തൃഷ പിണങ്ങി പോന്നു; വിജയുടെ സിനിമയില്‍ നിന്നും തൃഷ പിന്മാറിയെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് നടിയുടെ അമ്മ
തമിഴ് സിനിമാലോകത്തെ മിന്നും താരങ്ങളാണ് ഇളയദളപതി വിജയും നടി തൃഷ കൃഷ്ണനും. ഇന്നും മലയാളികള്‍ അടക്കമുള്ള പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് ഇരുവരും. ഗില്ലി, തിരുപ്പാച്ചി, കുരുവി തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും നായിക-നായകന്മാരായി അഭിനയിച്ചിരുന്നു. ഈ സിനിമകളൊക്കെ വലിയ വിജയമാവുകയും ചെയ്തു. ശേഷം കുറേ കാലം രണ്ടാളും ഒരുമിച്ചതുമില്ല.
നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം വിജയും തൃഷയും ഒരുമിക്കുകയാണെന്ന വിവരം അടുത്തിടെയാണ് പുറത്ത് വരുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരങ്ങള്‍ അഭിനയിക്കുന്നതെന്നും വ്യക്തമായി. എന്നാല്‍ താരങ്ങളെ ചുറ്റിപ്പറ്റി ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെ ആരാധകരും നിരാശയിലായി. ഒടുവില്‍ തൃഷയുടെ അമ്മ തന്നെ വിഷയത്തില്‍ വ്യക്തത വരുത്തി കൊണ്ട് എത്തിയിരിക്കുകയാണ്.

വിജയുടെ അറുപത്തിയേഴാമത് ചിത്രമെന്ന പ്രത്യേകതയോടെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. തൃഷ നായികയായിട്ടെത്തുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, പ്രിയ ആനന്ദ്, മിസ്‌ക്കിന്‍ തുടങ്ങി നിരവധി താരങ്ങളും അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാറാണ് നിര്‍മാണം തുടങ്ങി സിനിമയെ പറ്റിയുള്ള എല്ലാ വിവരങ്ങളും പുറത്ത് വന്നു.

നിലവില്‍ കാശ്മീരില്‍ വച്ച് ലിയോയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. ഷൂട്ടിങ്ങില്‍ തൃഷയും വിജയും ജോയിന്‍ ചെയ്തുവെന്നുമൊക്കെ വാര്‍ത്ത വന്നു. എന്നാല്‍ ചിത്രീകരണത്തിനായി കാശ്മീരിലേക്ക് പോയ തൃഷ മൂന്ന് ദിവസം കൊണ്ട് തന്നെ തിരികെ വന്നുവെന്നും ചെന്നൈ എയര്‍പോര്‍ട്ടിലെത്തിയ നടിയുടെ ചിത്രങ്ങളെന്ന പേരില്‍ ചില ഫോട്ടോസ് പ്രചരിക്കുകയും ചെയ്തു. ഇതിനിടയില്‍ സിനിമയില്‍ നിന്നും നടി പിന്മാറിയതായിട്ടും ചില കിംവദന്തിയെത്തി.

സംവിധായകന്‍ ലോകേഷ് കനകരാജുമായിട്ടുള്ള അഭിപ്രായ വ്യത്യാസം കാരണമാണ് തൃഷ സെറ്റില്‍ നിന്നും ഇറങ്ങി പോയതെന്നാണ് ആരോപണം. മാത്രമല്ല നടിയ്ക്ക് കാശ്മീരിലെ തണുപ്പ് സഹിക്കാന്‍ പറ്റാത്തതാണ് പ്രധാന കാരണമെന്നും ആരോപിക്കപ്പെട്ടിരുന്നു. മാത്രമല്ല ലിയോയിലെ യഥാര്‍ഥ നായിക തൃഷ അല്ലെന്നും അത് പ്രിയ ആനന്ദാണെന്നാണ് മറ്റൊരു പ്രചരണം. തൃഷയുടെ കഥാപാത്രം ഫ്‌ളാഷ്ബാക്കിലെ കുറച്ച് സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്നതാണെന്നുമൊക്കെ കഥകള്‍ പ്രചരിക്കപ്പെടുകയാണ്.

ഇത്തരം ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് കൊണ്ടാണ് തൃഷയുടെ അമ്മ ഉമ കൃഷ്ണന്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്. തന്റെ മകള്‍ കാശമീരിലാണെന്നും ലിയോ എന്ന സിനിമയില്‍ മറ്റ് താരങ്ങളുടെ കൂടെ അഭിനയിച്ച് കൊണ്ടിരിക്കുകയുമാണ്. അടുത്തിടെ തന്റെ മകളെ കുറിച്ച് വരുന്ന വാര്‍ത്തകളൊക്കെ അടിസ്ഥാനരഹിതമാണെന്നാണ് താരമാതാവ് പറയുന്നത്. ഇത്രയും ദിവസമായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ക്കെല്ലാം ഇതോട് കൂടി അവസാനമായിരിക്കുകയാണ്.

വിജയും തൃഷയും ഒരുമിക്കാന്‍ പോവുകയാണെന്ന വാര്‍ത്ത തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും വലിയ ആവേശം നല്‍കിയിരുന്നു. പലരും ഗില്ലി എന്ന സിനിമയിലൂടെ ഉണ്ടായ ആരാധനയെ കുറിച്ചും താരജോഡികള്‍ വീണ്ടുമൊന്നിക്കുന്നതിന്റെ സന്തോഷവുമൊക്കെയാണ് പങ്കുവെച്ചിരുന്നത്.


Click it and Unblock the Notifications