അസിസ്റ്റന്റ് ഡയറക്ടർമാരോട് ദേഷ്യം; സാവിത്രിക്ക് പകരക്കാരിയായിരുന്നു, പക്ഷെ...; മീരയെക്കുറിച്ച് സംവിധായകൻ
മറക്കാനാകാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമാ ലോകത്ത് തന്റേതായ ഇടം നേടിയെടുക്കാൻ കഴിഞ്ഞ നടിയാണ് മീര ജാസ്മിൻ. സൂത്രധാരൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വരുമ്പോൾ സിനിമ സ്വപ്നങ്ങൾ മീരയ്ക്കില്ല. ഡോക്ടറാകാനാണ് നടി ആഗ്രഹിച്ചത്. എന്നാൽ പിന്നീട് സംഭവിച്ചത് മറിച്ചാണ്. തെന്നിന്ത്യൻ സിനിമാ ലോകത്തെ താരറാണിയായി മീര ജാസ്മിൻ മാറി. അഭിനയിച്ച ഒട്ടുമിക്ക സിനിമകളിലും മികച്ച കഥാപാത്രങ്ങൾ ലഭിച്ച മീര ഒരു കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു.
രസതന്ത്രം, അച്ചുവിന്റെ അമ്മ, സ്വപ്നക്കൂട്, കസ്തൂരി മാൻ തുടങ്ങിയ സിനിമകളിൽ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച മീരയ്ക്ക് തമിഴിലും തെലുങ്കിലും ഇതേ വിജയം ആവർത്തിക്കാൻ കഴിഞ്ഞു. റൺ, സണ്ടക്കോഴി, ആയുധം എഴുത്ത് തുടങ്ങിയ സിനിമകളിലെ പ്രകടനം മീരയെ തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. തെലുങ്കിലും ഒരു ഘട്ടത്തിൽ മീര സെൻസേഷനായിരുന്നു. എന്നാൽ കരിയറിലെ ഉയർച്ചയ്ക്കൊപ്പം തന്നെ വീഴ്ചകളും മീരയ്ക്കുണ്ടായി.

മലയാള സിനിമാ രംഗത്ത് മീരയെക്കുറിച്ച് പല അഭ്യൂഹങ്ങളും പരന്നു. സെറ്റിൽ വെെകിയെത്തുക, ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുക തുടങ്ങിയ ആരോപണങ്ങളാണ് മീരയ്ക്കെതിരെ വന്നത്. സിനിമാ രംഗത്ത് നിന്നും മീര പൂർണമായും മാറി നിൽക്കുന്ന സാഹചര്യവും ഉണ്ടായി. ഏറെക്കാലത്തിന് ശേഷം കഴിഞ്ഞ വർഷം മകൾ എന്ന സിനിമയിലൂടെയാണ് മീര അഭിനയ രംഗത്തേക്ക് തിരിച്ച് വന്നത്.
മീരയെക്കുറിച്ച് സംവിധായകൻ ലിംഗുസ്വാമി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇദ്ദേഹം സംവിധാനം ചെയ്ത റൺ, സണ്ടക്കോഴി എന്നീ സിനിമകളിൽ മീരയാണ് നായികയായി അഭിനയിച്ചത്. രണ്ട് സിനിമകളും വൻ ഹിറ്റായിരുന്നു. 2005 ൽ പുറത്തിറങ്ങിയ റൺ എന്ന സിനിമയാണ് മീരയ്ക്ക് തമിഴകത്ത് വലിയ ജനപ്രീതി നേടിക്കൊടുത്തത്. മീരയുടെ അഭിനയമികവ് തന്നെ അത്ഭുതപ്പെടുത്തിയിരുന്നെന്നാണ് ലിംഗുസ്വാമി പറഞ്ഞത്.

തന്റെ സിനിമകളിൽ അഭിനയിച്ച നായികനടിമാരിൽ മീര ജാസ്മിനെയാണ് തനിക്കിഷ്ടമെന്ന് ലിംഗുസ്വാമി അന്ന് വ്യക്തമാക്കി. ആഴത്തിൽ ഇറങ്ങിച്ചെന്ന് അഭിനയിച്ച് അവർക്ക് വേദന തോന്നുന്നു എന്ന തരത്തിൽ അഭിനയിക്കും. അത്രയും എനർജി ലെവൽ ഉണ്ട്. ആ എനർജി ലെവൽ കാരണം ഞാനല്ലാതെ അസിസ്റ്റന്റ് ഡയറക്ടമാർ എന്തെങ്കിലും പറഞ്ഞാൽ ദേഷ്യം വരും. എങ്കിലും എന്റെയടുത്തൊന്നും കാണിക്കില്ല.
അടുത്ത സാവിത്രി അവരാണെന്നാണ് ഞാൻ കരുതിയത്. ഞാൻ കരുതിയത് പോലെ ഇന്നും അവർ ഇൻഡസ്ട്രിയിൽ ഉണ്ടാകേണ്ടതാണ്. പക്ഷെ പെട്ടെന്ന് എന്താണ് പറ്റിയതെന്ന് എനിക്കറിയില്ല. കരിയറിൽ നടിക്ക് താഴ്ച സംഭവിച്ചെന്നും അന്ന് ലിംഗുസ്വാമി ചൂണ്ടിക്കാട്ടി.
മീരയുടെ കരിയറിൽ സംഭവിച്ചതെന്താണെന്ന് പലപ്പോഴും സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്. വ്യക്തി ജീവിതത്തിലെ സന്തോഷങ്ങൾക്കായി സിനിമാ ലോകത്ത് നിന്നും മാറി നിന്നതാണെന്നാണ് മീര പറയുന്നത്. എന്നാൽ നടിയെ മാറ്റി നിർത്തിയതാണെന്ന സംസാരവുമുണ്ടായിരുന്നു. ദുബായിലാണ് മീരയിന്ന് താമസിക്കുന്നത്. വിവാദങ്ങളിൽ നിന്നെല്ലാം മാറി നിൽക്കുന്ന നടി സിനിമാ രംഗത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ്.
ക്യൂൻ എലിസബത്താണ് മീരയുടെ റിലീസ് ചെയ്യാനുള്ള മലയാള സിനിമ. നരേനാണ് ചിത്രത്തിലെ നായകൻ. തമിഴിൽ ടെസ്റ്റ് എന്ന സിനിമയും ഒരുങ്ങുന്നുണ്ട്. നയൻതാര, മാധവൻ, സിദ്ധാർത്ഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മീരയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications