ആദ്യ ദിവസം തന്നെ ഞങ്ങൾ തെറ്റി; അതെങ്ങനെ ശരിയാകുമെന്നാണ് നയൻതാര ചോദിച്ചത്; വിഘ്നേശ്
ആരാധകർക്ക് പ്രിയപ്പെട്ടവരാണ് നടി നയൻതാരയും ഭർത്താവ് വിഘ്നേശ് ശിവനും. തമിഴകത്തെ ലേഡി സൂപ്പർസ്റ്റാറായ നയൻതാരയ്ക്ക് കരിയറിൽ വലിയ പിന്തുണ നൽകിക്കൊണ്ട് വിഘ്നേശ് ഒപ്പമുണ്ട്. വിഘ്നേശ് തന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷമാണ് സിനിമയെ കുറേക്കൂടി ഗൗരവമായി കണ്ടതെന്ന് മുമ്പൊരിക്കൽ നയൻതാര തുറന്ന് പറഞ്ഞിട്ടുണ്ട്. വിഘ്നേശ് ശിവൻ സംവിധായകനായി പേരെടുക്കുന്നതിന് മുമ്പേ തന്നെ നയൻതാര താരറാണിയാണ്. നാനും റൗഡി താൻ എന്ന സിനിമയിലാണ് രണ്ട് പേരും ആദ്യമായി ഒരുമിച്ച് പ്രവർത്തിക്കുന്നത്.
അന്ന് മുൻനിര സംവിധായകനായി വിഘ്നേശ് മാറിയിട്ടില്ല. നയൻതാരയെ നായികയാക്കാൻ പറ്റിയില്ലെങ്കിലും ഒരുവട്ടം നേരിട്ട് കാണാമല്ലോ എന്ന് കരുതിയാണ് വിഘ്നേശ് നടിയോട് കഥ പറയാൻ ചെല്ലുന്നത്. പിന്നീട് അപ്രതീക്ഷിതമായ കാര്യങ്ങളാണ് വിഘ്നേശിനെ സംബന്ധിച്ച് നടന്നത്. കഥ ഇഷ്ടപ്പെട്ട നയൻതാര സിനിമ ചെയ്യാമെന്ന് ഏറ്റു. സിനിമയുടെ ഷൂട്ടിംഗ് സെക്കന്റ് ഷെഡ്യൂളിലേക്ക് കടന്നപ്പോഴേക്കും നയൻതാര വിഘ്നേശുമായി പ്രണയത്തിലായി. നാനും റൗഡി താൻ ബോക്സ് ഓഫീസിൽ വൻ ഹിറ്റായി.

വിഘ്നേശിന്റെ കരിയർ മാറി മറിഞ്ഞു. ഒപ്പം ആരാധനയോടെ കണ്ട നയൻതാര ഇദ്ദേഹത്തിന്റെ ജീവിതത്തിലെ നായികയുമായി. നാനും റൗഡി താന്റെ ഷൂട്ടിംഗിനെയുണ്ടായ സംഭവങ്ങളെക്കുറിച്ച് വിഘ്നേശ് ശിവൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നായികാ കഥാപാത്രത്തിന് പൂർണത ലഭിക്കാൻ നയൻതാര പ്രത്യേകം ശ്രദ്ധിച്ചിരുന്നെന്ന് വിഘ്നേശ് പറയുന്നു. ഗലാട്ട തമിഴ് ചാനലുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
ആദ്യ ഷോട്ടെടുക്കുകയായിരുന്നു. കാറിൽ വരുമ്പോൾ മുടി നന്നായി പറക്കണമെന്നാണ് ഞാൻ മനസ്സിൽ കരുതിയത്. പക്ഷെ നയൻതാര ഹെയർബാന്റ് വെച്ചിരുന്നു. മാം, ഹെയർ ബാന്റ് എടുക്കാമോ, മുടി പാറിപറക്കണമെന്ന് ഞാൻ പറഞ്ഞു. ക്യാരക്ടറിന്റെ ആദ്യ ഷോട്ട് ആണിത്. ഇതാണ് ക്യാരക്ടറിന്റെ മുഴുനീള ലുക്ക്. ആദ്യ ഷോട്ടിൽ ഈ ലുക്കില്ലെങ്കിൽ എങ്ങനെ ശരിയാകുമെന്ന് നയൻതാര ചോദിച്ചു.
അപ്പോഴേ ഞങ്ങൾക്കിടയിൽ ചെറിയ അഭിപ്രായ വ്യത്യാസം വന്നു. ഒടുവിൽ ഓക്കെ എന്ന് പറഞ്ഞ് നയൻ ഹെയർബാന്റ് എടുത്ത് മാറ്റി. അതിന് ശേഷം ഹെയർ ബാന്റ് ധരിച്ചുള്ള ഒരു ഷോട്ടും എടുത്ത് വെച്ചു. സിനിമയിൽ ഉപയോഗിച്ചത് ഹെയർബാന്റ് വെച്ച ഷോട്ട് ആണെന്നും വിഘ്നേശ് ശിവൻ വ്യക്തമാക്കി.
കഥാപാത്രത്തിന് വേണ്ടി നയൻതാര എടുത്ത തയ്യാറെടുപ്പുകളെക്കുറിച്ച് വിഘ്നേശ് ശിവൻ സംസാരിച്ചു. സിനിമയിലെ കോസ്റ്റ്യൂമുകൾ നയൻതാര തന്നെയാണ് തെരഞ്ഞെടുത്തത്. കഥാപശ്ചാത്തലം പറഞ്ഞപ്പോൾ അതിന് ചേർന്ന കോസ്റ്റ്യൂമുകളുടെ നാലഞ്ച് മോഡലുകൾ എനിക്ക് അയച്ച് തന്നു. ഗൂഗിളിൽ പോയി റഫറൻസ് ചെയ്തതല്ല. ആ വസ്ത്രങ്ങൾ ധരിച്ച് എനിക്ക് ഫോട്ടോ അയച്ച് തന്നു. നയൻതാരയുടെ മിക്ക സിനിമകളിലും അങ്ങനെ തന്നെയാണ്.

കഥ കേട്ട ശേഷം ലുക്കിന്റെ കാര്യത്തിൽ സംവിധായകനുമായി നടി ചർച്ച നടത്തുമെന്ന് വിഘ്നേശ് ശിവൻ വ്യക്തമാക്കി. കാദംബരി എന്നാണ് നാനും റൗഡി താനിൽ നയൻതാര അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. വിജയ് സേതുപതിയാണ് നായകനായെത്തിയത്. 2015 ൽ പുറത്തിറങ്ങിയ ചിത്രം നിർമ്മിച്ചത് നടൻ ധനുഷാണ്. സിനിമയിലേക്ക് നായികയായി നയൻതാരയെ നിർദ്ദേശിച്ചതും ധനുഷ് ആണ്.
നസ്രിയ നസീം ഉൾപ്പെടെയുള്ള നടിമാരെ സിനിമയിലേക്ക് ആദ്യം പരിഗണിച്ചിരുന്നു. ജവാൻ ആണ് നയൻതാരയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖ് ഖാനാണ് നായകൻ. വിജയ് സേതുപതി, പ്രിയാമണി തുടങ്ങി വൻ താരനിര സിനിമയിൽ അണിനിരക്കുന്നുണ്ട്.


Click it and Unblock the Notifications