'നരച്ച മുടി; അജിത്തിനോട് ഇന്നായിരുന്നെങ്കിൽ പറഞ്ഞേനെ; ആ വിജയ് ചിത്രത്തിൽ ചെയ്തത് ഇനി ചെയ്യില്ല'
തെന്നിന്ത്യൻ സിനിമകളിൽ തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞ നടിയാണ് തമന്ന ഭാട്ടിയ. 18 വർഷം തമിഴ്, തെലുങ്ക് സിനിമാ രംഗത്ത് മുൻനിര നായികയായി തുടരാൻ തമന്നയ്ക്ക് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. ഇന്ന് ബോളിവുഡിലും നടിക്ക് സ്വീകാര്യത ലഭിക്കുന്നു. ലസ്റ്റ് സ്റ്റോറീസ്, ജീ കർദ എന്നീ പ്രൊജക്ടുകൾ മികച്ച പ്രേക്ഷക പ്രശംസ നേടി. സൂപ്പർസ്റ്റാറുകളുടെ നായികയായി തുടക്ക കാലത്ത് തന്നെ തമന്നയ്ക്ക് അവസരങ്ങൾ ലഭിച്ചു.
അയൻ, ബാഹുബലി, ഹാപ്പി ഡെയ്സ്, പയ്യ, പഠിക്കാദവൻ തുടങ്ങി കരിയറിൽ തമന്നയ്ക്കുള്ള ഹിറ്റുകൾ ഏറെയാണ്. ഇന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളും തമന്നയെ തേടിയെത്തുന്നു. വർഷങ്ങൾ നീണ്ട കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് തമന്നയിപ്പോൾ. ഗലാട്ട തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. തുടക്ക കാലത്ത് ചെയ്ത ചില സിനിമകളിൽ തന്റെ അഭിനയം മോശമാണെന്ന് തോന്നിയിട്ടുണ്ടെന്ന് തമന്ന തുറന്ന് പറഞ്ഞു.

മോശമായി അഭിനയിച്ചെന്ന് തോന്നിയ, ഇനി കാണാൻ ഇഷ്ടമില്ലാത്ത സ്വന്തം സിനിമയേതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി. സുറ എന്ന ചിത്രത്തിലെ ചില സീനുകളിൽ തന്റെ അഭിനയം മോശമായിരുന്നു. അത്തരം സീനുകൾ ഇനി ഒരിക്കലും ചെയ്യില്ല. സിനിമ മോശമാകുമെന്ന് ഷൂട്ട് ചെയ്യുമ്പോൾ തന്നെ മനസ്സിലാകും. ചില സിനിമകളിൽ അഭിനയിക്കുമ്പോൾ തന്നെ ഈ പടം മോശമാകുമെന്ന് അറിയാം. പക്ഷെ ഒരു സിനിമ കമ്മിറ്റ് ചെയ്താൽ അത് തീർക്കണം. ഒരുപാട് പണം ചെലവിടുന്നതാണ്. അതിന്റെ ഉത്തരവാദിത്തം ഉണ്ടെന്നും തമന്ന ചൂണ്ടിക്കാട്ടി.
വീരം എന്ന സിനിമയിൽ അജിത്തിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും തമന്നയോട് ചോദ്യം വന്നു. ചിത്രത്തിൽ സെക്കന്റ് ഹാഫിൽ അജിത്ത് താടിയില്ലാതെ നരച്ച മുടിയുമായി വന്നപ്പോൾ പ്രായം തോന്നിച്ചു. മുടി ഡൈ ചെയ്ത് വന്നാൽ നന്നാകുമെന്ന് ഒരു നായികയെന്ന നിലയിൽ അജിത്തിനോട് പറയാൻ പറ്റുമായിരുന്നോ എന്ന ചോദ്യമാണ് അവതാരകൻ ചോദിച്ചത്. ഇതിന് മടിക്കാതെ തമന്ന മറുപടി നൽകി.

ഇന്ന് അക്കാര്യം പറയാൻ കഴിയും. പക്ഷെ കരിയറിന്റെ തുടക്കകാലത്ത് അത് പറയാനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു. ഒരു അഭിനേത്രിയെന്ന നിലയിൽ ഒരു പവറിലേക്ക് വരുന്നത് വളരെ പ്രധാനമാണെന്ന് തമന്ന അഭിപ്രായപ്പെട്ടു. തുടക്കകാലത്ത് ചെയ്ത ആനന്ദ താണ്ഡവം എന്ന ചിത്രത്തെക്കുറിച്ചും തമന്ന സംസാരിച്ചു.
2023 ൽ ആ സിനിമ കാണുമ്പോൾ സിനിമയിലെ പ്രണയം വളരെ ടോക്സിക് ആണെന്ന് എനിക്ക് തോന്നി. മധുമിത എന്ന എന്റെ കഥാപാത്രം വളരെ ടോക്സിക്കാണ്. പക്ഷെ അന്നൊന്നും എനിക്ക് ബൗണ്ടറി, ടോക്സിക് ബന്ധങ്ങൾ എന്നിവയെക്കുറിച്ചൊന്നും അറിയില്ല. പ്രണയമെന്നാൽ ഒരു ഉടമസ്ഥതയാണെന്ന് ഞാൻ കരുതി. പക്ഷെ അത് തെറ്റാണ്. അവർ നിങ്ങളുടെ അടിമയല്ല. അവർക്ക് അവരുടെ ജീവിതമുണ്ട്.
അന്നത്തെ എന്റെ സിനിമാ ജീവിതത്തിൽ ഞാൻ ഒരു കഥാപാത്രത്തെയും ജഡ്ജ് ചെയ്തിട്ടില്ല. കഥാപാത്രങ്ങൾ എങ്ങനെയാണോ അങ്ങനെ സ്വീകരിച്ചെന്നും നടി ചൂണ്ടിക്കാട്ടി. ജയ്ലർ ആണ് തമന്നയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. ചിത്രത്തിൽ നായകനായി എത്തുന്നത് രജിനികാന്ത് ആണ്. ജയ്ലറിലെ കാവാലയ്യ എന്ന ഗാനം ഇതിനകം വൈറലായിട്ടുണ്ട്. തമന്നയുടെ നൃത്തച്ചുവടുകളും ശ്രദ്ധ നേടി. നടൻ മോഹൻലാലും ജയ്ലറിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. തമന്നയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ ആരാധകർ.


Click it and Unblock the Notifications