ആ ഹീറോ എത്തിയത് മദ്യപിച്ച്; ബ്രഷ് ചെയ്തിട്ടുമില്ല; തുറന്ന് പറഞ്ഞ് തമന്ന ഭാട്ടിയ; ശ്രദ്ധ നേടി വാക്കുകൾ
മുംബൈയിൽ നിന്നുമെത്തി തമിഴ്, തെലുങ്ക് സിനിമകളിൽ വിജയം കൈവരിച്ച നിരവധി നടിമാർ ഉണ്ട്. ഒരുകാലത്ത് തമിഴ് സിനിമാ രംഗം അടക്കി വാണ സിമ്രാൻ, ജ്യോതിക തുടങ്ങിയ നടിമാരെല്ലാം മുംബൈയിൽ നിന്നാണ്. എന്നാൽ തെന്നിന്ത്യയിലെ നായികമാരെ തീർത്തും അപ്രസക്തമാക്കി ഉത്തരേന്ത്യൻ നടികൾ തമിഴ് സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച ഒരു കാലഘട്ടവും പിന്നീടുണ്ടായി. തമന്ന, കാജൽ അഗർവാൾ, ഹൻസിക മോട്വാണി തുടങ്ങിയ നടിമാർ ശ്രദ്ധ നേടുന്നത് ഇക്കാലത്താണ്. ചുരുങ്ങിയ കാലം ഇവർ നേടിയ പേരും പ്രശസ്തിയും ചെറുതല്ല.
സൂപ്പർസ്റ്റാറുകളുടെ നായികമാരായി നിരവധി സിനിമകളിൽ ഇവർ അഭിനയിച്ചു. ഇവരിൽ ഏറ്റവും ജനപ്രീതി നേടിയവരിൽ ഒരാളാണ് നടി തമന്ന ഭാട്ടിയ. നൃത്ത രംഗങ്ങളിലെ മികവ്, മികച്ച സ്ക്രീൻ പ്രസൻസ്, ബോളിവുഡിലെ നായികമാരെ വെല്ലുന്ന ഫിറ്റ്നെസ് തുടങ്ങി പല ഘടകങ്ങൾ തമന്നയെ മുൻനിരയിലേക്ക് ഉയർത്തി. 18 വർഷം മുൻനിര നായിക നിരയിൽ തമന്നയ്ക്ക് തുടരാൻ കഴിഞ്ഞു എന്നത് ചെറിയ നേട്ടമല്ല.

പുതുമുഖങ്ങളുടെ വരവോടെ തമന്നയ്ക്ക് മാർക്കറ്റ് ഇടിവ് സംഭവിക്കുമെന്നാണ് കരുതിയതെങ്കിലും സംഭവിച്ചത് മറിച്ചാണ്. പുതുമുഖങ്ങൾ വരികയും പോകുകയും ചെയ്തപ്പോഴും തമന്ന ട്രെൻഡ് സെറ്ററായി തെന്നിന്ത്യയിൽ നിലനിന്നു. റിലീസ് ചെയ്യാനിരിക്കുന്ന ജയ്ലർ എന്ന ചിത്രത്തിലെ കാവാലയ്യ എന്ന ഗാനത്തിൽ ഏവരെയും അത്ഭുതപ്പെടുത്തിയ ചുവടുകളുമായി തമന്ന തകർത്താടി.
തന്റെ കരിയറിലെ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് തമന്ന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഷൂട്ടിംഗ് സെറ്റിൽ ഹീറോ മദ്യപിച്ച് വന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് തമന്ന തുറന്ന് പറഞ്ഞു. അദ്ദേഹം ബ്രഷ് ചെയ്തിരുന്നില്ലെന്നും തനിക്ക് തോന്നിയെന്ന് നടി ഓർത്തു. ഗലാട്ട തമിഴ് ചാനലിനോട് സംസാരിക്കുകയായിരുന്നു നടി. ഇതേക്കുറിച്ച് തമന്ന കൂടുതൽ വിശദീകരിച്ചിട്ടില്ല.

സിനിമകളിൽ ചുംബനരംഗത്തിൽ അഭിനയിക്കില്ലെന്ന നിബന്ധന അടുത്തിടെയാണ് തമന്ന ഒഴിവാക്കിയത്. ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജിയിൽ ചുംബന രംഗത്തിൽ അഭിനയിക്കാൻ നടി തയ്യാറായി. ലസ്റ്റ് സ്റ്റോറീസിൽ ഒപ്പം അഭിനയിച്ച വിജയ് വർമ്മയുമായി തമന്ന പ്രണയത്തിലുമായി. അഭിമുഖത്തിലെ റാപിഡ് ഫയർ റൗണ്ടിൽ മറ്റ് രസകരമായ ചോദ്യങ്ങൾക്കും തമന്ന മറുപടി നൽകുന്നുണ്ട്.
നടൻ ധനുഷിനോട് പറയാനാഗ്രഹിക്കുന്ന കാര്യം എന്താണെന്ന ചോദ്യത്തിന് മുംബൈയിൽ വരുമ്പോൾ തന്നെവിളിക്കണമെന്നാണ് പറയാനുള്ളതെന്ന് തമന്ന മറുപടി നൽകി. ധനുഷ് നല്ല സുഹൃത്താണെന്നും നടി വ്യക്തമാക്കി. ശ്രുതി ഹാസനുമായി പ്രശ്നം ഉണ്ടായെന്ന ഗോസിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ലെന്നും നടി മറുപടി നൽകി.
ജീ കർദാ എന്ന സീരീസ്, ആന്തോളജിയായ ലസ്റ്റ് സ്റ്റോറീസ് എന്നിവയാണ് തമന്നയുടെ ഒടുവിൽ പുറത്തിറങ്ങിയ പ്രൊജക്ടുകൾ. രണ്ടിലും മികച്ച പ്രകടനം നടി കാഴ്ച വെച്ചു. ജയ്ലറിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. രജിനികാന്തിനൊപ്പമാണ് ചിത്രത്തിൽ നടി അഭിനയിക്കുന്നത്. മോഹൻലാൽ, രമ്യ കൃഷ്ണൻ എന്നിവരും ജയ്ലറിൽ പ്രധാന വേഷം ചെയ്യുന്നു.
വ്യക്തി ജീവിതത്തെക്കുറിച്ച് വളരെയധികം സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന നടിയായിരുന്നു തമന്ന. എന്നാൽ അടുത്തിടെ വിജയ് വർമയുമായി താൻ പ്രണയത്തിലാണെന്ന് നടി തുറന്ന് പറഞ്ഞു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വൈറലായി.


Click it and Unblock the Notifications