ഷൂട്ടിംഗിനിടെ സൂര്യയോട് ഇഷ്ടം തോന്നിയ ഭൂമിക; വിവാഹത്തിന് മറക്കാനാകാത്ത സമ്മാനം നൽകിയ മറ്റൊരാളും
ആരാധകർക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. മേഡ് ഫോർ ഈച്ച് അദർ എന്ന് പ്രയോഗത്തിന് എന്തുകാെണ്ടും ഇവർ അർഹരാണെന്ന് ഏവരും പറയുന്നു. മറ്റ് പല താര ദമ്പതികളും തമിഴകത്തുണ്ടെങ്കിലും ഇവരിൽ നിന്നെല്ലാം ജ്യോതികയും സൂര്യയും വ്യത്യസ്തരാണ്. താരപത്നിയായി കുടുംബ ജീവിതം നയിക്കുന്ന മിക്ക നടിമാർക്കും കരിയർ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ജ്യോതികയ്ക്ക് ഇങ്ങനെയാരു സാഹചര്യം ഉണ്ടാകാതിരിക്കാൻ സൂര്യ ശ്രദ്ധിച്ചു.
വർഷങ്ങൾക്ക് ശേഷം സിനിമാ രംഗത്തേക്ക് തിരിച്ച് വരാൻ ആഗ്രഹിച്ച ജ്യോതികയെ സൂര്യ പ്രോത്സാഹിപ്പിച്ചു. നടിയുടെ തിരിച്ച് വരവിലെ ആദ്യ സിനിമ 36 വയതിനിലെ നിർമ്മിച്ചത് സൂര്യയാണ്. ഭാര്യയുടെ സിനിമാ സ്വപ്നങ്ങൾക്ക് ഒപ്പം നിൽക്കുന്ന ഒരു സൂപ്പർതാരം തമിഴകത്ത് അപൂർവ കാഴ്ചയാണ്. സൂര്യയുടെ കരിയറിന് ജ്യോതികയും വലിയ പിന്തുണ നൽകുന്നു. 2006 ലാണ് സൂര്യയും ജ്യോതികയും വിവാഹിതരാകുന്നത്. ഏറെനാളത്തെ പ്രണയത്തിനാെടുവിലായിരുന്നു വിവാഹം.

ഏഴ് സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കാക്ക കാക്ക, സില്ലിനൊരു കാതൽ എന്നീ സിനിമകളിലെ ഇരുവരുടെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആഘോഷപൂർവമാണ് താരങ്ങളുടെ വിവാഹം നടന്നത്. രണ്ട് വീട്ടുകാരുടെയും സമ്മതപ്രകാരം നടന്ന പ്രണയ വിവാഹം ആരാധകരെ ഏറെ സന്തോഷിപ്പിച്ചു. വിവാഹത്തിന് തമിഴ് സിനിമാ രംഗത്തെ പ്രമുഥർ അതിഥികളായെത്തി.
എന്നാൽ നവദമ്പതികൾക്ക് മറക്കാൻ പറ്റാത്ത സമ്മാനം നൽകിയത് എആർ റഹ്മാനാണ്. വർഷങ്ങൾക്കിപ്പുറവും എആർ റഹ്മാൻ നൽകിയ സമ്മാനത്തിന്റെ മാറ്റ് കൂടുന്നു എന്ന പ്രത്യേകതയുമുണ്ട്. വിവാഹത്തിന് മുമ്പ് സൂര്യയും ജ്യോതികയും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് സില്ലിന് ഒരു കാതൽ. ഇമ്പമാർന്ന ഗാനങ്ങൾ ഈ സിനിമയെ ഇന്നും വേറിട്ട് നിർത്തുന്നു.
സിനിമയിൽ ജ്യോതികയും സൂര്യയും വിവാഹം ചെയ്യുന്ന ഒരു രംഗമുണ്ട്. കുമ്മി അടി എന്ന ഗാനരംഗത്തിലാണ് വിവാഹം കാണിക്കുന്നത്. സൂര്യയ്ക്കും ജ്യോതികയ്ക്കുമുള്ള വിവാഹ സമ്മാനമാണ് ഈ ഗാനമെന്ന് സംവിധായകനോട് പറഞ്ഞാണ് എആർ റഹ്മാൻ ഈ ഗാനം ഒരുക്കുന്നത്. സിനിമയും ഗാനവും പ്രേക്ഷകർക്ക് ഒരുപോലെ ഇഷ്ടപ്പെട്ടു.
സില്ലിന് ഒരു കാതൽ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ സൂര്യയും ജ്യോതികയും വിവാഹിതരായി. ഈ സിനിമയ്ക്ക് പിന്നിൽ രസകരമായ കഥകൾ വേറെയുമുണ്ട്. സിനിമയിൽ ജ്യോതികയ്ക്കൊപ്പം നടി ഭൂമികയും പ്രധാന വേഷം ചെയ്തിട്ടുണ്ട്. റിലീസിന് ശേഷം ആരാധകർ ഏറ്റെടുത്തത് ഭൂമിക-സൂര്യ കോംബോയാണ്. സൂര്യയോട് തനിക്ക് ക്രഷ് തോന്നിയിരുന്നെന്ന് പിന്നീടൊരിക്കൽ നൽകിയ അഭിമുഖത്തിൽ ഭൂമിക തുറന്ന് പറഞ്ഞിട്ടുണ്ട്.

ഭൂമികയ്ക്ക് പകരം നടി അസിനെയാണ് ആദ്യം സില്ലിന് ഒരു കാതലിലേക്ക് പരിഗണിച്ചത്. എന്നാൽ ജ്യോതിക ചെയ്ത കഥാപാത്രത്തിനാണ് പ്രാധാന്യമെന്ന് തോന്നിയ അസിൻ ആ വേഷം തന്നാൽ സിനിമ ചെയ്യാമെന്ന് പറഞ്ഞു. ഇതോടെ അസിന് പകരം ഭൂമികയെ നായികയാക്കുകയായിരുന്നു.
സൂര്യയുടെയും ജ്യോതികയുടെയും വിവാഹം അക്കാലത്ത് ചർച്ചയായതിന് പല കാരണങ്ങളുമുണ്ട്. തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഇരുവരുടെയും പ്രണയത്തെ കുടുംബം എതിർത്തിരുന്നു. എന്നാൽ പിന്നീട് ഈ ബന്ധത്തിന് വീട്ടുകാർ സമ്മതിച്ചു. തെന്നിന്ത്യൻ സിനിമകളിലാണ് തിളങ്ങിയതെങ്കിലും മുംബൈക്കാരിയാണ് ജ്യോതിക.
ജ്യോതികയുടെ അർധ സഹോദരിയാണ് നടി നഗ്മ. സിനിമാ രംഗത്ത് നിന്ന് മാറി നഗ്മ ഇന്ന് രാഷ്ട്രീയ പ്രവർത്തനത്തിനാണ് പ്രാധാന്യം നൽകുന്നത്. ജ്യോതിക സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിൽ കാതൽ എന്ന ചിത്രത്തിലും നടി അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications