'പലരും പലതും പറഞ്ഞു... ഞാൻ ആരുടേയും വാക്ക് കേട്ടില്ല'; വിജയിക്കൊപ്പം സിനിമ ചെയ്തതിനെ കുറിച്ച് സിമ്രാൻ!
ഒരു കാലത്ത് സൗത്ത് ഇന്ത്യയിൽ തിളങ്ങി നിന്ന നടിയാണ് സിമ്രാൻ. ഇന്നും ആ പഴയ സൗന്ദര്യം സിമ്രാനുണ്ടെന്നാണ് ആരാധകർ പറയാറുള്ളത്. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിലും മറ്റും ആക്ടീവാണ് താരം. തമിഴ് സിനിമയിൽ ഏറ്റവും ഹിറ്റായിട്ടുള്ള ഒരു കോമ്പോയാണ് സിമ്രാനും വിജയിയും.
തുള്ളാത മനവും തുള്ളും, പ്രിയമാനവളേ എന്നീ രണ്ട് സിനിമകൾ മാത്രം മതി ഇവരുടെ കോമ്പോ എത്രത്തോളം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണെന്ന് മനസിലാക്കാൻ. വളരെ നാളുകൾക്ക് ശേഷം പേട്ടയിൽ രജനികാന്തിന്റെ നായികയായി സിമ്രാൻ പ്രത്യക്ഷപ്പെട്ടപ്പോൾ ഏറ്റവും കൂടുതൽ ആരാധകരിൽ നിന്നും ഉയർന്ന ഒരു ആവശ്യമായിരുന്നു വിജയി-സിമ്രാൻ കൂട്ടുകെട്ടിൽ ഒരു സിനിമ കൂടി വരണമെന്നത്.

ഇപ്പോഴിത സിമ്രാൻ വിജയിയെ കുറിച്ച് നടത്തിയൊരു പരാമർശമാണ് സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. വിജയിക്കൊപ്പം ഒരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചപ്പോൾ നിരവധി പേർ വാണിങുമായി എത്തിയെന്നാണ് സിമ്രാൻ പറയുന്നത്. യൂത്ത് സിനിമയിൽ വിജയിക്കൊപ്പം ഐറ്റം ഡാൻസ് ചെയ്യാൻ തീരുമാനിച്ചപ്പോൾ നിരവധി പേർ തന്റെ ആ തീരുമാനത്തെ എതിർത്ത് ഉപദേശിച്ചുവെന്നാണ് സിമ്രാൻ പറയുന്നത്.
2002ൽ പുറത്തിറങ്ങിയ വിജയ് സിനിമയാണ് യൂത്ത്. ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ടതും ഇപ്പോഴും ആളുകൾ ആഘോഷിക്കുന്നതുമായ നിരവധി ഗാനങ്ങൾ യൂത്ത് സിനിമയിൽ ഉണ്ടായിരുന്നു.
പ്രണയവും ഫ്രണ്ട്ഷിപ്പുമെല്ലാം ചർച്ചയായ സിനിമയിൽ ആൾതോട്ട ഭൂപതി നാനെടാ... എന്ന ഗാനത്തിനാണ് സിമ്രാൻ ചുവടുവെച്ചത്. വിജയ് ഡാൻസ് ചെയ്യാൻ തുടങ്ങിയാൽ പിന്നെ ചുറ്റുമുള്ള ഡാൻസേഴ്സിനേയോ പ്രോപ്പർട്ടിയേയോ പ്രേക്ഷകർക്ക് ശ്രദ്ധിക്കാനാവില്ല.
അത്ര ഗ്രേസ് ഓടുകൂടിയാണ് വിജയ് ഡാൻസ് ചെയ്യുക. എന്നാൽ യൂത്തിലെ ഗാനത്തിൽ സിമ്രാൻ കൂടി വിജയിക്കൊപ്പം പ്രത്യക്ഷപ്പെട്ടപ്പോൾ ഇതിൽ ആരെ ശ്രദ്ധിക്കണമെന്ന കൺഫ്യൂഷമായി പ്രേക്ഷകർക്ക്. നായികയായി കത്തി നിൽക്കുന്ന സമയത്താണ് സിമ്രാൻ ഐറ്റം ഡാൻസ് ചെയ്യാൻ യൂത്ത് സിനിമയിൽ എത്തിയത്.

അന്ന് അത് പലരേയും അത്ഭുതപ്പെടുത്തിയ തീരുമാനമായിരുന്നു. കാരണം പൊതുവെ നായകമാരൊന്നും ഹീറോയുടെ സിനിമകളിൽ അഞ്ച് മിനിറ്റ് മാത്രം ദൈഘ്യമുള്ള പാട്ടിൽ നൃത്തം ചെയ്യാനായി പോകില്ല. അതിനാൽ തന്നെ സിമ്രാന്റെ തീരുമാനത്തെ നിരവധി പേർ വിമർശിച്ചു. അന്ന് അതിന് മറുപടി പറഞ്ഞില്ലെങ്കിലും പിന്നീട് ഈ വിഷയത്തെ കുറിച്ച് സിമ്രാൻ സംസാരിച്ചിരുന്നു.
'നല്ല സിനിമകളിൽ നൃത്തം ചെയ്യാൻ ഞാൻ ഒരിക്കലും മടിച്ചിട്ടില്ല. ഇതാണ് എന്റെ ജീവിതം. എന്ത് ചെയ്യണമെന്ന് ഞാൻ തീരുമാനിക്കണം. ആ പാട്ടിന് നൃത്തം ചെയ്യരുതെന്ന് പലരും എന്നോട് പറഞ്ഞിരുന്നു. പക്ഷെ അത് കേൾക്കാതെ ഞാൻ നൃത്തം ചെയ്തു. മറ്റുള്ളവർ പറയുന്നത് കേട്ട് നൃത്തം ചെയ്യാതിരുന്നിരുന്നെങ്കിൽ എനിക്ക് ഒരു ഹിറ്റ് ഗാനം നഷ്ടമാകുമായിരുന്നു.'
'ഭാഗ്യവശാൽ എനിക്ക് മുന്നറിയിപ്പ് നൽകിയ ആളുകളെ ഞാൻ ചെവിക്കൊണ്ടില്ല' സിമ്രാൻ പറഞ്ഞു. താരത്തിന്റെ അഭിമുഖം വൈറലായതോടെ സിമ്രാന്റെ തീരുമാനം ശരിയായിരുന്നുവെന്ന് വെളിപ്പെടുത്തി നിരവധി ആരാധകർ എത്തി. അമ്മ വേഷങ്ങളിൽ അഭിനയിച്ച് തുടങ്ങിയിട്ടുണ്ട് സിമ്രാൻ. എന്നാലും വിജയിയുടെ അമ്മയായി മാത്രം അഭിനയിക്കരുതെന്നും തങ്ങൾക്ക് സഹിക്കാനാവില്ലെന്നും വിജയിയുടെ സഹോദരിയായും അഭിനയിക്കരുതെന്നും ആരാധകർ സിമ്രാനോട് ആവശ്യപ്പെടുന്നുണ്ട്.
തങ്ങൾക്ക് സിമ്രാൻ-വിജയ് ക്യൂട്ട് ജോഡിയാണ്... അത് അതേപടി തുടരണമെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ ചിത്രീകരണ തിരക്കിലാണ് വിജയ് ഇപ്പോൾ. ചെന്നൈയിലാണ് ചിത്രീകരണം നടക്കുന്നത്. ലിയോ ഒരു പാൻ-ഇന്ത്യൻ ചിത്രമായിട്ടാണ് നിർമ്മിക്കുന്നതെന്ന് നിർമ്മാതാവ് ലളിത് കുമാർ വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications