കേരളത്തിലൊരു വിലയുമില്ല; വലിയ താരമാക്കിയ നമ്മൾക്കിത് വേണം; നയൻതാരയ്ക്കെതിരെ തമിഴ്നാട്ടിൽ രോഷം
താരങ്ങളെ ദൈവത്തിന് തുല്യരായാ ആരാധിക്കുന്നവരാണ് തമിഴ്, തെലുങ്ക് സിനിമാ പ്രേക്ഷകർ. സിനിമാ, നടീ നടമാർക്ക് വേണ്ടി ക്ഷേത്രം പണിയൽ, പാലഭിഷേകം, ശരീരത്തിൽ പച്ച കുത്തൽ തുടങ്ങിയ പല രീതികളും ആരാധകർക്കുണ്ട്. തങ്ങൾക്കിഷ്ടപ്പെട്ടാൽ പിന്നീടവരോട് പ്രത്യേക മമത കാണിക്കുന്നവരാണ് തമിഴരെന്ന് സിനിമാ ലോകത്ത് പലരും ചൂണ്ടിക്കാട്ടിയുണ്ട്. മലയാളത്തിൽ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയ പല നടിമാർക്കും സിനിമാ രംഗത്ത് തുടരാൻ അവസരം നൽകിയത് തമിഴകവും തെലുങ്ക് മേഖലയുമാണ്.
ഇത്തരത്തിൽ മലയാളത്തിൽ നിന്ന് തമിഴകത്തേക്ക് കടന്ന് ജനപ്രീതി നേടിയ നടിയാണ് നയൻതാര. നയൻസെന്നാൽ തമിഴർക്ക് ലേഡി സൂപ്പർ സ്റ്റാറാണ്. വൻ ആരാധക വൃന്ദം തമിഴകകത്ത് നയൻതാരയ്ക്കുണ്ട്. തമിഴ് സിനിമാ രംഗത്ത് നിന്ന് നയൻതാര നേടിയെടുത്ത നേട്ടങ്ങൾ ചെറുതല്ല. ഇരുപത് വർഷത്തിലേറെയായി മുൻനിര നായിക നടിയായുള്ള കരിയർ ഗ്രാഫ്, പ്രതിഫലത്തിൽ മുന്നിൽ നിൽക്കുന്ന നടി തുടങ്ങി ഒട്ടനവധി സൗഭാഗ്യങ്ങൾ നടിയെ തേടിയെത്തി.
എന്നാൽ ഉയരത്തിലേക്കെത്തിച്ച ആരാധകരെ നയൻതാര ചൊടിപ്പിച്ചു എന്നാണിപ്പോൾ ഉയരുന്ന വിമർശനം. കഴിഞ്ഞ ദിവസമുണ്ടായ സംഭവമാണിതിന് കാരണം. കുംഭകോണത്തിനടത്തുള്ള മേലവത്തൂർ ഗ്രാമത്തിലെ കാമാച്ചി അമ്മൻ ക്ഷേത്രത്തിലെത്തിയതായിരുന്നു നയൻതാര. ഭർത്താവ് വിഘ്നേശ് ശിവനും ഒപ്പമുണ്ടായിരുന്നു. താരത്തിന്റെ വരവറിഞ്ഞ് ക്ഷേത്ര പരിസരതത് വൻ ജനക്കൂട്ടമെത്തി. ആളുകളുടെ തിരക്ക് കാരണം ഇരുവർക്കും ബുദ്ധിമുട്ടുണ്ടായി.

ഈ ക്ഷേത്രത്തിലെ പൂജയ്ക്ക് ശേഷം അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് പോയി. ഇവിടെയും ജനക്കൂട്ടമായിരുന്നു. ഇതിനിടെ ഒരു സ്ത്രീ തന്റെ തോളിൽ കൈയിട്ടത് നയൻതാരയ്ക്കിഷ്ടപ്പെട്ടില്ല. ഇതിന്റെ ദേഷ്യം ചെറുതായി പ്രകടിപ്പിക്കുകയും ചെയ്തു. റെയിൽവേ സ്റ്റേഷനിൽ പോയപ്പോൾ ആളുകൾ തുടരെ ഫോട്ടോ എടുത്തു. ഒരാളോട് ഫോൺ ഞാൻ തല്ലിപ്പൊട്ടിക്കുമെന്ന് നടിക്ക് ദേഷ്യപ്പെടേണ്ടിയും വന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
നടിയുടെ ദേഷ്യം കണ്ട് പലരും സോഷ്യൽ മീഡിയയിൽ വിമർശനമുന്നയിച്ചു. പ്രത്യേകിച്ചും തോളിൽ കൈയിട്ട സ്ത്രീയോട് നടി കാണിച്ച അവഞ്ജയാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇത്രയൊക്കെ അഹങ്കാരം കാണിക്കാൻ നടി ആരാണെന്ന് ചിലർ കമന്റ് ചെയ്തു. സിനിമാ താരങ്ങളെ ദൈവത്തെ പോലെ കാണുന്നവർക്കുള്ള പാഠമാണിത്, ഇനിയെങ്കിലും മനസ്സിലാക്കൂ, നമ്മൾ കൊടുക്കുന്ന ബഹുമാനം താരങ്ങളും തിരിച്ച് തരേണ്ടേ എന്നിങ്ങനെ നിരവധി അഭിപ്രായങ്ങൾ വന്നു.

കേരളത്തിൽ ഒരു വിലയുമില്ലാത്തയാളാണ്, ഇവരെയൊന്നും ആരാധിക്കേണ്ടതില്ല, വലിയ താരമാക്കിയ നമ്മൾക്കാണ് തെറ്റ് പറ്റിയത് എന്നിങ്ങനെ പോവുന്നു കമന്റുകൾ. നയൻതാരയുടെ തോളിൽ കൈയിട്ട സ്ത്രീയുടെ മുഖം ശ്രദ്ധിക്കൂ, അവർ വിഷമമായെന്നും കമന്റുകളുണ്ട്.
മിക്ക കാര്യങ്ങളിലും വൈകാരികതയ്ക്ക് പ്രാധാന്യം നൽകുന്നവരാണ് പൊതുവെ തമിഴ് ജനത. നയൻതാരയുടെ ഇപ്പോഴത്തെ പ്രവൃത്തി നടിക്ക് തന്നെ ദോഷം ചെയ്യുമെന്ന് അഭിപ്രായമുണ്ട്. അതേസമയം നടിയെ പിന്തുണച്ചും ചിലർ രംഗത്ത് വരുന്നുണ്ട്. എത്ര വലിയ താരമാണെങ്കിലും സ്വകാര്യത എന്നൊന്നുണ്ടെന്നും അത് ബഹുമാനിക്കണമെന്നും ക്ഷേത്ര ദർശനത്തിന് വരുമ്പോഴാണോ ഫോട്ടോ എടുക്കുന്നതെന്നും ചിലർ ചോദിച്ചു.
വിഘ്നേശ് ശിവനുമായുള്ള വിവാഹ ശേഷം തുടരെ ക്ഷേത്ര ദർശനം നയൻതാര നടത്താറുണ്ട്. വിഘ്നേശും ഈശ്വര ഭക്തനാണ്. കരിയറിൽ രണ്ട് പേർക്കും അത്ര നല്ല സമയമല്ല. ഇതിനിടെയാണ് ക്ഷേത്ര ദർശനം. അടുത്തിടെയാണ് അജിത്തിനെ നായകനാക്കി ചെയ്യാനിരുന്ന സിനിമയുടെ സംവിധാന സ്ഥാനത്ത് നിന്നും വിഘ്നേശ് ശിവനെ മാറ്റിയത്. മറുവശത്ത് നയൻതാരയ്ക്ക് കരിയറിൽ തുടരെ പരാജയ സിനിമകളാണ്. രണ്ട് പേർക്കും കരിയറിൽ ഒരു ഹിറ്റ് അനിവാര്യമായിരിക്കുകയാണ്.


Click it and Unblock the Notifications