നയൻതാരയെ നിർബന്ധിക്കാൻ പറ്റില്ലെന്ന് വിശാൽ; ലേഡി സൂപ്പർസ്റ്റാറിന് കടുംപിടുത്തം തുടരാനാകുമോ?
തെന്നിന്ത്യൻ സിനിമയിലെ താരറാണിയായി കരിയറിന്റെ ഏറ്റവും മികച്ച സമയത്താണ് നയൻതാര ഇന്നുള്ളത്. ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും കടക്കാനിരിക്കുകയാണ് നടി. തമിഴകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം കൈ പറ്റുന്ന നായികയാണ് ഇന്ന് നയൻസ്. സ്ത്രീ കേന്ദ്രീകൃത സിനിമകൾക്ക് സാമ്പത്തിക വിജയം ഉറപ്പ് നൽകാൻ കഴിഞ്ഞ തെന്നിന്ത്യയിലെ ചുരുക്കം നടിമാരിലൊരാളും. രണ്ട് പതിറ്റാണ്ടോളമായി മുൻനിര നായിക നടിയായി നയൻതാര തുടരുന്നു എന്നത് സിനിമാ ലോകത്തെ സംബന്ധിച്ച് കൗതുകമാണ്.
പ്രത്യേകിച്ചും നായിക നടിമാരുടെ കരിയർ ഗ്രാഫിന് അധികം ആയുസില്ലാത്ത തമിഴ്, തെലുങ്ക് സിനിമകളിൽ ഇത് സാധ്യമായെന്നതും ശ്രദ്ധേയമാണ്. ലേഡി സൂപ്പർസ്റ്റാർ എന്ന ഖ്യാതി നേടാൻ കഴിഞ്ഞ നയൻതാരയ്ക്ക് കരിയറിൽ തന്റേതായ ചില തീരുമാനങ്ങളുണ്ട്. ഇക്കാര്യത്തിൽ നടി കണിശത പുലർത്താറുമുണ്ട്. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ താരത്തെ കിട്ടില്ല എന്നതാണ് ഇതിലൊന്ന്. സിനിമയിൽ ഒപ്പു വെക്കുമ്പോൾ തന്നെ കോൺട്രാക്റ്റിൽ ഇക്കാര്യം വ്യക്തമാക്കും.

പല നിർമാതാക്കൾക്കും ഇക്കാര്യത്തിൽ എതിർപ്പുണ്ട്. ചിലർ അഭിമുഖങ്ങളിൽ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുമുണ്ട്. അഞ്ച് കോടിക്കും പത്ത് കോടിക്കും ഇടയിലാണ് നയൻതാരയുടെ പ്രതിഫലം. ഇത്ര വലിയ തുക കൈപറ്റുന്ന നടി സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് മാറി നിൽക്കുന്നതാണ് നിർമാതാക്കളെ ചൊടിപ്പിക്കുന്നത്. നയൻതാരയല്ലാതെ മറ്റൊരു നായിക നടിക്കും തെന്നിന്ത്യയിൽ പ്രൊമോഷൻ പരിപാടികളിൽ നിന്ന് മാറി നിൽക്കാൻ സാധിക്കാറില്ല. നയൻസിന്റെ താരമൂല്യം കൊണ്ട് മാത്രമാണ് ഈ നിബന്ധന നിർമാതാക്കൾ അംഗീകരിക്കുന്നത്.
അതേസമയം അടുത്തിടെ ചെന്നെെയിൽ നടന്ന നിർമാതാക്കളുടെ യോഗത്തിൽ സൂപ്പർതാരങ്ങൾ പ്രൊമോഷൻ പരിപാടികളിൽ നിന്നും മാറി നിൽക്കുന്നതിനെക്കുറിച്ച് പരാതി വന്നിട്ടുണ്ട്. അഡ്വാൻസ് വാങ്ങിയിട്ടും ഷൂട്ടിംഗിന് എത്താതിരിക്കൽ, അധിക ചെലവ്, നടീ നടൻമാരുടെ ബോഡി ഗാർഡുകളുടെ ചെലവ് വഹിക്കേണ്ട സാഹചര്യം തുടങ്ങി നിരവധി പരാതികൾ ഉയർന്നു. ഇപ്പോഴിതാ നയൻതാര പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമാ സംഘടനായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറി നടൻ വിശാൽ.

നയൻതാര ഉൾപ്പെയുള്ള താരങ്ങളോട് ഇക്കാര്യത്തിൽ നിർബന്ധം പിടിക്കാൻ സാധിക്കില്ലെന്ന് ഇദ്ദേഹം വ്യക്തമാക്കി. നയൻതാര പ്രൊമോഷൻ പരിപാടികളിൽ വരാറില്ല. അത് അവരുടെ സ്വകാര്യതയാണ്. വന്നേ തീരൂ എന്ന് എനിക്ക് പറയാൻ പറ്റില്ല. പക്ഷെ വന്നാൽ നല്ലതാണ്. പ്രൊഡ്യൂസർ അത്രയും ചെലവ് ചെയ്യുന്നതാണ്. പ്രൊമോഷൻ പരിപാടികളിൽ വന്ന് ഇരുന്നാൽ പടത്തിന് നല്ല ബുക്കിംഗ് വരുമെന്നാണ് നിർമാതാക്കൾ കരുതുന്നത്. അവരുടെ ആവശ്യത്തിൽ തെറ്റില്ല.
എല്ലാ അഭിനേതാക്കളോടും പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ എന്നെക്കൊണ്ട് കഴിയുന്ന പോലെ ഞാൻ പറയാറുണ്ട്. എന്താണതിൽ കുഴപ്പം. നല്ല എസി റൂമിലാണ് പരിപാടികൾ വെക്കുന്നതെന്നും വിശാൽ ചൂണ്ടിക്കാട്ടി. സംഘടനാ നേതാവ് അഭിപ്രായം പറഞ്ഞ സാഹചര്യത്തിൽ നയൻതാര തന്റെ കടും പിടുത്തം ഒഴിവാക്കി പ്രൊമോഷനുൾക്ക് എത്തുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.
പൊതുവെ വിജയ്, അജിത്ത് ഉൾപ്പെടെയുള്ള സൂപ്പർസ്റ്റാറുകളുടെ ചിത്രമായാലും പ്രൊമോഷന് വരില്ലെന്ന തീരുമാനത്തിൽ നയൻതാര മാറ്റം വരുത്താറില്ല. അതേസമയം താനൊറ്റയ്ക്ക് നയിക്കുന്ന സിനിമയാണെങ്കിൽ താരം അയവ് വരുത്താറുണ്ട്.
അരം ഉൾപ്പെടെയുള്ള സിനിമകളുടെ പ്രൊമോഷന് നയൻതാര വന്നിട്ടുണ്ട്. സിനിമയിലെ കേന്ദ്ര കഥാപാത്രം നടിയായിരുന്നു. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ കണക്ട് എന്ന സിനിമയുടെ പ്രൊമോഷനും താരം എത്തി.
ഈ സിനിമ നിർമ്മിച്ചത് നയൻസിന്റെയും ഭർത്താവ് വിഘ്നേശ് ശിവന്റെയും പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്ചേഴ്സ് ആണ്.


Click it and Unblock the Notifications











