'താരമായി വളരവെ ഇസ്ലാം മതത്തിലേക്ക് ആകൃഷ്ടനായി; അവസരങ്ങൾ കുറഞ്ഞതിന് കാരണം; ജയ്ക്ക് സംഭവിച്ചത്'
ഏറെ പ്രതീക്ഷയോടെയാണ് ജയ് സമ്പത്ത് എന്ന നടന്റെ ഉദയം തമിഴ് സിനിമാ പ്രേക്ഷകർ കണ്ടത്. ഭഗവതി, സുബ്രമണ്യപുരം, എങ്കെയും എപ്പോതും, രാജാ റാണി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത ജയ് നെക്സ്റ്റ് ഡോർ ബോയ് ഇമേജിൽ സിനിമാ ലോകത്ത് അറിയപ്പെട്ടു. എന്നാൽ പിന്നീട് പ്രതീക്ഷിച്ച ഉയരത്തിലേക്ക് ജയ് സമ്പത്തിന്റെ കരിയർ ഗ്രാഫ് വളർന്നില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ എടുത്ത് പറയത്തക്ക ഹിറ്റുകളൊന്നും നടനില്ല.
ജയ് സമ്പത്തിന്റെ കരിയറിൽ സംഭവിച്ച ഉയർച്ച താഴ്ചകളെക്കുറിച്ച് സംസാരിക്കുകയാണ് മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു. സിനിമാ കുടുംബത്തിൽ നിന്നും വന്ന ആളായിട്ടും അവസരങ്ങൾ ഉപയോഗപ്പെടുത്താൻ ജയ്ക്ക് കഴിഞ്ഞില്ലെന്ന് ചെയ്യാറു ബാലു പറയുന്നു. റിയൽ വൺ സിനിമ എന്ന തമിഴ് യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൗതം കാർത്തിക്, അഥർവ ഉൾപ്പെടെയുള്ള നടൻമാർ തമിഴ് സിനിമകൾ കാണുന്നുണ്ടോ എന്ന് വ്യക്തമല്ല. തമിഴ് സിനിമാലോകവും സിനിമാക്കഥകളും മനസ്സിലാക്കാൻ ഇവർക്ക് കഴിഞ്ഞില്ല. അതേ പിഴവ് ജയ്ക്കും തുടക്ക കാലത്ത് സംഭവിച്ചു.

ഭഗവതിക്ക് ശേഷം നിരവധി അവസരങ്ങൾ ജയ്ക്ക് വന്നതാണ്. എന്നാൽ പ്രശസ്തനായതിന് പിന്നാലെ ജയ് നിരുത്തരവാദിത്വം കാണിച്ചെന്നും ചെയ്യാറു ബാലു ആരോപിച്ചു. ഒടുവിൽ അച്ഛനും അടുപ്പക്കാരുമെല്ലാം നടനെ ഉപദേശിച്ചു. ഇതിനിടെയാണ് എങ്കെയും എപ്പോതും എന്ന സിനിമ ജയ്ക്ക് ലഭിക്കുന്നത്. ആ സിനിമ വലിയ ഹിറ്റായെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.
നടനെക്കുറിച്ച് പ്രചരിച്ച ഗോസിപ്പിനെക്കുറിച്ചും ചെയ്യാറു ബാലു സംസാരിച്ചു. 'ചെന്നെെ 600028' എന്ന സിനിമയിൽ അഭിനയിക്കവെ വെങ്കട്ട് പ്രഭുവിന്റെ ക്രൂവിനൊപ്പം ജയ് സൗഹൃദത്തിലായി. ആ ഗ്യാങ്ങിനൊപ്പം ചേർന്ന ശേഷം മദ്യപാനം തുടങ്ങിയെന്നും ഇതിന് ശേഷമാണ് ജയ്ക്ക് സിനിമകൾ കുറഞ്ഞതെന്നും സംസാരമുണ്ട്. ഇത് സത്യമാണോ എന്ന് അറിയില്ല. പക്ഷെ അന്നത്തെ മാധ്യമങ്ങളിൽ ഇത്തരം വാർത്തകളിൽ വന്നിട്ടുണ്ടെന്ന് ചെയ്യാറു ബാലു പറയുന്നു.

ഭഗവതിയിൽ വിജയുടെ അനിയനായി അഭിനയിച്ച ശേഷം വിജയുടെ യഥാർത്ഥ അനിയനാണ് ജയ് എന്ന് പലരും കരുതി. എന്നാൽ അക്കാലത്ത് നൽകിയ അഭിമുഖത്തിൽ എനിക്ക് ഇഷ്ടപ്പെട്ട നടൻ അജിത്ത് ആണെന്ന് ജയ് പറഞ്ഞു. വിജയ് സിനിമകളിൽ പിന്നീട് അവസരം ലഭിക്കാത്തതിന് ഒരുപക്ഷെ ഇതും ഒരു കാരണമായിരിക്കാം. അജിത്തിന്റെ കടുത്ത ആരാധകനാണ് ജയ്. അദ്ദേഹത്തിന്റെ സിനിമയിൽ ചെറിയ വേഷം പോലും ചെയ്യാൻ തയ്യാറാണെന്ന് ജയ് പറഞ്ഞിട്ടുണ്ട്. പക്ഷെ ഇതുവരെ ജയ്ക്ക് അജിത്തിന്റെ സിനിമയിൽ അവസരം ലഭിച്ചിട്ടില്ല.
'തിരുമണം ഏനും നിക്കാഹ്' എന്ന സിനിമയിൽ അഭിനയിച്ച ശേഷം ഇസ്ലാം മതത്തോട് ജയ്ക്ക് താൽപര്യം വന്നു. ഏഴ് വർഷം മുമ്പ് നൽകിയ അഭിമുഖത്തിൽ ഇസ്ലാം മതത്തിൽ എനിക്ക് താൽപര്യമുണ്ടെന്ന് ജയ് പറഞ്ഞിട്ടുണ്ട്. പക്ഷെ അദ്ദേഹം മതം മാറിയോ ഇല്ലയോ എന്ന് അറിയില്ലെന്നും ചെയ്യാറു ബാലു പറഞ്ഞു.
സിനിമാലോകത്ത് വീണ്ടും ശക്തമായ സാന്നിധ്യമാകാൻ ജയ്ക്ക് കഴിയുമോ എന്ന ചോദ്യത്തിനും ചെയ്യാറു ബാലു മറുപടി നൽകി. രാശിയില്ലാത്ത നടനായാണ് ജയ് അറിയപ്പെടുന്നത്. ഇനി തിരിച്ച് വരണമെങ്കിൽ നല്ല കഥകൾ തെരഞ്ഞെടുക്കണം.
ഇന്ന് സിനിമാ ലോകം ഒരുപാട് മാറിയെന്നത് ജയ് മനസ്സിലാക്കണമെന്നും ചെയ്യാറു ബാലു പറഞ്ഞു. ജയ് മതം മാറിയെന്ന പ്രചരണം നേരത്തെ തമിഴകത്തുണ്ടായിരുന്നു. എന്നാൽ ഇതേക്കുറിച്ച് താരം പ്രതികരിച്ചിട്ടില്ല. അതേസമയം തനിക്ക് ഇസ്ലാം മതത്തോട് താൽപര്യമുണ്ടെന്ന് ജയ് മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











