ഞെട്ടിപ്പോയ ഞാൻ ഡാൻസ് നിർത്തി; വിശ്വസിക്കാൻ കഴിഞ്ഞില്ല; വിജയ്ക്കൊപ്പമുള്ള ഷൂട്ടിംഗിനെക്കുറിച്ച് അനുഷ്ക
അനുഷ്ക ഷെട്ടി എന്ന നടിയുടെ ഉദയം സിനിമാ ലോകത്തും പ്രേക്ഷകർക്കിടയിലും ഏറെ ചർച്ചയായതാണ്. യോഗ പരിശീലകയായിരുന്ന അനുഷ്ക തെലുങ്ക് സിനിമാ രംഗത്താണ് തുടക്കം കുറിക്കുന്നത്. വശ്യമായ സൗന്ദര്യമുള്ള അനുഷ്ക വളരെ പെട്ടെന്ന് ജനശ്രദ്ധ നേടി. തെലുങ്കിൽ സൂപ്പർസ്റ്റാറുകളുടെ നായികയായി അനുഷ്കയ്ക്ക് നിരവധി സിനിമകൾ ലഭിച്ചു. ഇതിനിടെയാണ് തമിഴകത്തേക്കുള്ള കടന്ന് വരവ്. സുന്ദർ സിയുടെ രണ്ട് എന്ന സിനിമയാണ് ആദ്യം തമിഴിൽ ചെയ്തത്.
എന്നാൽ വിജയ്ക്കാെപ്പം ചെയ്ത വേട്ടെെക്കാരൻ എന്ന ചിത്രമാണ് തമിഴകത്ത് വലിയ സ്വീകാര്യത അനുഷ്കയ്ക്ക് നേടിക്കൊടുത്തത്. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും വേട്ടെെക്കാരനിലെ ഗാനരംഗങ്ങളിൽ അനുഷ്ക തിളങ്ങി. വിജയ്-അനുഷ്ക കോംബോ ആരാധകർ ആഘോഷിച്ചു. പിന്നീട് തമിഴകത്ത് കൈ നിറയെ അവസരങ്ങൾ നടിക്ക് ലഭിച്ചു. എങ്കിലും തെലുങ്കിലാണ് കൂടുതൽ സിനിമകൾ ചെയ്തത്.

കരിയറിൽ അനുഷ്കയ്ക്ക് വൻ ജനപ്രീതി നേടിക്കൊടുത്തത് അരുന്ധതി ബാഹുബലി, ബാഗ്മതി എന്നീ തെലുങ്ക് സിനിമകളാണ്. ഇപ്പോഴിതാ വേട്ടെെക്കാരൻ എന്ന ചിത്രത്തിൽ നടൻ വിജയ്ക്കൊപ്പം ഡാൻസ് ചെയ്തതിനെക്കുറിച്ച് അനുഷക ഷെട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിജയുടെ ഡാൻസ് കണ്ട് താൻ അമ്പരന്നെന്ന് അനുഷ്ക പറയുന്നു.
'ഏൻ ഊച്ചി മണ്ടേലെ' എന്ന ഗാനം ഷൂട്ട് ചെയ്യാൻ അദ്ദേഹം സെറ്റിലേക്ക് വന്നു. ഞാൻ പ്രാക്ടീസ് ചെയ്യുകയായിരുന്നു. അദ്ദേഹം ഇരുന്ന് വെറുതെ സ്റ്റെപ്പുകൾ നോക്കിയതേയുള്ളൂ. നല്ല ഡാൻസറാണെന്ന് എനിക്ക് അറിയാം. പക്ഷെ ഞാനന്ന് ഇൻഡസ്ട്രിയിൽ തുടക്കകാരിയാണ്. ഞങ്ങൾ ഷോട്ടിന് ഒരുമിച്ച് നിന്നു. ആക്ഷൻ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ എനർജിയും ഫോഴ്സും അവിശ്വസനീയമായിരുന്നു.

ഞെട്ടിപ്പോയ ഞാൻ ഡാൻസ് നിർത്തി. എനിക്ക് ഡാൻസ് ചെയ്യാൻ പറ്റിയില്ല. ഒരാൾക്ക് എങ്ങനെ ഇത്രയും എനർജിയിൽ ഡാൻസ് ചെയ്യാൻ പറ്റുമെന്ന് താൻ ആശ്ചര്യപ്പെട്ടെന്നും അനുഷ്ക വ്യക്തമാക്കി. മുമ്പൊരിക്കൽ ഒരു തമിഴ് അഭിമുഖത്തിലാണ് അനുഷ്ക ഇക്കാര്യം പറഞ്ഞത്. വിജയുടെ ഫാൻ പേജുകളിൽ അനുഷ്കയുടെ വാക്കുകൾ ഇപ്പോൾ വൈറലാകുന്നുണ്ട്.
തമിഴകത്ത് വർഷങ്ങളായി അനുഷ്കയെ കാണാറില്ല. ബാഹുബലി എന്ന തെലുങ്ക് ചിത്രത്തിന് ശേഷം നടി ചെയ്യുന്ന സിനിമകളുടെ എണ്ണവും കുറച്ചിട്ടുണ്ട്. തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ ഇന്ന് താരം ആഗ്രഹിക്കുന്നില്ല. ബാഹുബലിക്ക് ശേഷം പാൻ ഇന്ത്യൻ തലത്തിൽ പ്രശ്സതി വന്നിട്ടും എന്തുകൊണ്ടാണ് അനുഷ്ക ഷെട്ടി പിന്നീട് സജീവമാകാതെ പോയതെന്ന ചോദ്യം ആരാധകർക്കുണ്ട്.
സിനിമകൾ തെരഞ്ഞെടുക്കുന്നിതിൽ മുമ്പേത്തേക്കാളും ശ്രദ്ധാലുവാണ് അനുഷ്ക. സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ വന്ന് പോകുന്ന വേഷം ചെയ്യാൻ ഇന്ന് താൽപര്യം കാണിക്കുന്നില്ല. മിസ് ഷെട്ടി മിസ്റ്റർ പോളി ഷെട്ടിയാണ് അനുഷ്കയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. ഏറെനാളുകൾക്ക് ശേഷമാണ് അനുഷ്ക നായികയാകുന്ന ഒരു സിനിമ വരുന്നത്.
സോഷ്യൽ മീഡിയിൽ പോലും താരം സജീവമല്ല. സ്വകാര്യ ജീവിതത്തിന് പ്രാധാന്യം നൽകുന്ന നടി ലൈം ലൈറ്റിൽ നിന്നും പരമാവധി മാറി നിൽക്കുന്നു. അനുഷ്ക പ്രണയത്തിലാണെന്നും വിവാഹത്തിനൊരുങ്ങുന്നെന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗോസിപ്പുകൾ പരന്നിരുന്നു. എന്നാൽ ഇതേക്കുറിച്ചൊന്നും പ്രതികരിക്കാൻ നടി തയ്യാറായില്ല. 40 വയസ്സിലും താരം അവിവാഹിതയായി തുടരുകയാണ്. അനുഷ്കയുടെ പുതിയ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications