'അഭിനയിക്കാൻ നിരവധി അവസരങ്ങൾ വന്നു... വടിവേലു എല്ലാം മുടക്കി, നടൻ സൂരി എന്നെ സഹായിച്ചു'; നടി പ്രേമ പ്രിയ!
തമിഴ് സിനിമയിലെ ഹാസ്യ സാമ്രാട്ടാണ് വടിവേലു. 1991ൽ കസ്തൂരി രാജ സംവിധാനം ചെയ്ത എൻ രാസാവിൻ മനസിലേ എന്ന ചിത്രത്തിലൂടെയാണ് കുമാരവടിവേൽ നടരാജൻ എന്ന വടിവേലു അഭിനയത്തിൽ തന്റെ വരവറിയിക്കുന്നത്. ആ സിനിമയില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് വടിവേലു എന്നായിരുന്നു.
പിന്നീട് ആ പേര് തമിഴകത്തെ ഹാസ്യലോകത്ത് പകരംവയ്ക്കാനാകാത്ത മുടിചൂടാ മന്നന്റെ പേരായി മാറി. അതേ വടിവേലുവാണ് തന്റെ അറുപത്തിരണ്ടാം വയസിൽ ഇപ്പോൾ മാമന്നൻ എന്ന സിനിമയിലെ ടൈറ്റിൽ കഥാപാത്രമായി നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
വളിപ്പ് നിറഞ്ഞ തമാശകളാലോ ദ്വയാർഥ പദപ്രയോഗങ്ങളാലോ കൊണ്ടല്ല മാമന്നനിൽ വടിവേലു നമ്മെ രസിപ്പിക്കുന്നത്. നോട്ടം കൊണ്ടും തീക്ഷണതയേറിയ ഡയലോഗുകൾ കൊണ്ടും തിരശീലയെ തീപിടിപ്പിക്കുകയാണ് അദ്ദേഹം. വടിവേലുവിന്റെ കോമഡി രംഗങ്ങൾ കണ്ട് പൊട്ടിച്ചിരിച്ചിരുന്ന പ്രേക്ഷകർ ഇന്ന് അദ്ദേഹത്തിന്റെ പ്രകടനം കണ്ട് പുളകിതരാവുകയാണ്.

വളരെ സെലക്ടീവായാണ് വടിവേലു ഇപ്പോൾ സിനിമകൾ ചെയ്യുന്നത്. അദ്ദേഹത്തിന്റെ കരിയറിലും അതിന്റെ ഗുണങ്ങൾ കാണാനുണ്ട്. റിയലിസ്റ്റിക്ക് സിനിമകൾ സജീവമാകും മുമ്പ് വടിവേലു ഇല്ലാത്ത സിനിമകൾ ഒന്നും പോലും റിലീസ് ചെയ്തിരുന്നില്ല.
തമിഴിൽ ഏത് ഹാസ്യ താരത്തെയാണ് ഇഷ്ടമെന്ന് ചോദിച്ചാൽ ഒട്ടും മടി കൂടാതെ കേരളത്തിലെ ഭൂരിഭാഗം പേരും പറയാൻ സാധ്യതയുള്ള പേരാണ് വടിവേലുവിന്റേത്. അതേസമയം താരത്തിന് എതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴിൽ ശ്രദ്ധേയയായ ഹാസ്യനടി പ്രേമ പ്രിയ. തമിഴ് സിനിമകളിലെ ഹാസ്യ നടിമാരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രേമ പ്രിയ.
ചെറിയ കോമഡി സീനുകളിൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും പ്രകടനം ഗംഭീരമാണ്. വല്ലവൻ, സിങ്കം, രാജാ റാണി, മനിതൻ, ഹരഹര മഹാ ദേവകി, ആടൈ, സബാപതി തുടങ്ങിയ ചിത്രങ്ങളിൽ പ്രേമ പ്രിയ അഭിനയിച്ചിട്ടുണ്ട്. വടിവേലു, സന്താനം, സൂരി എന്നിവർക്കൊപ്പമാണ് നിരവധി ചിത്രങ്ങൾ ചെയ്തത്.
ഇപ്പോൾ താരത്തിന് സിനിമാ ഓഫറുകളൊന്നും ലഭിക്കുന്നില്ല. അതിനുള്ള കാരണം അടുത്തിടെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രേമ പ്രിയ വെളിപ്പെടുത്തി. വടിവേലുവിന്റെ ഇടപെടൽ കാരണം തനിക്ക് ലഭിക്കേണ്ട പല കഥാപാത്രങ്ങളും മറ്റാളുകൾക്ക് ലഭിച്ചുവെന്നാണ് പ്രേമ പ്രിയ പറയുന്നത്.

'കൊറോണ സമയത്ത് എന്റെ സഹോദരി മരിച്ചു. പത്ത് ദിവസത്തിന് ശേഷം എന്റെ അച്ഛനും മരിച്ചു. രണ്ട് മാസത്തിന് ശേഷം പ്രമേഹം മൂലം അവയവങ്ങൾ പ്രവർത്തിക്കാതെ എന്റെ ഭർത്താവും മരിച്ചു. ഭർത്താവ് കൂടി പോയിക്കഴിഞ്ഞപ്പോൾ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു.'
'മാത്രമല്ല സിനിമയിൽ നിന്നും ഓഫറുകൾ വരാത്തതിനാൽ വേറെ ജോലിക്ക് പോയെങ്കിലും ജോലി കിട്ടിയില്ല. എന്റെ ബുദ്ധിമുട്ടുകൾ കൂടിയപ്പോഴാണ് ഞാൻ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് സങ്കടം പറഞ്ഞത്. ഇപ്പോൾ ഞാൻ സുഖമായിരിക്കുന്നു. എന്റെ ജീവിതം മെച്ചപ്പെട്ടു. ഇപ്പോൾ ഒരുപാട് സിനിമകളിൽ അഭിനയിക്കുന്നുണ്ട്.'
'നടൻ സൂരി എന്നെ സാമ്പത്തികമായി സഹായിച്ചു. വടിവേലുവിനൊപ്പം ഒരുപാട് സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. പക്ഷെ എന്റെ വളർച്ച വടിവേലു തടഞ്ഞു. ഒരുപാട് അവസരങ്ങൾ എന്നെ തേടിയെത്തി. പക്ഷെ വടിവേലു അതെല്ലാം മുടക്കി. അതോടെ പല നല്ല സിനിമകളും നഷ്ടമായി. വടിവേലുവിനെ കുറിച്ച് ഞാൻ മാധ്യമങ്ങളിൽ സംസാരിച്ചതിനാൽ ഒരു സംവിധായകൻ എന്നെ കാസ്റ്റ് ചെയ്യാൻ തയ്യാറായില്ല. ആ വീഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ്', പ്രേമ പ്രിയ പറയുന്നത്.


Click it and Unblock the Notifications