കോമഡി നടനായിരിക്കെ തന്ത്രപരമായി നീങ്ങി; സമ്പാദ്യം കോടികൾ; സന്താനത്തിന്റെ ആസ്തി
തമിഴകത്ത് കോമഡി നടൻമാരായി പേരെടുത്ത നടൻമാർക്ക് പിന്നീട് നായക നിരയിലേക്ക് ഉയരാൻ വിരളമായേ കഴിഞ്ഞിട്ടൂള്ളൂ. കോമഡി നടനെന്ന ലേബലിൽ നിന്ന് മാറി ഒരു സിനിമ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ കെൽപ്പുള്ള നായകനായി വളർന്ന നടനാണ് സന്താനം. സന്താനത്തിന്റെ കരിയറിലുണ്ടായ വളർച്ച ഏവരും എടുത്ത് പറയാറുണ്ട്. സൂപ്പർസ്റ്റാർ സിനിമകളിൽ നായകന്റെ സുഹൃത്തായുള്ള കഥാപാത്രങ്ങളാണ് സന്താനം ചെയ്തത്.
കരിയറിൽ കൃത്യമായ നീക്കങ്ങളോടെ മുന്നോട്ട് പോയതാണ് സാന്താനത്തിന്റെ കരിയറിനെ തുണച്ചത്. വടിവേലു, വിവേക് എന്നീ ഹാസ്യ താരങ്ങളിൽ നിന്നും വ്യത്യസ്തമായാണ് സന്താനം കഥാപാത്രങ്ങൾ തെരഞ്ഞെടുത്തത്. നായകന് ഒപ്പം നിൽക്കുന്ന, കൂടുതൽ സ്ക്രീൻ സ്പേസുള്ള കഥാപാത്രങ്ങളാണ് സന്താനം തെരഞ്ഞെടുത്തത്. കോമഡിക്ക് മാത്രമായുള്ള നടനെന്നതിനപ്പുറം കഥയുടെ ഭാഗമാകാൻ ഇങ്ങനെ സന്താനത്തിന് കഴിഞ്ഞു. ബോസ് എങ്കിര ഭാസ്കരൻ, ഒരു കൽ ഒരു കണ്ണാടി തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്.

തമിഴ് സിനിമാ രംഗത്ത് ഒഴിച്ച് കൂടാൻ പറ്റാത്ത നടനായി സന്താനം മാറി. തുടരെ ഹിറ്റുകൾ ലഭിച്ചതോടെ കോമഡി സൂപ്പർസ്റ്റാർ എന്ന പേരിൽ സന്താനം അറിയപ്പെട്ടു. എന്നാൽ പിന്നീട് മറ്റൊരു ട്രാക്കിലേക്ക് സന്താനം കരിയർ മാറ്റി. 2012 ൽ ഹാൻഡ് മേഡ് ഫിലിംസ് എന്ന പേരിൽ ഒരു നിർമാണ കമ്പനി സന്താനം തുടങ്ങി.
'കണ്ണാ ലഡു തിന്ന ആസയാ' എന്ന ആദ്യ സിനിമയും നിർമിച്ചു. 2013 ൽ റിലീസ് ചെയ്ത സിനിമ വൻ ഹിറ്റായി. സന്താനമാണ് സിനിമയിൽ നായക വേഷം ചെയ്തത്. നായകനടനായി സന്താനത്തെ പ്രേക്ഷകർ സ്വീകരിച്ചു. പിന്നീട് ശ്രദ്ധേയമായ നിരവധി സിനിമകളിൽ സന്താനം അഭിനയിച്ചു. ക്യാരക്ടർ റോളുകൾ ചെയ്യാൻ ഇനി താൽപര്യമില്ലെന്ന് 2014 ൽ നടൻ വ്യക്തമാക്കുകയും ചെയ്തു.

നായക നടന് വേണ്ട ഫിറ്റ്നസിലും സ്റ്റെെലിലും സന്താനം ശ്രദ്ധ നൽകി. സിനിമകൾ ശ്രദ്ധാ പൂർവമാണ് സന്താനം തെരഞ്ഞെടുക്കുന്നത്. ഇടവേളകൾ വന്നാലും വിജയ സാധ്യതയില്ലാത്ത സിനിമകളുടെ ഭാഗമാകാതിരിക്കാൻ ശ്രദ്ധിച്ചു. വർഷങ്ങൾ നീണ്ട കരിയറിൽ നിന്നും സന്താനമുണ്ടാക്കിയ സമ്പാദ്യവും ചെറുതല്ല.
സിനിമകളിൽ കോമഡി വേഷം ചെയ്യുന്ന സമയത്ത് മൂന്ന് കോടി രൂപയോളമാണ് ഒരു സിനിമയ്ക്ക് സന്താനം വാങ്ങിയ പ്രതിഫലം. ഇപ്പോൾ 15 കോടിക്കും 20 കോടിക്കും ഇടയിലാണ് ഒരു സിനിമയ്ക്ക് സന്താനത്തിന്റെ പ്രതിഫലം. ചെന്നെെയിലാണ് നടനും കുടുംബവും താമസിക്കുന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസ് സന്താനത്തിനുണ്ട്. 120 കോടിക്കടുത്താണ് നടന്റെ ആസ്തിയെന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. 2004 ലാണ് സന്താനം വിവാഹിതനായത്. ഉഷ എന്നാണ് ഭാര്യയുടെ പേര്. മൂന്ന് മക്കൾ ദമ്പതികൾക്കുണ്ട്.
കരിയറിലെ ഉയർച്ചയ്ക്കൊപ്പം പലപ്പോഴും വിവാദങ്ങളിലും സന്താനം അകപ്പെട്ടിട്ടുണ്ട്. സിനിമകളിലെ സ്ത്രീ വിരുദ്ധ ഡയലോഗുകളാണ് പലപ്പോഴും പ്രശ്നമായത്. എൻട്രെൻട്രും പുന്നഗൈ എന്ന സിനിമയിലെ ഡയലോഗാണ് പ്രശ്നമായത്. സ്ത്രീവിരുദ്ധത ആരോപിച്ച് വിമർശനങ്ങൾ വന്നതോടെ ഡയലോഗ് സിനിമയിൽ നിന്നും നീക്കേണ്ടി വന്നു.
സമാനമായി ദിക്കിലൂന എന്ന സിനിമയിൽ ഭിന്നശേഷിക്കാരെ സന്താനം ആക്ഷേപിച്ചെന്ന വിമർശനവും. സോഷ്യൽ മീഡിയയിൽ പലപ്പോഴും സന്താനത്തിന്റെ സിനിമകളിലെ പിന്തിരിപ്പൻ ചിന്താഗതികൾ ചർച്ചയാകാറുണ്ട്. എന്നാൽ സന്താനം പാെതുവെ ഇത്തരം വിമർശനങ്ങളോട് പ്രതികരിക്കാറില്ല.


Click it and Unblock the Notifications











