ്ക്രിപ്റ്റഡ് ആയിരുന്നില്ലെന്ന് സംഗീത പറയുന്നു. ആര്യയുടെ തീരുമാനത്തെക്കുറിച്ചും സംഗീത സംസാരിച്ചു.
ഷോ ആരംഭിച്ചപ്പോൾ തന്നെ ഞാൻ പ്രൊഡക്ഷനുമായി സംസാരിച്ചിരുന്നു. ഫേക്കായ ഒന്നിന്റെയും ഭാഗമാകാൻ എനിക്ക് താൽപര്യമില്ല. ആളുകളെ പറ്റിക്കുന്നത് ഇഷ്ടമല്ല. ആര്യ ഇത് ശരിക്കും ചെയ്യുകയാണോ എന്ന് ഞാൻ ആയിരം തവണ ചോദിച്ചതാണ്. നടൻ എഗ്രിമെന്റിൽ ഒപ്പുവെച്ചതാണ്, യഥാർത്ഥമാണെന്ന് പറഞ്ഞു. ജാമിയോടും (ആര്യ) ഇതേക്കുറിച്ച് ചോദിച്ചിരുന്നു. അതെയെന്ന് അവൻ പറഞ്ഞു. അവനും ഒരുപാട് റിജക്ഷനും പ്രണയ പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. അതിനാൽ ശരിക്കുമുള്ളതാണെന്ന് പറഞ്ഞു.

എന്നാൽ ആ സമയത്ത് വ്യക്തമായ തീരുമാനം ആര്യക്ക് എടുക്കാൻ പറ്റിയില്ല. തുടക്കത്തിൽ ഒരു തമാശയായി ആരംഭിച്ച് അവസാനം എല്ലാവരും ഇമോഷണലായി. ഈ സമയത്ത് ഒരു തീരുമാനം എടുത്താൽ അത് തെറ്റാകുമെന്ന് ആര്യക്ക് തോന്നി. അതെനിക്ക് മനസിലായി. അതിനാൽ തീരുമാനം ഞാൻ അംഗീകരിച്ചു. കാരണം കല്യാണമെന്നത് ആരെ സംബന്ധിച്ചും ജീവിതത്തിലെ വലിയൊരു തീരുമാനമാണ്. നിർബന്ധിക്കാൻ പറ്റില്ല.
ഇല്ല, ആര്യ മറുപടി പറയണം, നിങ്ങൾ വിടരുതെന്ന് ചാനലിൽ നിന്ന് പറഞ്ഞതാണ്. പക്ഷെ താൻ ആര്യയുടെ തീരുമാനത്തെ അംഗീകരിക്കുകയാണുണ്ടായതെന്നും സംഗീത കൃഷ് വ്യക്തമാക്കി. അതേസമയം ഷോയിൽ പങ്കെടുത്ത പെൺകുട്ടികളെ താൻ വേദനിപ്പിച്ചില്ലെന്നാണ് ആര്യ മുമ്പൊരിക്കൽ പറഞ്ഞത്.
സ്വന്തം തീരുമാന പ്രകാരമാണ് അവരെല്ലാം ഇത്തരമൊരു ഷോയിൽ പങ്കെടുത്തത്. അവരുടെ മാതാപിതാക്കളും ഇതിന് അനുവദിച്ചെന്നും നടൻ അന്ന് ചൂണ്ടിക്കാട്ടി. 42 കാരനായ ആര്യ ഇന്ന് കരിയറിലേക്ക് ശ്രദ്ധ നൽകുകയും അനാവശ്യ വിവാദങ്ങളിൽ നിന്ന് മാറി നിൽക്കുകയും ചെയ്യുന്നു. ദ വില്ലേജ് ആണ് ആര്യയുടെ പുതിയ സീരീസ്. കഴിഞ്ഞ ദിവസമാണ് സീരീസ് റിലീസ് ചെയ്തത്. ആര്യ ആദ്യമായാണ് ഒരു സീരീസിൽ അഭിനയിക്കുന്നത്.


Click it and Unblock the Notifications